തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം എന്ന പേരില്‍ അറിയപ്പെടുന്ന സാളഗ്രാമം റസ്റ്റ്ഹൗസിലെ വാഹനങ്ങള്‍ കത്തി നശിച്ച സംഭവത്തില്‍ അന്വേഷണം നിലച്ചു. ആദ്യം അന്വേഷണം നടത്തിയത് ലോക്കല്‍ പോലീസ്, പിന്നീട് ഉന്നതതല പോലീസ് സംഘം, തുടര്‍ന്ന് ക്രൈംബ്രാഞ്ച്. ആഭ്യന്തരവകുപ്പ് നേരിട്ട് ഇടപെട്ട കേസായിരുന്നിട്ടും തീകത്തിയതുമായി ബന്ധപ്പെട്ട് രണ്ടര വര്‍ഷം പിന്നിട്ടിട്ടും ഒരു തുമ്പും കിട്ടിയില്ലെന്ന് പോലീസ് സംഘം. ഒടുവില്‍ കേസ് ഇനി അന്വേഷിക്കേണ്ടെന്ന് സന്ദീപാനന്ദഗിരിയും. ഒരു തുമ്പും കിട്ടാതെ പോലീസ് ഇരുട്ടില്‍ തപ്പുമ്പോള്‍ കള്ളന് കപ്പലില്‍ തന്നെയാണോയെന്ന് പ്രദേശവാസികളും ചോദിക്കുന്നു.
2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് ആശ്രമത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ കത്തി നശിക്കുന്നത്. സംഭവം നടന്ന് ഫയര്‍ഫോഴ്സ് തീ അണച്ച് തീരുംമുമ്പ് അവിടെ ആദ്യം എത്തുന്ന വിഐപി സംസ്ഥാനത്ത് ആഭ്യന്തരം കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ഏതെങ്കിലും വിധത്തില്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കുകയോ പ്രകൃതിക്ഷോഭത്തില്‍ തകരുകയോ ചെയ്താല്‍ പോലും ഒരു കുലുക്കവുമില്ലാതിരുന്ന മുഖ്യമന്ത്രിയാണ് സൂര്യന് ഉദിക്കും മുമ്പ് സന്ദീപാനന്ദയുടെ സാളഗ്രാമത്തില്‍ ഓടിയെത്തിയത്.
സന്ദീപാനന്ദയുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുന്‍കൂട്ടി തയാറാക്കിയ പ്രഖ്യാപനവും പിണറായി നടത്തി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഉറച്ച് നിലപാട് എടുത്ത ആളാണ് സന്ദീപാനന്ദഗിരി. അതിനാല്‍ സംഘപരിവാര്‍ ശക്തികള്‍ അദ്ദേഹത്തെ വേട്ടയാടുന്നു. ഇതിന്റെ ഭാഗമാണോ ഈ ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി മുഖ്യമന്ത്രി. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് പ്രദേശത്തെ ഡിവൈഎഫ്ഐക്കാര്‍ സംഘപരിവാറിനെതിരെ പ്രതിഷേധ പ്രകടനങ്ങളും തുടങ്ങി. ഇതോടെ മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും പട സാളഗ്രാമത്തില്‍. നിവൃത്തിയില്ലാതെ കെപിസിസിയും രംഗത്ത് വന്നു.
പേരൂര്‍ക്കട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക ഉന്നതതല സംഘം അന്വേഷണത്തിന് രംഗത്തിറങ്ങി. വാഹനങ്ങള്‍ കത്തിച്ചത് പെട്രോള്‍ ഉപയോഗിച്ചാണെന്ന് കണ്ടെത്തി. സമീപത്തെ സകല പമ്പുകളിലും കന്നാസിലോ കുപ്പികളിലോ പെട്രോള്‍ വാങ്ങിച്ചവരെക്കുറിച്ച് അന്വേഷണം. ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ്.
തീ കത്തുന്നതിനും രണ്ടു ദിവസം മുമ്പ് സാളഗ്രാമത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടിരുന്നു. ആധ്യാത്മിക ആചാര്യനെന്ന് സ്വയം നടിക്കുന്ന സന്ദീപാനന്ദ പുറത്ത് പോയി തിരികെ സാളഗ്രാമത്തില്‍ എത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന് ബഹുമാനിച്ചില്ല എന്ന കുറ്റമാണ് പറഞ്ഞുവിടാനുള്ള കാരണം.
അന്വേഷണത്തിന്റെ ഭാഗമായി സെക്യൂരിറ്റി ജീവനക്കാരനെയും മകനെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യല്‍. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയപ്പോള്‍ പോലീസ് ഇവരെ പറഞ്ഞു വിട്ടു. ഇതിനിടയില്‍ പോലീസ് രേഖാചിത്രവും പുറത്ത് വിട്ടു. എന്നിട്ടും കത്തിച്ചവനെ കിട്ടിയില്ല. ഇതിനിടയില്‍ തീപിടിത്തവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ കണ്ടെത്തണമെന്ന ആവശ്യം വിവിധ കേണുകളില്‍ നിന്നും ഉയര്‍ന്നു.
ഇതോടെ പിടിച്ചു നില്ക്കാന്, അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് സാന്ദീപാനന്ദയുടെ പ്രസ്താവന. കള്ളി വെളിച്ചത്താവുമെന്നായപ്പോള്‍ നിവൃത്തിയില്ലാതെ പിണറായിയില്‍ അഭയം പ്രാപിച്ച സന്ദീപാനന്ദയ്ക്ക് ആശ്വാസമായി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. അന്നത്തെ എഡിജിപി ടോമിന് ജെ. തച്ചങ്കരി ആയിരുന്നു ക്രൈംബ്രാഞ്ച് മേധാവി. പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നായിരുന്നു മേധാവിയുടെ പ്രസ്താവന. ഒന്നും നടന്നില്ല. സന്ദീപാനന്ദയെ ചോദ്യം ചെയ്യേണ്ടിവന്നേക്കാം. അതിനാല്‍ തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഫയല്‍ ക്ലോസ് ചെയ്യുന്നു എന്നായിരുന്നു അന്വേഷണവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
തീ കത്തുന്നത് തന്നെ അറിയിച്ചത് സാളഗ്രാമത്തിലെ അന്തേവാസിയായ വനിത ആണെന്നായിരുന്നു സന്ദീപാനന്ദയുടെ വിശദീകരണം. തീ കത്തുന്നതിനും തൊട്ടു മുമ്പ് വരെ താന്‍ തീകത്തിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന കെട്ടിടത്തിനു മുകളിലത്തെ മുറിയില്‍ വായനയില്‍ മുഴുകി ഇരിക്കുകയായിരുന്നു. കെട്ടിടത്തിനു പിറകിലെ സ്വിമ്മിംഗ് പൂളിനു സമീപത്തെ മുറിയില്‍ പോയി ഏതാനും നിമിഷങ്ങള്‍ക്ക് ഉള്ളിലായിരുന്നു സംഭവം. അന്തേവാസി വന്ന് വിളിച്ചത് അനുസരിച്ചാണ് താന്‍ ഫയര്‍ഫോഴ്സിനെ അറിയിച്ചതെന്നും സന്ദീപാനന്ദ. ഇത്രയും വലിയ തീ പടര്‍ന്നിട്ടും സന്ദീപാനന്ദ അറിയുന്നത് പ്രധാന കെട്ടിടത്തിനും അകലെ താമസിക്കുന്ന അന്തേവാസി വന്ന് പറഞ്ഞതിനു ശേഷം.
സാളഗ്രാമത്തിലേക്കുള്ള പ്രധാന വഴി സമീപത്തെ ദേവീക്ഷേത്രത്തിനു സമീപത്തുകൂടി. ഇവിടെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൊന്നും സംഭവം നടക്കുമ്പോള്‍ അതുവഴി ആരും പോയതായി കാണുന്നില്ല. സമീപത്തെ വീടുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലും ആരെയും കാണാനില്ല.
തീ കത്തിയത് ഒരു പഴയ ഓമ്നി വാനും മറ്റൊരു കാറും സമീപത്തു വച്ചിരുന്ന രണ്ട് ബൈക്കുകളും. ഓമ്നി വാനിന്റെ മറുഭാഗത്ത് സമീപത്തായി പാര്‍ക്കു ചെയ്തിരുന്ന സ്കൂള്‍ വാഹനങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ല. പുറമെ നിന്ന് ഒരാള്‍ വന്ന് കത്തിക്കുകയാണെങ്കില്‍ പരിഭ്രാന്തിയോടെ പെട്രോള്‍ ഒഴിക്കുകയും സമീപത്ത് പടരുകയും ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. പെട്രോള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം എവിടെ വരെ എത്തി. സമീപത്ത് നിന്നും കന്നാസോ കുപ്പികളോ ലഭിച്ചില്ല. സാളഗ്രാമത്തിന്റെ ഒരുഭാഗം കരമനയാറാണ്. ഈ പ്രദേശം കേന്ദ്രീകരിച്ചും അന്വേഷണം നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: