തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയില്‍. രണ്ടാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്(കെജിഎംഒഎ). രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചു വരികയാണ. ഈ സാഹചര്യത്തില്‍ രണ്ടാഴ്ച ലോക്ഡൗണ്‍ വേണമെന്നും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണമെന്നും കെജിഎംഒ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രണ്ടരലക്ഷം രോഗികളും 25 ശതമാനത്തിന് മുകളില്‍ ടി പി ആറും നിലവിലുള്ള നമ്മുടെ സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലാണ്. ജനിതക വ്യതിയാനം വന്ന വൈറസ് വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് വായുമാര്‍ഗത്തിലൂടെയും പകരും എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു രോഗിയില്‍ നിന്ന് നൂറുകണക്കിന് പേരിലേക്ക് ഇത് പകരാന്‍ ഇടവരുത്തുന്നുണ്ട്. ഈ സാഹ്യചത്തില്‍ എട്ടിന നിര്‍ദ്ദേശങ്ങളാണ് കെജിഎംഒ മുന്നോട്ട് വെക്കുന്നത്.
സംസ്ഥാനത്ത് നാല് പേരെ പരിശോധിച്ചാല്‍ അതില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണ് ഉള്ളത്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ ആശുപത്രികള്‍ നിറയുന്നു. നിലവില്‍ ആരോഗ്യപ്രവര്‍ത്തകരുടെ കുറവുണ്ട്. ഈ സാഹചര്യത്തില്‍ ഇത്രയും അധികം രോഗികളെ ചികിത്സിക്കുക ബുദ്ധിമുട്ടാണ്. അതിനാല്‍ കുറച്ചു ദിവസം സംസ്ഥാനം അടച്ചിടണം. ഇത് രോഗ വ്യാപനത്തിന്റെ തീവ്രത കുറയ്ക്കുമെന്നും കെജിഎംഒഎ അറിയിച്ചു.
കോവിഡിനെ ഇപ്പോള്‍ ആളുകള്‍ നിസ്സാരമായാണ് കാണുന്നത്. സംസ്ഥാനത്ത് ഇരട്ട ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇവ വായുവിലൂടെയും പടരാവുന്നതാണ്. ഇതും മുന്‍നിര്‍ത്തി ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഐഎംഎയും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അവലോകന യോഗത്തില്‍ ലോക്ഡൗണ്‍ എന്ന ആവശ്യം സംഘടനയില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: