ശ്ലോകം 324
യഥാപകൃഷ്ടം ശൈവാലം
ക്ഷണമാത്രം ന തിഷ്ഠതി
ആവൃണോതി തഥാ മായാ
പ്രാജ്ഞം വാപി പരാങ്മുഖം
തള്ളി നീക്കിയ പായല്‍ ക്ഷണനേരം പോലും വിട്ടു നില്‍ക്കാതെ വീണ്ടും വന്ന് വെള്ളത്തെ മൂടുന്നതു പോലെ വിദ്വാനാണെങ്കിലും ബഹിര്‍മുഖനായവനെ മായ വന്ന് മൂടും.
വിദ്വാനെന്ന് ഇവിടെ വിശേഷിപ്പിച്ചിട്ടുള്ളത് ശാസ്ത്ര പരിജ്ഞാനം നേടിയവരേയും പഞ്ചകോശ നിഷേധംചെയ്തിട്ടുള്ളവരെയുമൊക്കെയാണ്. അവര്‍ ബഹിര്മുഖരാണെങ്കില് മായയുടെ പിടിയില്‍ പെടും.
കുളത്തിലോ കുണ്ടുകളിലോ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ പാടപോലെ ഒരു തരം പച്ച പായല്‍ വളരും. അത് വെള്ളത്തില്‍ പൊങ്ങിക്കിടന്ന് ജലാശയത്തിന്റെ മുകള്ഭാഗം മുഴവന്‍ മൂടും.
അകലെ നിന്ന് നോക്കുമ്പോള്‍ അത് പച്ച പുല്‍ത്തകിടിയോ മേച്ചില്‍പ്പുറമോ ആയി തോന്നും. വെള്ളമുള്ള സ്ഥലമാണെന്ന് തോന്നുകയേ ഇല്ല. മനുഷ്യരും മൃഗങ്ങളുമൊക്കെ അറിയാതെ ഇതില്‍ വന്നു വീഴും. പായല്‍ കാരണം അതില്‍ ഒന്നും പ്രതിഫലിച്ച് കാണുകയുമില്ല. സൂര്യനോ ചന്ദ്രനോ നക്ഷത്രങ്ങളോ നീലാകാശമോ ഒന്നും ആ വെള്ളത്തില്‍ കാണാനാകില്ല.
എന്നാല്‍ അതില്‍ കൈയ്യോ കാലോ കമ്പോ ഇട്ട് ഇളക്കിയാല്‍ പായല്‍ നീങ്ങിപ്പോകും. വെള്ളം കാണാനാകും, പ്രതിഫലനവുമുണ്ടാകും. എന്നാല്‍ കൈ എടുക്കേണ്ട താമസം ഉടന്‍ തന്നെ പായല്‍ പഴയ പോലെ മൂടിക്കിടക്കും.
അതുപോലെ നമ്മുടെ മനസ്സില്‍ മായവന്ന് മൂടുന്നതിനാല്‍ പരമാത്മ ദര്‍ശനം തടയപ്പെടുന്നു. നമ്മുടെ ശ്രദ്ധ പുറമെയുള്ള വിഷയങ്ങളിലാവുമ്പോള് മായാ കാര്യങ്ങളായ വാസനകളും ചിന്തകളും അന്തഃകരണത്തെ മറയ്ക്കും. അപ്പോള്‍ ആത്മദര്‍ശനം സാധിക്കില്ല. ശാസ്ത്ര പണ്ഡിതനാണെങ്കിലും ബഹിര്‍മുഖനായാല്‍ ആത്മസാക്ഷാത്കാരം നേടാനാവില്ല. വിദ്വാനാണെങ്കിലും മതിയായ ശ്രദ്ധയും ഏകാഗ്രതയുമില്ലെങ്കില് മായ അയാളുടെ ആത്മസ്വരൂപത്തെ മറയ്ക്കും.
നമ്മുടെ ഉള്ളില്‍ കെടാവിളക്കു പോലെ സദാ പ്രകാശിക്കുന്ന പരമാത്മസ്വരൂപത്തെ എന്നും എപ്പോഴും സ്മരിക്കണം. അപ്പോള്‍ പുറം ലോകത്തിനെ തള്ളിക്കളയാനാകും. അല്ലെങ്കില്‍ ഒരു ഉപകാരവുമില്ലാതെ പായല്‍ മൂടി കിടക്കും. അത് അപകടമാണ്. പല അനര്‍ത്ഥങ്ങളും ഉണ്ടാകും,
പ്രതികരിക്കാൻ ഇവിടെ എഴുതുക: