ന്യൂദല്‍ഹി : കോവിഡ് ചികിത്സയ്ക്ക് പ്രയോജന പ്രദമെന്ന് കണ്ടത്തിയ റെംഡിസീവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആശുപത്രികളില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ മരുന്ന് സ്വീകരിക്കാവുവെന്നും നിര്‍ദ്ദേശിച്ചു.
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ക്കായി പുറത്തിറക്കിയ ഈ നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ റെംഡിസീവര്‍ പോലുള്ള മരുന്നുകള്‍ ഉപയോഗിക്കാന്‍ സാധിക്കൂ. ലക്ഷണങ്ങള്‍ ഇല്ലാത്തതോ, നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കോ ഇത വ്യാപകമായി ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും കേന്ദ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.
ഇത് കൂടാതെ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ ട്രിപ്പിള്‍ ലെയര്‍ മെഡിക്കല്‍ മാസ്ക് ഉപയോഗിക്കണം. എട്ട് മണിക്കൂര്‍ ഇടവേളകളില്‍ മാസ്ക് മാറ്റണം. വീടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ പാടില്ല. ശ്വാസതടസമോ, ശക്തമായ ചുമയോ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം. രോഗികള്‍ നിരന്തരം കൈ കഴുകുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. ലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്ക് 10 ദിവസത്തിന് ശേഷം ഹോം ഐസലേഷന്‍ അവസാനിപ്പിക്കാമെന്നും കോവിഡ് പരിശോധന ആവശ്യമില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.
അതേസമയം കോവിഡ് പ്രതിരോധത്തിന് റെംഡിസീവര്‍ ഫലപ്രദമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത് പൂഴ്ത്തിവെയ്ക്കുന്നതായും കരിഞ്ചന്തയില്‍ വിറ്റഴിക്കുന്നതായും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡോക്ടറും സഹായിയും ഉള്‍പ്പെടെ നാലുപേര്‍ വെള്ളിയാഴ്ച ചെന്നൈയില്‍ പിടിയിലായിട്ടുണ്ട്.
4800 രൂപയക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഇവര്‍ മരുന്ന് വാങ്ങി 20,000 രൂപയ്ക്കാണ് ഇവര്‍ വിറ്റഴിച്ചിരുന്നത്. ഇത് കൂടാതെ മരുന്നിന്റെ വ്യാജ പതിപ്പ് പുറത്തിറക്കി വില്‍ക്കുന്നതായും ആരോപണമുണ്ട്. കോവിഡ് ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതോടെ ഇവയുടെ അനധികൃത ഉത്പ്പാദനവും വര്‍ധിക്കുന്നതായും ആരോപണമുണ്ട്. ഇവര്‍ക്കെതിരെ അധികൃതര്‍ നടപടികളും കടുപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: