പാമ്പാടി: പാമ്പാടിയില്‍ വൈദ്യുതി മുടക്കം പതിവാകുന്നു. ഇതിന് കാലാവസ്ഥയൊന്നും ഒരു ഘടകമല്ല. സുഗമമായ വൈദ്യുതി വിതരണത്തിന് വേണ്ടി സ്ഥാപിതമായിട്ടുള്ള സബ് സ്റ്റേഷന്റെ ഗുണഫലവും ഉപഭോക്താക്കള്‍ക്ക് കാര്യമായി ലഭിക്കാറില്ല. തിങ്കളാഴ്ച രാത്രി 11 മണിയോടെ മുടങ്ങിയ വൈദ്യുതി എത്തിയത് ചൊവ്വാഴ്ച രാവിലെ പത്തര മണിയോടെ. അതും ഭാഗികമായി മാത്രം. 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതി വേണ്ട പാമ്പാടി താലൂക്ക് ആശുപത്രിയില്‍ വൈദ്യുതി എത്തിയത് ഉച്ചയ്ക്ക് ശേഷവും. ഇടയ്ക്കിടെലുള്ള വൈദ്യുതിപോക്ക് ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാറുള്ളതായി ജീവനക്കാര്‍ പറഞ്ഞു.
11 മണിക്കൂറോളം തുടര്‍ച്ചയായി വൈദ്യുതി നിലച്ചതിന് കാരണം പാമ്പാടിയിലെ 110 കെ.വി സബ്ബ് സ്റ്റേഷനിലെ കാലാഹരണപ്പെട്ട ഉപകരണങ്ങളാണെന്ന ആക്ഷേപമാണ് ഉയരുന്നത്. പാമ്പാടി താലൂക്ക് ആശുപത്രി, ടൗണ്‍ എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങാതിരിക്കുന്നതിനായി കേബിള്‍ ലൈന്‍ വലിച്ചെങ്കിലും ഫലപ്രദമായിട്ടില്ല. വൈദ്യുതിയുടെ ഓവര്‍ലോഡ് താങ്ങാനുള്ള സബ് സ്റ്റേഷന്റെ ശേഷിക്കുറവാണ് മിക്കദിവസവും വൈദ്യുതി തടസ്സത്തിന് വഴിയൊരുക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്നലെ തന്നെ സബ് സ്റ്റേഷന് പരിധിയിലെ പത്തോളം ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് തകരാര്‍ സംഭവിച്ചതായിട്ടാണ് പറയുന്നത്.
ഇലക്കൊടിഞ്ഞിയില്‍ സ്ഥാപിച്ചിട്ടുള്ള സബ്ബ് സ്റ്റേഷനിലെ ഉപകരണങ്ങള്‍ കാലാനുസൃതമായി മാറ്റി ആധുനിക സംവിധാനങ്ങള്‍ ക്രമീകരിക്കപ്പെടാത്തതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും, ഇതിന് അടിയന്തിര പരിഹാരം ഉണ്ടാക്കുന്നതിന് അധികൃതര്‍ നടപടികള്‍ കൈക്കൊള്ളണമെന്നും വിവിധ റെസിഡന്‍സ് അസോസിയേഷനുകള്‍ ആവശ്യപ്പെട്ടു.
ഇടതുപക്ഷ സര്‍ക്കാര്‍ വൈദ്യുതി മേഖലയില്‍ പൂര്‍ണ്ണത കൈവരിച്ചു എന്ന് പറയുമ്പോഴും അതിന് പരിഹാസമായി മാറുകയാണ് പാമ്പാടിയിലെ വൈദ്യുത വിതരണം. സെക്ഷന്‍ ഓഫീസില്‍ വിളിച്ചാല്‍ പലപ്പോഴും ലൈന്‍ കിട്ടാറില്ല എന്ന ആക്ഷേപവും പരക്കെ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: