വടക്കാഞ്ചേരി: നഗരസഭയിലെ വിവിധ മേഖലകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു. കുടിവെള്ള ആവശ്യങ്ങള്‍ക്കായി വാഴാനി ഡാമിന്റെ ഇടതുകര കനാലിലൂടെ വെള്ളം തുറന്നു വിട്ടു. വടക്കാഞ്ചേരി നഗരസഭയിലും സമീപ ഗ്രാമപഞ്ചായത്തുകളിലും രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നതെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. കടുത്ത കുടിവെള്ള ദൗര്‍ലഭ്യമുള്ള പ്രദേശങ്ങളിലെല്ലാം ഇതോടെ കുടിവെള്ളമെത്തും.
ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 49.28 മീറ്ററും സംഭരണം 3.71 മില്ലി മീറ്ററുമാണ്. കരുതല്‍ ശേഖരം കഴിഞ്ഞ് ശേഷിക്കുന്ന 1.54 മില്ലി മീറ്റര്‍ ജലമാണ് സമീപ പ്രദേശങ്ങളിലെ ജലസ്രോതസുകള്‍ റീചാര്‍ജ് ചെയ്യുന്നതിനായി ഇപ്പോള്‍ തുറന്ന് വിട്ടിട്ടുള്ളത്. ഡാമിലെ അധിക ജലം തുറന്ന് വിടാവുന്നതാണെന്ന് നേരത്തേ ഇറിഗേഷന്‍ ഡിവിഷന് എക്സി.എഞ്ചിനീയര്‍ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഡാം തുറക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കളക്ടര്‍ എസ്.ഷാനവാസ് ഉത്തരവിട്ടത്.
തിങ്കളാഴ്ച മുതല്‍ 6 ദിവസത്തേക്കാണ് ഡാമിന്റെ ഇടതുകര കനാലിലൂടെ വെള്ളം തുറന്നു വിടുക. ഡാം തുറന്നതിനാല്‍ കനാലില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ കനാലില്‍ ഇറങ്ങുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടത്തി. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തപക്ഷം ദുരന്ത നിവാരണ ആക്ട് പ്രകാരമുള്ള ശിക്ഷാ നടപടികളെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: