തൃശൂര്‍: കൊടകരയില്‍ പണം കവര്‍ച്ച ചെയ്ത സംഭവവുമായി ബിജെപിയെ ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നതിന് പിന്നില്‍ സിപിഎം ഗൂഢാലോചനയാണെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്കുമാര്‍ കുറ്റപ്പെടുത്തി.
ബിജെപിയുടെ ഒരു രൂപയും നഷ്ടപ്പെട്ടിട്ടില്ല. പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നത് ഉത്തരവാദിത്വപ്പെട്ട ഭാരവാഹികളാണ്. തെരെഞ്ഞെടുപ്പ് ഫണ്ട് പാര്‍ട്ടി നല്‍കുന്നത് അക്കൗണ്ട് വഴിയാണ്. ബാക്കി ചെലവിനാവശ്യമായ പണം കണ്ടെത്തുന്നത് പൊതുജനങ്ങളില്‍ നിന്ന് പിരിവെടുത്താണ്. ഈ കണക്കുകളെല്ലാം സുതാര്യമായി കൈകാര്യം ചെയ്യുകയും കൃത്യമായി തെരെഞ്ഞെടുപ്പ് കമ്മീഷന് കണക്ക് നല്‍കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ബിജെപി.
ഈ വസ്തുതകള്‍ക്ക് വിരുദ്ധമായി ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ കണക്കില്ലാത്ത പണം ഒഴുക്കി ധൂര്‍ത്ത് കാണിച്ചത് സിപിഎമ്മും കോണ്‍ഗ്രസ്സും ആണ്. ഇതിനെക്കുറിച്ചാണ് പോലീസും തെരെഞ്ഞെടുപ്പ് കമ്മീഷനും അന്വേഷിക്കേണ്ടത്. ഇല്ലാത്ത കഥകള്‍ ആരോപിച്ച് ബിജെപിയേയും പാര്‍ട്ടി നേതാക്കളേയും അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്ന സി.പി.എം നേതാക്കള്‍ക്കെതിരെയും അതേറ്റ് പിടിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും ചില മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെയും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അനീഷ്കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: