കൊച്ചി: മുന്‍മന്ത്രി കെ.ടി. ജലീലിന്റെ അടുത്ത അനുയായിക്ക് അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നല്കാന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ‘യുദ്ധകാലടിസ്ഥാനത്തില്‍’ ഇന്ന് സിന്‍ഡിക്കേറ്റ് യോഗം. പബ്ലിക്കേഷന്റെ ചുമതല വഹിക്കുന്ന ഈ വ്യക്തിയെ വെള്ളിയാഴ്ച വിരമിക്കുന്നതിന് മുമ്പ് തന്നെ അധ്യാപക തസ്തികയില്‍ നിയമിക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെയാണ് ഇടതുപക്ഷക്കാരായ പല സിന്‍ഡിക്കേറ്റംഗങ്ങളുടെ എതിര്‍പ്പ് മറികടന്ന് വൈസ്ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് സിന്‍ഡിക്കേറ്റ് യോഗം വിളിച്ചിരിക്കുന്നത്.
അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായി അവതരിപ്പിച്ച് പാസ്സാക്കുവാനാണ് നീക്കം. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ യോഗം മാറ്റിവെക്കണമെന്ന് പല സിന്‍ഡിക്കേറ്റ് അംഗങ്ങളും വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിസിയുടെ പിടിവാശിയിലാണ് യോഗം ചേരുന്നത്. സിന്‍ഡിക്കേറ്റ് തീരുമാനമെടുത്താല്‍ വെള്ളിയാഴ്ചയ്ക്കു മുമ്പ് നിയമനം നടത്തുവാനാകും. ഇതിനാണ് വിരമിക്കുന്നതിന് രണ്ട് ദിവസം മുമ്പ് സിന്‍ഡിക്കേറ്റ് യോഗം ചേരുന്നത്.
ലൈബ്രറി സയന്‍സ് കോഴ്സ് പ്രൊഫഷണല്‍ കോഴ്സ് ആയതിനാല്‍ മാനുസ്ക്രിപ്റ്റോളജി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്ന പേരില്‍ അക്കാദമിക് എന്ന രീതിയില്‍ ലൈബ്രറി സയന്‍സ് കോഴ്സ് ആരംഭിച്ച് അധ്യാപക നിയമനം നടത്തുവാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ വെള്ളിയാഴ്ച വിരമിക്കുന്ന ഇയാള്‍ക്ക് നാലു വര്‍ഷംകൂടി യുജിസി സ്കൈയില്‍ ശമ്പളത്തില്‍ സര്‍വകലാശാലയില്‍ തുടരുവാനും സാധിക്കും. നേരത്തെ ഈ വിഷയം സിന്‍ഡിക്കേറ്റ് സ്റ്റാഫ് കമ്മിറ്റിയില്‍ അജണ്ടയായി വരികയും തള്ളിക്കളഞ്ഞതുമാണ്. സ്റ്റാറ്റിയൂട്ടിലും ആക്ടിലുമില്ലാത്ത കോഴ്സ് തുടങ്ങിയാല്‍ ഇപ്പോള്‍ത്തന്നെ നഷ്ടമായ നാക് അക്രഡിറ്റേഷന് ഇനി വീണ്ടും ലഭിക്കാനുള്ള സാധ്യത തന്നെ ഇല്ലാതാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ ഒരു സിന്‍ഡിക്കേറ്റില്‍ ഈ വിഷയം കൊണ്ടുവരാനുള്ള ശ്രമം അംഗങ്ങളുടെ എതിര്‍പ്പുമൂലം പരാജയപ്പെട്ടിരുന്നതാണ്.
അധ്യാപക നിയമനം നേടാന്‍ കേരളത്തിനു പുറത്തുനിന്നുള്ള ഒരു സര്‍വകലാശാലയില്‍ നിന്നും പിഎച്ച്ഡി നേടുകയും ചെയ്തിട്ടുണ്ട്. യുജിസിയുടെ നിബന്ധനകളും രീതികളും കാറ്റില്‍ പറത്തിയാണ് വിസിയുടെ നീക്കം. കുറച്ചുനാള്‍ മുമ്പ് നടത്തിയ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം വിവാദമായിരുന്നു. മുന്‍ എംപി എം.ബി. രാജേഷിന്റെ ഭാര്യ നിനിത ഉള്‍പ്പടെയുള്ള സിപിഎമ്മുകാരെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ നിയമിക്കുകയായിരുന്നു. ഇപ്പോഴാകട്ടെ മുതിര്‍ന്ന സിന്‍ഡിക്കേറ്റംഗങ്ങളുടെ എതിര്‍പ്പ് മറികടന്ന്, അവര്‍ കൊവിഡ് മൂലം വരില്ലെന്നുകൂടി ഉറപ്പാക്കിയാണ് വൈസ് ചാന്‍സലറുടെ നടപടി. പങ്കെടുക്കില്ലെന്ന് പി.സി. മുരളീമാധവനെപ്പോലുള്ള സിന്‍ഡിക്കേറ്റംഗങ്ങള്‍ പരസ്യമായി ത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: