കൊച്ചി: പിക്കപ്പ് വാനില്‍ മാമ്പഴമെന്ന വ്യാജേന കടത്താന്‍ ശ്രമിച്ച 150 കിലോ കഞ്ചാവ് കളമശേരിയില്‍ പിടികൂടി. കണ്ടെയ്നര്‍ റോഡില്‍ എക്സൈസിന്റെ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയിലാണു വന്‍ തോതില്‍ കഞ്ചാവ് പിടികൂടിയത്.
വാഹനത്തിലുണ്ടായിരുന്ന പാലക്കാട് കല്‍മണ്ഡപം സ്വദേശിയായ നന്ദകുമാര്‍(27), വാളയാര്‍ സ്വദേശിയായ കുഞ്ഞുമോന് (36) എന്നിവരെ അറസ്റ്റ് ചെയ്തു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യശാലകള്‍ അടഞ്ഞതോടെ മയക്കുമരുന്ന് മാഫിയകള്‍ പിടിമുറുക്കുന്നു എന്നുള്ള രഹസ്യ വിവരങ്ങളെ തുടര്‍ന്നു മലപ്പുറം,പാലക്കാട്,എറണാകുളം ജില്ലകളിലായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ നിരീക്ഷണത്തിലാണു പ്രതികള്‍ വലയിലായത്.
ഹൈദ്രബാദില്‍ നിന്നും മാങ്ങ കൊണ്ടുവരുന്നതിന്റെ മറവിലാണു കഞ്ചാവ് കടത്തിക്കൊണ്ടു വന്നത്. മാങ്ങ നിറച്ച പെട്ടികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു കഞ്ചാവ്. പ്രതികള്‍ വധശ്രമം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളവരാണ്. കുഞ്ഞുമോന് കഞ്ചിക്കോട് നിന്നും എക്സൈസ് പിടികൂടിയ കഞ്ചാവ് കേസില്‍ അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങി കഞ്ചാവ് കടത്തില്‍ വീണ്ടും സജീവമായി വരുകയായിരുന്നു.
ആന്ധ്രയില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് കുഞ്ഞുമോന്. എറണാകുളം മുളവുകാട് സ്വദേശിയായ ബോട്ട് ആന്റണി എന്നറിയപ്പെടുന്ന ആന്റണിക്ക് വേണ്ടിയാണു കഞ്ചാവ് കടത്തികൊണ്ടു വന്നതെന്ന് പ്രതികള്‍ വെളിപ്പെടുത്തി. സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ചുമതലയുള്ള എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി.അനികുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാര്‍,എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ റ്റി.ആര്.മുകേഷ് കുമാര്‍,കെ.വി.വിനോദ്, എസ്.മധുസൂദനന് നായര്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.സുബിന്, എം .വിശാഖ് , ഷംനാദ്.എസ് , ആര്.രാജേഷ്, മുഹമ്മദ് അലി എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: