യഥാര്‍ത്ഥത്തില്‍ ഓക്സിജന്‍ ക്ഷാമമാണോ അതോ വിതരണ പ്രതിസന്ധിയാണോ ഇന്ത്യ നേരിട്ടത്? കഴിഞ്ഞ രണ്ടാഴ്ചയായി ട്വിറ്റര്‍ ടൈംലൈനുകളിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഓക്സിജനുവേണ്ടിയുള്ള എസ്ഒഎസ് സന്ദേശങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. രോഗികളുടെയും അവരുടെ നിസ്സഹായരായ കുടുംബങ്ങളുടെയും ഫോട്ടോകള്‍ രാജ്യമെമ്പാടും നിറഞ്ഞു. ദില്ലിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണ ആശുപത്രിക്ക് പുറത്ത് ഓക്സിജന്‍ സിലിണ്ടറുമായി ഇരിക്കുന്ന രോഗിയുടെ ഫോട്ടോ വൈറലായി.
കിടക്കകളോ ഓക്സിജനോ ഇല്ലാത്തതിനാലാണ് ആശുപത്രി ആ രോഗിയെ പ്രവേശിപ്പിക്കാതിരുന്നത് എന്ന് ദ അല്‍ ജസീറയുടെ മാധ്യമപ്രവര്ത്തകന് എഴുതി. ചിത്രങ്ങള്‍ യഥാര്‍ത്ഥമാണ് എന്നതില്‍ തര്‍ക്കമില്ല.
യഥാര്‍ത്ഥത്തില്‍ ഓക്സിജന്‍ വിതരണം കുറവാണോ?
പകര്‍ച്ചവ്യാധി ബാധിക്കുന്നതിനുമുമ്പ്, ഇന്ത്യയുടെ ഓക്സിജന്‍ ഉല്പാദന ശേഷി പ്രതിദിനം 7,127 മെട്രിക് ടണ്‍ ആയിരുന്നു. ആരോഗ്യ മന്ത്രാലയം ഏപ്രില്‍ 15 ന് ഒരു പ്രതക്കുറിപ്പില്‍ പറഞ്ഞു, ‘2021 ഏപ്രില്‍ 22 ന് രാജ്യത്തെ മെഡിക്കല്‍ ഓക്സിജന്‍ ഉപഭോഗം 3822 മെട്രിക് ടണ്‍ ആയിരുന്നു, അതായത് ദൈനംദിന ഉല്പാദന ശേഷിയുടെ 54 ശതമാനം.” എന്ന് മന്ത്രാലയം അവകാശപ്പെട്ടു. വ്യാവസായിക ഓക്സിജന്‍ സ്റ്റോക്കുകള്‍ 50,000 മെട്രിക് ടണ്ണില്‍ കൂടുതലാണ്. മെഡിക്കല്‍ ഓക്സിജന്റെ പരമാവധി ഉപഭോഗം മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട്, ദില്ലി, ഛത്തീസ്ഗഡ്, പഞ്ചാബ്, രാജസ്ഥാന് എന്നിവിടങ്ങളിലാണ്.
ഡിമാന്‍ഡില്‍ അസാധാരണമായ വര്‍ധനവുണ്ടായതായും മെഡിക്കല്‍ ഓക്സിജന്‍ ഉത്പാദനമില്ലാത്ത സംസ്ഥാനങ്ങളുടെ ഡിമാന്‍ഡില്‍ കുത്തനെ വര്‍ധനവുണ്ടായതായും ആരോഗ്യ മന്ത്രാലയം പറഞ്ഞെങ്കിലും, വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ ആവശ്യമായ വിതരണമുണ്ടായിരുന്നു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേസുകളുടെ എണ്ണം അപ്രതീക്ഷിതമായി ഉയര്‍ന്നത് കൊണ്ട് രാജ്യമെങ്ങും അപ്രതീക്ഷിതമായ ഡിമാന്‍ഡാണ് അനുഭവപ്പെട്ടത്. ഏപ്രില്‍ 12 ന് 3842 മെട്രിക് ടണ്‍ ഓക്സിജന്റെ ആവശ്യകതയെക്കുറിച്ച് ആരോഗ്യ മന്ത്രാലയം കണക്കാക്കിയപ്പോള്‍ ഇന്ത്യയില്‍151735 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനുശേഷം ഓക്സിജന്‍ വിഷയം തര്‍ക്കവിഷയമായി മാറി. ഏപ്രില്‍ 25 ന് രാവിലെ ഒരു പത്രത്തില്‍ ദില്ലി സര്‍ക്കാര്‍ ഓക്സിജനുവേണ്ടി മറ്റൊരു പരസ്യം നല്കി. ‘ദില്ലിയില്‍ ഓക്സിജന്‍ തീര്‍ന്നു. നിങ്ങള്‍ക്കോ നിങ്ങളുടെ സംഘടനക്കോ ഓക്സിജന്‍ ഉണ്ടെങ്കില്‍, ടാങ്കറുകളില്‍ ഓക്സിജന്‍ ഉണ്ടെങ്കില്‍, ഞങ്ങളെ അറിയിക്കുക. മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഓക്സിജന്‍ ലിഫ്റ്റ് ചെയ്യുവാന്‍ ഇത് ഞങ്ങളെ സഹായിക്കും. ഇതൊരു എസ് ഒഎസ് അപ്പീലാണ്. ദില്ലി നിങ്ങളോട് എപ്പോഴും നന്ദിയുള്ളവരായിരിക്കും’. ദില്ലിയില്‍ പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്സിജന്‍ ആവശ്യമുണ്ടെങ്കിലും 38 മെട്രിക് ടണ്ണില്‍ നിന്ന് 480 മെട്രിക് ടണ്‍ കേന്ദ്രം അനുവദിച്ചതായി ആം ആദ്മി പാര്‍ട്ടി എംഎല്‍എ രാഘവ് ചദ്ദ ചൂണ്ടിക്കാട്ടി. അതില്‍ 300 മെട്രിക് ടണ്‍ മാത്രമാണ് ഡല്‍ഹിക്ക് ലഭിച്ചത്.
എന്തുകൊണ്ടാണ് ആശുപത്രികളില്‍ ഓക്സിജന്‍ തീരുന്നത്?
ശനിയാഴ്ച രണ്ട് പ്രധാന ആശുപത്രികളായ ഗുരുഗ്രാമിന്റെ മാക്സ് ഹോസ്പിറ്റലും ദില്ലിയിലെ മൂല്‍ചന്ദ് ഹോസ്പിറ്റലും ഓക്സിജന്‍ ക്ഷാമം സംബന്ധിച്ച് ട്വിറ്ററിലൂടെ ഒരു എസ് ഒഎസ് അയച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആശുപത്രികള്‍ ഓക്സിജന്‍ തീര്‍ന്നുവെന്ന് പരാതിപ്പെടുന്നത്. 25 ന് രാവിലെ ദില്ലിയിലെ മറ്റൊരു ആശുപത്രി ‘ഞങ്ങളുടെ ദൈനംദിന ഓക്സിജന്‍ വിതരണം കൃത്യസമയത്ത് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഞങ്ങള്‍ രാവിലെ മുതല്‍ ഇനോോക്സ് എയര്‍ പ്രൊഡക്ട്സു മായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നു. ഇതുവരെ പ്രതികരണം ലഭിചിട്ടില്ല.’ എന്നായിരുന്നു വെളിപ്പെടുത്തിയത്.
മെഡിക്കല്‍ ഓക്സിജന്‍ കൃത്യസമയത്ത് ആശുപത്രി കിടക്കകളില്‍ എത്തുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഇത് ഉത്പാദനം, വിതരണം, പലരും ചൂണ്ടിക്കാണിക്കുന്നതുപോലെ ‘മോശം ആസൂത്രണം” എന്നിവയുടെ സംയോജിത പ്രശ്നമാണെന്ന് തന്നെ പറയേണ്ടി വരും.
ലിന്‍ഡെ ഇന്ത്യ, ഗോയല്‍ എം ജി ഗ്യാസസ്, നാഷണല്‍ ഓക്സിജന്‍ ലിമിറ്റഡ്, തായോ നിപ്പോണ്‍ സാന്‍സോ കോര്പ്പറേഷന് എന്നിവയാണ് മെഡിക്കല്‍ ഓക്സിജന്റെ ആവശ്യകതയുടെ 50 ശതമാനവും ഉത്പാദിപ്പിക്കുന്ന ഐനോക്സ് എയര്‍ പ്രൊഡക്ട് കൂടാതെ ഇന്ത്യയിലെ വന്‍ ഓക്സിജന്‍ നിര്‍മ്മാതാക്കള്‍. ഐനോക്സ് എയര്‍ പ്രൊഡക്ട്സ് ഡയറക്ടര്‍ സിദ്ധാര്‍ത്ഥ് ജെയിന് ‘മണികണ്‍ട്രോളിന് ‘ നല്കിയ അഭിമുഖത്തില്‍ പറഞ്ഞത് ‘നിലവിലെ ആവശ്യം നിറവേറ്റാന്‍ ആവശ്യമായ ഓക്സിജന്‍ ഉത്പാദനം ഇന്ത്യയിലുണ്ടെന്നും എന്നാല്‍ ചില സംസ്ഥാനങ്ങള്‍ വിതരണ പ്രശ്നങ്ങള്‍ കാരണം ക്ഷാമം നേരിടുന്നുണ്ട്’ എന്നുമാണ്.. ഡിമാന്‍ഡ് ഏറെയുള്ള ദില്ലി പോലെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വളരെ അകലെയുള്ള സ്ഥലങ്ങളില്‍ ഓക്സിജന്റെ ലഭ്യത ഉണ്ടെന്നുള്ളത് വിതരണം പ്രയാസമുള്ളതാക്കുന്നു. അതേ സമയം തന്നെ എത്തിക്കാന്‍ ഞങ്ങള്‍ ഒരു മാര്‍ഗം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍, പല സംസ്ഥാനങ്ങളിലും ആശുപത്രികളിലും രോഗികളുടെ എണ്ണം അഭൂതപൂര്‍വമായി വര്‍ദ്ധിച്ചതോടെ, ഓക്സിജന്‍ ആവശ്യം വളരെ ഉയര്‍ന്നതോടെ ദ്രാവക ഓക്സിജന്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് ലോജിസ്റ്റിക്കല്‍ പ്രശ്നമാണ് ഏറ്റവും വെല്ലുവിളിയും പ്രതിസന്ധിയും ആയിരിക്കുന്നത്.
റോഡ് ഗതാഗത അനുയോജ്യമായ 1172 ഓക്സിജന്‍ ക്രയോജനിക്ക് ടാങ്കറുകളാണ് ഭാരതത്തില്‍ ഉള്ളത്. വേണ്ടത്ര ഓക്സിജന്‍ ഉത്പാദനം ഉണ്ടായിരുന്നിട്ടും ഈ അഭൂതപൂര്‍വ്വമായ സാഹചര്യത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്കും ആശുപത്രികള്‍ക്കും റോഡ് മാര്‍ഗ്ഗം ദ്രാവക ഓക്സിജന്‍ എത്തിക്കുവാന്‍ ഇത്രയും ക്രയോജനിക് ടാങ്കുകള്‍ യഥാര്‍ത്ഥത്തില്‍ അപര്യാപ്തമാണ് എന്നതാണ് വസ്തുത. ഡല്‍ഹി ഹൈക്കോടതി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ വായിച്ച് കോടതിക്ക് ബോധ്യമായത്, 1000 കിലോ മീറ്ററുകള്‍ക്ക് ( 625 മൈല്‍) ഏഴ് സംസ്ഥാനങ്ങള്‍ക്കും അപ്പുറത്ത് നിന്നുമാണ് ഡല്‍ഹിയിലേക്ക് ഓക്സിജന്‍ ഇപ്പോള്‍ വരുന്നത്. അപകടകരമായ ഓക്സിജന്‍ ടാങ്കറുകളില്‍ ഇത്തരത്തില്‍ എത്തിക്കുന്നത് എളുപ്പമല്ല.
ഗ്യാസ് വ്യവസായ വൃത്തങ്ങള്‍ റോയിട്ടേഴ്സിന് നല്കിയ വിവരങ്ങള്‍ അനുസരിച്ച് എല്ലാ ലിക്വിഡ് ഓക്സിജനും പരിമിതമായ എണ്ണം പ്രത്യേക ടാങ്കറുകളില്‍, മുന്‍കൂട്ടി ആസൂത്രണം ചെയ്ത് വേണം വിതരണം ചെയ്യാന്‍. 378 ടണ്‍ അനുവദിച്ചതില്‍ ബുധനാഴ്ച ദില്ലിയില്‍ 277 ടണ്‍ ഓക്സിജന്‍ മാത്രമേ എത്തിക്കുവാന്‍ സാധിച്ചുള്ളൂ എന്ന പരാതിക്ക് നിര്‍മ്മാതാക്കളും അധികാരികളും നല്കുന്ന വിശദീകരണത്തില്‍ യുക്തിയുണ്ട്.
പ്രാദേശികമായുള്ള ഓക്സിജന്‍ ആവശ്യം ഉയര്‍ന്നതിനാല്‍ ലോക്കല്‍ അധികൃതര്‍ അന്യ സംസ്ഥാനങ്ങളിലേക്കുള്ള ടാങ്കറുകള്‍ പോവുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതും വിതരണം വൈകുവാന്‍ കാരണമായി. 2-3 ആഴ്ച സമയമുള്ള ഓര്‍ഡറുകളാണ് സുഗമമായി വിതരണം ചെയ്യാനാവുക എന്നത് സാധാരണ ഗതിക്ക് തന്നെ മനസ്സിലാക്കാവുന്ന സംഗതിയാണ്. അടിയന്തിര സാഹചര്യം ഇതിനെ ഓക്സിജന്‍ ലഭ്യമില്ലായ്മയായി വിവക്ഷിച്ചു.
എങ്ങനെയാണ് ഇപ്പോള്‍ കൂടുതല്‍ ഓക്സിജന്‍ കൊണ്ടുവരുന്നത്?
പ്രധാനമന്ത്രി വെള്ളിയാഴ്ച രാജ്യത്തെ പ്രധാന ഓക്സിജന്‍ നിര്‍മ്മാതാക്കളുമായി ബന്ധപ്പെട്ട് മുഴുവന്‍ ഉത്പാദന ക്ഷമതയിലും ഉത്പാദനം നടക്കുമെന്ന് ഉറപ്പ് വരുത്തി. വ്യവസായങ്ങള്‍ക്കുള്ള വിതരണം ഏപ്രില്‍ 18 ന് കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇരുമ്പ്, സ്റ്റീല്‍ പ്ലാന്റുകളില്‍ ഉല്പാദിപ്പിക്കുന്ന ഓക്സിജന്‍ മെഡിക്കല്‍ ഉപയോഗത്തിനായി തിരിച്ചുവിട്ടു. ആര്‍ഗോണ്‍, നൈട്രജന്‍ ടാങ്കറുകള്‍ ഓക്സിജന്വിതരണത്തിനുള്ള ടാങ്കറുകളായി മാറ്റാനുള്ള ഉത്തരവുകളും പുറപ്പെടുവിച്ചു. വ്യാവസായിക ഓക്സിജന്‍ നിര്‍മ്മാതാക്കളെ മെഡിക്കല്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ പ്രോത്സാഹിപ്പിച്ചു. ദൂരസ്ഥലങ്ങളിലേക്ക് ഓക്സിജന്‍ ക്രയോജനിക് ടാങ്കറുകള്‍ വേഗം എത്തിക്കുവാന്‍ റെയില്‍വേ മന്ത്രാലയം ‘ഓക്സിജന്‍ എക്സ്പ്രസ്’ ചരക്ക് തീവണ്ടി സര്‍വീസ് ആരംഭിച്ചത് വിതരണത്തിന്റെ വേഗത കൂട്ടുവാന്‍ വളരെ ഉപകാരമായി. കഴിഞ്ഞ ആഴ്ച ആദ്യത്തെ ഓക്സിജന്‍ എക്സ്പ്രസ് ഫഌഗ് ഓഫ് ചെയ്തു.. വിശാഖ് സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് ഓക്സിജന്‍ എടുത്ത് മുംബൈയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി മുംബൈയില്‍ നിന്ന് വിശാഖിലേക്ക് പോയി. ഇന്ത്യ ടാങ്കറുകള്‍ ഇറക്കുമതി ചെയ്യുന്നതിലുള്ള നടപടി ആരംഭിച്ചു. പുതിയവ നിര്‍മ്മിക്കുവാനും, ശൂന്യമായ ടാങ്കറുകള്‍ നിര്‍മ്മാണ പ്ലാന്റുകളിലേക്ക് എത്തിക്കുവാന്‍ വണ്‍വേ യാത്ര വേഗത്തിലാക്കാന്‍ വ്യോമസേന വിമാനങ്ങള്‍ ഉപയോഗിക്കുവാനും തുടങ്ങി. റീഫില്ലിംഗ് പ്ലാന്റുകളില്‍ നിന്ന് ഒന്നിലധികം ടാങ്കറുകള്‍ ഒന്നിച്ച് ഏറ്റവും ആവശ്യമുള്ള സ്ഥലത്തേക്ക് മാറ്റാന്‍ ഇന്ത്യന്‍ റെയില്‍വേയെ ചുമതലപ്പെടുത്തി. മഹാരാഷ്ട്രയില്‍ നാല് താപവൈദ്യുത നിലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഈ പ്ലാന്റുകള്‍ക്ക് സമീപം 500 കിടക്കകളുള്ള ആശുപത്രികള്‍ സ്ഥാപിക്കാനും എല്ലാ കിടക്കകള്‍ക്കും നേരിട്ട് ഓക്സിജന്‍ ലൈന്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. 22 മൊബൈല്‍ ഓക്സിജന്‍ ഉത്പാദന പ്ലാന്റുകള്‍ ജര്‍മ്മനിയില്‍ നിന്ന് വിമാന മാര്‍ഗ്ഗം കൊണ്ടുവന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് രോഗികളെ പരിപാലിക്കുന്ന ആംഡ് ഫോഴ്സ്മെഡിക്കല് സയന്‍സസ് (എഎഫ്എംഎസ്) ആശുപത്രികളില്‍ ഇവ വിന്യസിക്കും. ഓക്സിജന്‍ ഉല്പാദിപ്പിക്കുന്ന ഈ പ്ലാന്റുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ എത്തിചേരുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയം അറിയിച്ചു. ഓരോ പ്ലാന്റും മിനുട്ടില്‍ 40 ലിറ്റര്‍, മണിക്കൂറില്‍ 2400 ലിറ്റര്‍ ഉത്പാദന ക്ഷമതയുള്ളവയാണ്.
ഇതിന് പുറമെ രാജ്യത്തെ മറ്റ് വ്യവസായ മേഖലകളും ആശുപത്രികള്‍ക്ക് ഓക്സിജന്‍ വാഗ്ദാനം ചെയ്യുന്നു. ദ്രാവക ഓക്സിജന്‍ എത്തിക്കുന്നതിന് 24 പ്രത്യേക കണ്ടെയ്നറുകള്‍ ഇറക്കുമതി ചെയ്യുകയാണെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചു. അതേസമയം, 400 ഓളം ഓക്സിജന്‍ കോണ്സല്ട്രേറ്ററുകള് ഞായറാഴ്ച രാവിലെ ന്യൂയോര്‍ക്കില്‍ നിന്ന് ഇന്ത്യയിലേക്ക് അയച്ചു. ”പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ തന്നെ നമ്മുടെ ആശുപത്രികള്‍ ബുദ്ധിമുട്ടിലായതിനാല്‍ ഇന്ത്യ അമേരിക്കയ്ക്ക് സഹായം അയച്ചതുപോലെ, ആവശ്യമുള്ള സമയത്ത് ഇന്ത്യയെ സഹായിക്കാന്‍ ഞങ്ങള്‍ ദൃഢനിശ്ചയത്തിലാണെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡെന്‍ ട്വീറ്റ് ചെയ്തു.ഓക്സിജന്‍ വിതരണത്തിനായി കേന്ദ്രസര്‍ക്കാര്‍ എല്ലാ വിഭവശേഷിയും നേരിട്ട് കൈകാര്യം ചെയ്യുമ്പോള്‍, ഉല്പാദനവും വിതരണവും അതിവേഗം വര്‍ദ്ധിക്കുകയാണ്. പ്രാണവായുവിന് വേണ്ടിയുള്ള ഇന്ത്യയുടെ ആവശ്യത്തിന്ആശ്വാസമേകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: