വാഷിംഗ്ടൺ: പരീക്ഷണങ്ങൾ വിജയിച്ചാൽ കൊവിഡിനു പരിഹാരമായി ഫൈസർ വികസിപ്പിച്ചെടുക്കുന്ന ഗുളിക ഈ വർഷം അവസാനം തയ്യാറാകുമെന്ന് റിപ്പോർട്ട്. മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ ആക്രമിക്കുന്ന SARS-CoV-2 വൈറസിന്റെ പ്രവർത്തനത്തെ നേരിടാൻ കഴിവുള്ള PF-07321332 എന്ന ആൻറിവൈറൽ മരുന്ന് ഫൈസർ രൂപകൽപ്പന ചെയ്തിരിക്കുന്നതായാണ് ടെലിഗ്രാഫിന്റെ റിപ്പോർട്ടിൽ പറയുന്നത്.
രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ കാര്യമായി പരിചരിക്കുകയോ ചെയ്യാതെ തന്നെ, രോഗബാധയുടെ ആദ്യ ലക്ഷണത്തിൽ നിർദ്ദേശിക്കാവുന്ന ഒരു ഓറൽ തെറാപ്പിയായാണ് PF-07321332 രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനിയുടെ ഗവേഷണ- വികസന-മെഡിക്കൽ വിഭാഗത്തിന് നേതൃത്വം നൽകുന്ന മൈക്കൽ ഡോൾസ്റ്റന്റെ പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്.
യുഎസിലും ബ്രസ്സൽസിലും 18 നും 60 നും ഇടയിൽ പ്രായമുള്ള വോളന്റീയർമാരിൽ ക്ലിനിക്കൽ ട്രയൽ നടക്കുന്നുണ്ടെന്നും പത്രം റിപ്പോർട്ട് ചെയ്തു. ആദ്യ ഘട്ടത്തിൽ മരുന്നിന് കാര്യമായ പാർശ്വഫലങ്ങൾ ഉണ്ടോ എന്നും അത് കഴിച്ചതിനുശേഷം ആളുകൾക്ക് എന്താണ് തോന്നുന്നതെന്നും വിലയിരുത്തും. രണ്ടാം ഘട്ടത്തിൽ ഒന്നിലധികം ഡോസുകളോട് ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് പഠിക്കും. മൂന്നാം ഘട്ടത്തിൽ, പ്രത്യേക ഭക്ഷണത്തോടൊപ്പം ഗുളിക കഴിക്കുന്നവരിൽ എന്തൊക്കെ പ്രതികരണങ്ങൾ ഉണ്ടാകുമെന്ന് പരിശോധിക്കും.
കോവിഡ് ബാധിച്ച ആളുകളിൽ ഗുളിക എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിർണ്ണയിക്കാൻ കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണെന്നും പത്രം റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: