കോട്ടയം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ പ്രതിദിനം വര്‍ദ്ധിക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വാക്സിനേഷന് സംബന്ധിച്ച് ആധികാരികമെന്നു തോന്നുംവിധം പ്രചരിക്കുന്ന വാര്‍ത്തകളുടെയും വീഡിയോകളുടെയും നിജസ്ഥിതി അറിയാനാവാതെ വലയുകയാണ് ജനം.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ജില്ലാ ഭരണകൂടം നല്കുന്ന അറിയിപ്പുകളാണ് കോവിഡ് പ്രതിരോധത്തില്‍ സ്വീകരിക്കേണ്ടത്. വാക്സിന് മരണത്തിനു കാരണമാവും, വന്ധ്യതയ്ക്ക് ഇടയാക്കും, കുത്തിവയ്പിനൊപ്പം മനുഷ്യരില്‍ മൈക്രോ ചിപ്പ് ഘടിപ്പിച്ചേക്കും തുടങ്ങിയ പ്രചാരണങ്ങള്‍ വ്യാപകമാണ്. കൂടാതെ കോവിഡ് വന്നു പോയാല്‍ പ്രശ്നമില്ലെന്നും വൈറസ് ബാധിച്ചാല്‍ ചികിത്സ തേടേണ്ടതില്ലെന്നും പ്രചരിപ്പിക്കുന്ന വീഡിയോകളും ഉണ്ട്്.
കോളേജ് വിദ്യാര്‍ത്ഥിനികളുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചു തുടങ്ങിയ സന്ദേശം ആശങ്ക പരത്തുന്നുണ്ട്. ആര്‍ത്തവത്തിന് അഞ്ച് ദിവസം മുമ്പോ ശേഷമോ കോവിഡ് വാക്സിന് എടുക്കരുതെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നുവെന്നാണ് പ്രചരിപ്പിക്കുന്നത്. ആ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. 18 മുതല്‍ 45 വയസ് വരെയുള്ളവരും മേയ് ആദ്യവാരം മുതല്‍ വാക്സിന് എടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രചാരണം വ്യാപകമാകുന്നത്. വാക്സിന് സ്വീകരിക്കാന്‍ പലരും വിമുഖത കാട്ടാന്‍ ഇത്തരം പ്രചാരണങ്ങളും കാരണമാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: