കൊച്ചി: കൊറോണ പ്രതിരോധ പ്രവര്‍ത്തിനായി കേരളത്തിലെ എല്ലാ ആര്‍എസ്എസ് പ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങണമെന്ന് പ്രാന്തകാര്യവാഹ് പി. എന്‍. ഈശ്വരന്. കേരളത്തില്‍ കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ ക്വാറന്റൈയിനില്‍ കഴിയേണ്ടവരുടെ എണ്ണവും ലക്ഷങ്ങള്‍ കവിയുകയാണ്. മുഴുവന്‍ രോഗികളേയും ഉള്‍ക്കൊള്ളാന്‍ ആശുപത്രികള്‍ക്ക് കഴിയുന്നില്ല. തിരക്കും സൗകര്യക്കുറവും കാരണം ആശുപത്രികളില്‍ പോകാന്‍ രോഗികള്‍ മടിക്കുകയാണ്. ഇത് രോഗവ്യാപനം വര്‍ദ്ധിക്കാന്‍ ഇടവരുത്തുകയും കൃത്യസമയത്ത് വേണ്ട ചികിത്സ കിട്ടാതെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ കൂടുതല്‍ കൊറോണ കെയര്‍ സെന്ററുകളും ക്വാറന്റൈന് സെന്ററുകളും ആരംഭിക്കേണ്ടിയിരിക്കുന്നു.
അതുകൊണ്ട് നമ്മുടെ വിവിധക്ഷേത്ര സംഘടനകളും ട്രസ്റ്റുകളും സ്ഥാപനങ്ങളും സേവാഭാരതിയുമായി സഹകരിച്ച് കൊറോണ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും ക്വാറന്റൈന് സെന്ററുകളും തുടങ്ങാന്‍ മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇവയ്ക്ക് ആരോഗ്യവകുപ്പിന്റെ അനുവാദവും സഹകരണവും ലഭ്യമാക്കണം. സൗകര്യമുള്ള സ്കൂളുകള്‍ കണ്ടെത്തി അവിടെ അത്യാവശ്യമായ സജ്ജീകരണങ്ങള്‍ ചെയ്ത് ഏതെങ്കിലും ഒരു ആശുപത്രിയുടെ സാങ്കേതികസഹായവും സഹകരണവും നേടി വേണം ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിക്കുവാന്‍.
കോവിഡ് കെയര്‍ സെന്ററുകളില്‍ ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സേവനം അത്യാവശ്യമാണ്. കഴിയാവുന്നത്ര സൗകര്യങ്ങള്‍ ചികിത്സാകേന്ദ്രത്തില്തന്നെ സജ്ജീകരിക്കണം. കൂടുതല്‍ ചികിത്സ ആവശ്യപ്പെടുന്ന രോഗികളെ വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രികളില്‍ പ്രവേശിപ്പിക്കുവാനുള്ള സൗകര്യം ഉണ്ടാവണം. ആംബുലന്‍സ്, ഓക്സിജന്‍, മിനിമം ലാബ് സൗകര്യങ്ങള്‍ തുടങ്ങിയ ഉണ്ടായിരിക്കണം.
വേണ്ടത്ര ജാഗ്രത പുലര്‍ത്തിയാല്‍ കൊറോണയെ ഭയപ്പെടേണ്ടതില്ല. എത്രയോ മാസങ്ങളായി കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ സ്വീകരിക്കുന്ന പ്രോട്ടോക്കോള്‍ പാലിച്ചാല്‍ സാധാരണ പ്രവര്‍ത്തകര്‍ക്കും കൊറോണ കെയര്‍ സെന്ററുകളില്‍ സേവനം ചെയ്യാനാവും. ഇതൊരു അത്യാവശ്യസമയമാണ്. സന്നദ്ധ സംഘടനകളും ട്രസ്റ്റുകളും സ്കൂള്‍ അധികൃതരും ആരാധനാലയങ്ങളും കൊറോണ കെയര്‍ സെന്ററുകള്‍ ആരംഭിക്കാനായി മുന്നോട്ടുവരണം.
കൊറോണ കെയര്‍ സെന്ററുകള്‍ക്ക് പുറത്തും ധാരാളം സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഓരോ പഞ്ചായത്തിലും കൊറോണ ഹെല്പ് ഡെസ്ക്കുകള്‍ ആരംഭിക്കണം. ഏത് സേവനവും ചെയ്യാന്‍ തയ്യാറുള്ള 25 സന്നദ്ധപ്രവര്‍ത്തകരെ സജ്ജമാക്കണം. അവര്‍ വീടുകളില്‍ കഴിയുന്ന കൊറോണ രോഗികളേയും ക്വാറന്റൈനില്‍ കഴിയുന്നവരേയും ഫോണ്‍ വഴി ബന്ധപ്പെട്ട് അവരുടെ ആവശ്യങ്ങള്‍ അറിയുകയും വേണ്ടതായ സേവനങ്ങള്‍ എത്തിക്കുകയും വേണം. ഓരോ പഞ്ചായത്തിലും ഒരു ആംബുലന്‍സോ മെഡിക്കല്‍ വാഹനമോ സജ്ജമാക്കണം. ആശുപത്രികളിലെത്തിക്കേണ്ടവരെ എത്തിക്കാന്‍ സഹായിക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ലഭ്യമാക്കണം.
18 വയസുകഴിഞ്ഞ മുഴുവന്‍ പേര്‍ക്കും മേയ് ഒന്നു മുതല്‍ വാക്സിനേഷന് ആരംഭിക്കുകയാണ്. എല്ലാവരും തിരക്ക് കൂട്ടാതെ സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ പാലിച്ച് വാക്സിനേഷന് സൗകര്യം ഒരുക്കാന്‍ സഹായിക്കണം. വാക്സിനേഷന് എടുത്താല്‍പിന്നെ 60 ദിവസത്തേയ്ക്ക് രക്തദാനം ചെയ്യാന്‍ പാടില്ല. രക്തം ഏറ്റവും ആവശ്യ മുളള ഈ സമയത്ത് ധാരാളം ചെറുപ്പക്കാര്‍ വാക്സിനേഷന് എടുക്കുന്നതിന് മുമ്പ് രക്തദാനം ചെയ്യണം. ഇതിനായി ആവശ്യമെങ്കില്‍ കോവിഡ് പരിശോധന നടത്തി രക്തദാനക്യാമ്പുകള്‍ സംഘടിപ്പിക്കണം.
ഇതൊരു അസാധാരണ പരിതഃസ്ഥിതിയാണ്. ഉത്തരവാദിത്വമുള്ള എല്ലാ പൊതുപ്രവര്‍ത്തകരും സന്ദര്‍ഭത്തിന് അനുസരിച്ച് ഉയര്‍ന്ന് സേവനസന്നദ്ധരായി മുന്നിട്ടിറങ്ങണം. ത്യാഗവും സേവനവുമാണ് ഭാരതത്തിന്റെ സന്ദേശം എന്ന് നമ്മെ ഓര്‍മ്മപ്പെടുത്തിയ സ്വാമി വിവേകാനന്ദന്റെ വാക്കുകളെ നമുക്ക് സാര്‍ത്ഥകമാക്കാം. കൊറോണ മഹാമാരിയെ നമുക്ക് ഒന്നിച്ചുനിന്ന് നേരിടാമെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: