ചെന്നൈ: മുംബൈ ഇന്ത്യന്‍സിന്റെ ശക്തമായ ബാറ്റിങ് നിരയില്‍ എന്തോ കുറവുണ്ടെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ സമ്മതിച്ചു. ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്ന ശര്‍മ്മ.
ഒമ്പത് വിക്കറ്റിനാണ് പഞ്ചാബ് കിങ്സ് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചത്. ശക്തമായ ബാറ്റിങ് നിര പരാജയപ്പെട്ടതാണ് തോല്‍വിക്ക് കാരണം. 132 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് കിങസ് 17.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ജയം പിടിച്ചു. 52 പന്തില്‍ മൂന്ന് ഫോറും മൂന്ന്് സിക്സറും അടക്കം 60 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ കെ.എല്‍. രാഹുലാണ് പഞ്ചാബിന്റെ വിജയശില്‍പ്പി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ആറു വിക്കറ്റിന് 131 റണ്‍സാണെടുത്തത്.
ബാറ്റിങ് നിരയില്‍ എന്തോ നഷ്ടമായിട്ടുണ്ട്. പ്രതീക്ഷിച്ചതുപോലെ ബാറ്റിങ് ചെയ്ത് വിജയിക്കാനാവശ്യമായ റണ്‍സ് നേടാന്‍ ടീമിന് കഴിഞ്ഞില്ല. പ്രതീക്ഷിച്ചതിലും മുപ്പത് റണ്‍സ് കുറഞ്ഞു. ചെപ്പോക്കിലെ പിച്ചില്‍ ബാറ്റിങ് വിഷമകരമായിരുന്നില്ല. രണ്ടാമത് ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് ഭംഗിയായി ബാറ്റ് ചെയ്ത് ഒമ്പത് വിക്കറ്റിന്റെ വിജയവും സ്വന്തമാക്കി. പിച്ചിനെ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നതില്‍ മുംബൈ ബാറ്റസ്മാന്മാര് പരാജയപ്പെട്ടെന്ന് ശര്‍്മ്മ പറഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഈ സീസണിലെ മൂന്നാം തോല്‍വിയാണിത്. അഞ്ചു മത്സരങ്ങളില്‍ അവര്‍ക്ക് നാലു പോയിന്റാണുള്ളത്.
അതേസമയം തുടര്‍ച്ചയായി മൂന്ന്് മത്സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങിയശേഷം പഞ്ചാബ് കിങ്സിന്റെ ആദ്യ വിജയമാണിത്. ടീം സാവകാശം വിജയത്തിലേക്ക് തിരിച്ചുവരികയാണെന്ന് പഞ്ചാബ് കിങ്സ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ പറഞ്ഞു. പരിചയ സമ്പന്നനായ വിന്‍ഡീസ് ബാറ്റ്സ്മാന് ക്രിസ് ഗെയ്ലും പഞ്ചാബ് കിങ്സിനായി മികച്ച പ്രകടനം കാഴ്ചവച്ചു. ഗെയ്ല് 35 പന്തില്‍ അഞ്ചു ഫോറും രണ്ട് സിക്സറും സഹിതം 43 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: