മക്കളേ,
ഇന്നത്തെ ലോകത്തിന്റെ സ്ഥിതി വളരെ വേദനാജനകമാണ്. ഒരു വശത്ത് ലോകമെമ്പാടും തീവ്രവാദവും വിഭാഗീയചിന്തയും വളരുന്നു. മറുവശത്ത് മനുഷ്യന്റെ സ്വാര്‍ത്ഥതയും ആര്‍ത്തിയും മൂലം പ്രകൃതിദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു. എന്നാല്‍ നിരാശ ജനിപ്പിക്കുന്ന ഈ സാഹചര്യത്തിലും, പ്രത്യാശയുടെ ചില കിരണങ്ങള്‍ അവിടവിടെ നമുക്കു കാണാം. പട്ടിണി കിടക്കുന്നവരെയും വേദന അനുഭവിക്കുന്നവരെയും തങ്ങളാല്‍ കഴിയുംവിധം സഹായിക്കാന്‍ പ്രയത്നിക്കുന്ന ചിലരുണ്ട്. അവരാണ് വാസ്തവത്തില്‍ നമുക്കു മുന്നിലുള്ള മാതൃകകള്‍. കാരുണ്യം നിറഞ്ഞ ആ ഹൃദയങ്ങള്‍ ശോഭനമായ ഒരു ഭാവിയുടെ പ്രതീക്ഷ നമ്മളിലുണര്‍ത്തുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു് സ്വിറ്റ്സര്‍ലന്റില്‍ നടന്ന ഒരു സംഭവം ഓര്‍മ്മയില്‍ വരുന്നു. ദര്‍ശനസമയത്ത് ഒരു പതിമൂന്നുകാരന് അമ്മയുടെ അടുത്തെത്തി. പേര് സാമുവല്‍. അവന്റെ കയ്യില്‍ ചെറിയൊരു കവര്‍. അത് അമ്മയ്ക്കുനേരെ നീട്ടിക്കൊണ്ടു പറഞ്ഞു, ”ഇത് അമ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ്.” ‘എന്താണിതിനുള്ളില്‍’ അവനെ അടുക്കിപ്പിടിച്ചുകൊണ്ടു് അമ്മ ചോദിച്ചു. ‘300 യൂറോ’. ‘മോനിത് എവിടെനിന്നു കിട്ടി?” ‘ഞാനൊരു ഫഌട്ടു മത്സരത്തില്‍ പങ്കെടുത്തു. ഒന്നാം സമ്മാനം കിട്ടി. അതാണീ തുക. എന്നെപ്പോലുള്ള ഒരുപാട് കുട്ടികളെ അമ്മ സംരക്ഷിക്കുന്നുണ്ടല്ലോ. അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഇതുപകരിക്കും.”
ആ കുട്ടിയുടെ നിഷ്കളങ്കമായ വാക്കും മനസ്സും അമ്മയുടെ കണ്ണു നിറയിച്ചു. അമ്മ പറഞ്ഞു, ”മോനേ, നിന്നെപ്പോലെയുള്ളവരാണ് അമ്മയുടെ യഥാര്‍ത്ഥ സ്വത്ത്. അമ്മയ്ക്കു നിന്റെ ഈ നന്മനിറഞ്ഞ മനസ്സു മാത്രം മതി.”
കഥ അവിടെ അവസാനിച്ചില്ല. സാമുവലിന്റെ ഇളയ സഹോദരി, ആറുവയസ്സുകാരി ക്ലാരയ്ക്ക് , ചേട്ടനെപ്പോലെ അമ്മയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നായി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അമ്മ ജര്‍മ്മനിയിലെ മ്യൂണിക്ക് നഗരത്തില്‍ പരിപാടിയ്ക്കായെത്തി. സാമുവലും ക്ലാരയും അവരുടെ അമ്മയും അവിടെ എത്തിയിരുന്നു. അവര്‍ ദര്‍ശനത്തിനായി അരികിലെത്തിയപ്പോള്‍, ‘അമ്മയ്ക്ക് ക്ലാരമോള്‍’ എന്ന് സ്വന്തം കൈപ്പടയില്‍ എഴുതി, കളര്‍ പെന്‍സില്‍ കൊണ്ടു ചിത്രങ്ങള്‍ വരച്ച ഒരു കവര്‍ അവള് അമ്മയ്ക്കു നല്കി. സ്വന്തം അമ്മയുടെ പുറകില്‍ നാണിച്ചുമറഞ്ഞുനിന്ന അവളെ അമ്മ വാത്സല്യപൂര്‍വ്വം വലിച്ചടുപ്പിച്ച് അണച്ചുപിടിച്ചു. അമ്മ ചോദിച്ചു, ”മോളൂട്ടീ, എന്താണിതിനുള്ളില്‍.?” അവളുടെ അമ്മയാണുത്തരം നല്‍കിയത്. ഒരാഴ്ച്ച മുന്‍പ് ക്ലാരയുടെ ജന്മദിനമായിരുന്നു. മുത്തച്ഛന് പത്തു യൂറോ സമ്മാനമായി കൊടുത്തപ്പോള്‍ അവള്‍ക്കൊരേയൊരു നിര്‍ബ്ബന്ധം; അതു് അമ്മയുടെ അനാഥാലയത്തിലെ കുഞ്ഞുങ്ങള്‍ക്ക് ചോക്ലോറ്റു വാങ്ങികൊടുക്കാന്‍ അമ്മയെ ഏല്പിക്കണം. കഥ കേട്ടപ്പോള്‍ ആ കൊച്ചുസുന്ദരിയെ അമ്മ വാരിപ്പുണര്‍ന്നു. തുരുതുരെ മുത്തം നല്‍കിക്കൊണ്ട് അമ്മ അവളോടു ചോദിച്ചു, ”മോള്‍ക്ക് ചോക്ലേറ്റും ഐസ്ക്രീമും വാങ്ങിക്കഴിക്കണ്ടേ?” ‘വേണ്ടാ’ എന്നവള്‍ തലയാട്ടി. ”അതൊക്കെ ഞാനെപ്പോഴും കഴിക്കാറുണ്ടല്ലൊ. അതൊന്നും വാങ്ങാന്‍ പണമില്ലാത്ത ഒരുപാടു കുട്ടികളില്ലെ? ഈ പൈസ കൊണ്ട് അമ്മ അവര്‍ക്ക് ചോക്ലേറ്റ് വാങ്ങി കൊടുക്കണം.”
തന്റെ സഹോദരന്റെ നിസ്വാര്‍ത്ഥവും കാരുണ്യവും നിറഞ്ഞ പ്രവൃത്തി ആ കൊച്ചുപെണ്‍കുട്ടിക്ക് മാതൃകയായി. കാരുണ്യമൂറുന്ന ഈ കുഞ്ഞുഹൃദയങ്ങള് നമുക്കെല്ലാം മാതൃകയാണ്. നന്മ നിറഞ്ഞ ഇത്തരം കൊച്ചുപ്രവൃത്തികള്‍ നമുക്ക് ഓരോരുത്തര്‍ക്കും ചെയ്യാനാകും.
കുറച്ചു വര്‍ഷം മുമ്പ് ജപ്പാനിലുണ്ടായ ഒരു ഭൂകമ്പത്തില്‍ ആണവറിയാക്ടറിന് തകരാര്‍ സംഭവിച്ചപ്പോള്‍ അവിടത്തെ ശാസ്ര്തജ്ഞരും സാങ്കേതികവിദഗ്ദ്ധരും ജീവന് പണയപ്പെടുത്തിക്കൊണ്ട് റിയാക്ടര്‍ സുരക്ഷിതമാക്കാന്‍ ദിവസങ്ങളോളം പ്രയത്നിച്ചു. അവരുടെ നിസ്വാര്‍ത്ഥമായ പ്രയത്നം കോടിക്കണക്കിനാളുകളുടെ ജീവന് രക്ഷിച്ചു.
ഇന്ന് പ്രസംഗമല്ല പ്രവൃത്തിയാണാവശ്യം. സംസാരിച്ചു കളയുന്ന സമയം മതി, അതു പ്രാവര്‍ത്തികമാക്കുവാന്‍. നമ്മുടെ ഏതൊരു പ്രവൃത്തിയും മറ്റുള്ളവര്‍ക്കു മാതൃകയാകാന്‍ ശ്രദ്ധിക്കണം.
മാറ്റം വ്യക്തിയില്‍നിന്നുമാണു തുടങ്ങേണ്ടത്. നമ്മള് നന്നായാല്‍ ചുറ്റുമുള്ളവരെയും അതു സ്വാധീനിക്കും. തുടര്‍ന്ന് അവര്‍ക്കു ചുറ്റുമുള്ളവരിലും മാറ്റം സംഭവിക്കും. വ്യക്തികളില്‍ മാറ്റമുണ്ടാകുന്നതോടെ കുടുംബങ്ങളിലും മാറ്റംവരുന്നു, സമൂഹം അഭിവൃദ്ധിപ്പെടുന്നു. അതിനാല്‍ ആദ്യം സ്വയം മാറാന്‍ ശ്രമിക്കണം. നല്ല മാതൃക കാട്ടണം. നിസ്വാര്‍ത്ഥസ്നേഹം കൊണ്ടുമാത്രമേ വ്യക്തിയിലും സമൂഹത്തിലും പരിവര്‍ത്തനം സൃഷ്ടിക്കുവാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: