തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന് അംഗീകാരം നഷ്ടപ്പെട്ടു. അംഗീകാരം പുനഃസ്ഥാപിക്കാനുള്ള നടപടികളും ഫലം കണ്ടില്ല. ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് വേണ്ടി കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോധപൂര്‍വം അംഗീകാരം നഷ്ടപ്പെടുത്തിയതാണെന്ന ആരോപണവും ശക്തം.
ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പഠനമാണ് ഇതോടെ അവതാളത്തിലാകുന്നത്. പഠനം പൂര്‍ത്തിയാക്കുമ്പോള്‍ അംഗീകാരമില്ലെന്ന പ്രശ്നം വിദ്യാര്‍ത്ഥികളെ ഗുരുതരമായി ബാധിക്കും. കഴിഞ്ഞ ഏപ്രില്‍ 24നാണ് പ്രൈവറ്റ് രജിസ്ട്രേഷനുള്ള അപേക്ഷ സമയം അവസാനിച്ചത്. ബിരുദ-ബിരുദാനന്തര വിഭാഗത്തില്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥി പ്രവേശനം നടക്കുന്നത് പ്രൈവറ്റ് രജിസ്ട്രേഷന് അടിസ്ഥാനത്തിലാണ്. പ്രൈവറ്റ് പഠനത്തിന് യുജിസി അംഗീകാരമുണ്ടാകില്ല. കാലിക്കറ്റില്‍ നിന്ന് ബിരുദ-ബിരുദാനന്തര ഡിഗ്രി നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ ജോലിയിലും പഠനത്തിലും പ്രയാസങ്ങള്‍ നേരിടാം.
യുജിസി വിവിധ വിഷയങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി അധികൃതരോട് വിശദാംശങ്ങള്‍ ചോദിച്ചുകൊണ്ട് അയച്ച മെയിലുകള്‍ക്ക് കൃത്യമായും സമയബന്ധിതമായും മറുപടി നല്‍കാത്തതിനാലാണ് അംഗീകാരം റദ്ദാക്കിയെതെന്നാണ് ആക്ഷേപം. കാലിക്കറ്റ് മുന്‍ രജിസ്ട്രാര്‍ ഡോ. സി.എല്‍. ജോഷിയുടെ സമയത്താണ് അപാകത സംഭവിച്ചത്. രജിസ്ട്രാര്‍ക്ക് യുജിസി ഓഫീസില്‍ നിന്ന് അയച്ച മെയിലുകള്‍ കൃത്യമായി പരിശോധിക്കാതിരുന്നതും തുടര്‍നടപടികള്‍ക്കായി വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് അയച്ചു കൊടുക്കാതിരുന്നതും യുജിസി നിഷ്കര്‍ഷിക്കുന്ന നിശ്ചിത സമയങ്ങളില്‍ അവര്‍ ആവശ്യപ്പെട്ട രേഖകള്‍ നല്‍കാതിരുന്നതും കൃത്യമായി പ്രതികരിക്കാതിരുന്നതുമാണ് അംഗീകാരം നഷ്ടപ്പെടാന്‍ കാരണം.
സ്ഥിരം ഡയറക്ടറില്ലെന്നതും എസ്ഡിഇ അംഗീകാരം റദ്ദാക്കാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എസ്ഡിഇ വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടറായിരുന്ന ഡോ. മുബാറക്ക് പാഷ ദീര്‍ഘകാല ശൂന്യവേതന അവധിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് 14 കൊല്ലത്തോളം ഗള്‍ഫില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം വിരമിക്കാത്തത് കാരണം പുതിയ ഡയറക്ടറെ സ്ഥിര നിയമനം നടത്താന്‍ സാധിച്ചിരുന്നില്ല. പകരം സംവിധാനമായി യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകര്‍ക്കോ എസ്ഡിഇയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ താല്‍ക്കാലിക ചുമതല നല്കുകയാണുണ്ടായത്. ഒരു വര്‍ഷം മുമ്പാണ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മുബാറക് പാഷ വിരമിച്ചത്. 14 കൊല്ലം നാഥനില്ലാ കളരിയാക്കി വിദൂര വിദ്യാഭ്യാസ കേന്ദ്രത്തെ മാറ്റുന്നതില്‍ ഇപ്പോള്‍ ഓപ്പണ്‍ സര്‍വകലാശാലയുടെ വിസിയായ ഡോ. മുബാറക് പാഷയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
അതേസമയം, യുജിസി അംഗീകാരം പുനഃസ്ഥാപിക്കുന്നതിന് മാര്‍ച്ച് രണ്ടാം വാരത്തില്‍ അധികൃതരുമായി വിദൂര വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടര്‍ ചുമതലയുള്ള ഡോ. സുബ്രമണ്യന്‍ ഓണ്‍ലൈന്‍ ഹിയറിങ്ങില്‍ പങ്കെടുത്തെങ്കിലും അംഗീകാരം തിരികെ ലഭിക്കുന്നതിന് നടപടിയൊന്നുമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: