ന്യൂദല്‍ഹി: ഇന്ത്യയുടെ തദ്ദേശീയ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസിന്റെ ആയുധ ശേഷിയില്‍, 5-ാം തലമുറ പൈത്തണ്‍ -5 എയര്‍ ടു എയര്‍ മിസൈല്‍ ഉള്‍പ്പെടുത്തി. മറ്റൊരു വിമാനത്തെ നശിപ്പിക്കുന്നതിനായി ഒരു വിമാനത്തില്‍ നിന്ന് വിക്ഷേപിക്കുന്ന മിസൈലാണിത്.
തേജസില്‍ ഉള്‍പ്പെടുത്തിയ ഡെര്‍ബി ബിയോണ്ട് വിഷ്വല്‍ റേഞ്ച് (ബിവിആര്‍) എയര്‍ ടു എയര്‍ മിസൈലിന്റെ ശേഷി പരീക്ഷിക്കാനും ലക്ഷ്യമിട്ടിരുന്നു. ഗോവയില്‍, വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ നിരവധി പരീക്ഷണങ്ങള്‍ മിസൈലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി.
ഡെര്‍ബി മിസൈല്‍ ഉയര്‍ന്ന വേഗത കൈവരിച്ച് വ്യോമാക്രമണ ലക്ഷ്യത്തില്‍ വിജയകരമായി ആക്രമണം പൂര്‍ത്തിയാക്കിയപ്പോള്‍ പൈത്തണ്‍ മിസൈല്‍ 100% കൃത്യത കൈവരിച്ചുകൊണ്ട് ശേഷി പ്രകടിപ്പിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച എല്ലാ ലക്ഷ്യങ്ങളും ഈ പരീക്ഷണങ്ങളിലൂടെ നേടാനുമായി. പരീക്ഷണത്തില്‍ പങ്കെടുത്ത ഡിആര്‍ഡിഒ, എഡിഎ, ഇന്ത്യന്‍ വ്യോമസേന, എച്ച്എഎല്‍ അംഗങ്ങളെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: