ചെങ്ങന്നൂര്‍: റോഡില്‍ ചോരയില്‍ കുളിച്ച് പിടയുന്ന ഒരു മനുഷ്യ ജീവനോട് കാട്ടിയ കരുണ എട്ടു വര്‍ഷമാണ് കുടശ്ശനാട് പ്രെയ്സ് കോട്ടേജില്‍ മോനിവര്‍ഗ്ഗീസ് (57) കള്ളക്കേസില്‍ പ്രതിയാക്കപ്പെട്ട് കോടതി വ്യവഹാരങ്ങളില്‍ കുടുക്കിയത്. ഒടുവില്‍ ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇദ്ദേഹത്തിന്റെ ഹൃദയനന്മ തിരിച്ചറിഞ്ഞ് വെറുതെ വിട്ടു. 2013 ജനുവരി 31ന് രാത്രി ഏഴുമണിയോടെയാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം നടന്നതെന്ന് മോനി വര്‍ഗ്ഗീസ് പറഞ്ഞു.
കോട്ടയത്ത് നിന്നും പ്രായമായ ബന്ധുവായ സ്ത്രീക്കൊപ്പം കാറില്‍ കുടശ്ശനാട്ടേക്ക് പോകും വഴി മുളക്കുഴ ഷാപ്പുപടിക്ക് സമീപം ഒരാള്‍ക്കൂട്ടം കണ്ട് വാഹനം നിര്‍ത്തി. അപകടത്തില്‍ പെട്ട് രക്തത്തില്‍ കുളിച്ച് പിടയുന്ന ഒരാളും അയാള്‍ക്ക് ചുറ്റും നിന്ന് കാഴ്ച കാണുന്ന ആള്‍ക്കൂട്ടവുമായിരുന്നു അവിടെ. കാറപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആരുമില്ലാതെ ചോരവാര്‍ന്ന് മരിച്ച തന്റെ സഹോദരന്റെ മുഖമാണ് പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞത്. അപകടത്തില്‍പ്പെട്ട വ്യക്തിയെ രക്ഷപ്പെടുത്താനുള്ള വ്യഗ്രതയില്‍ പോലീസില്‍ വിവരമറിയിച്ചു. പിന്നീട് ഇയാളെ തന്റെ കാറില്‍ കയറ്റി മുളക്കുഴയിലെത്തിച്ചു. ആശുപത്രിയിലെത്തി 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ആള് മരിച്ചു. മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ചു പോകാതെ ബന്ധുക്കളും പോലിസുമെത്തിയ ശേഷം വിവരം ധരിപ്പിച്ച് മടങ്ങാനായി അവിടെ തന്നെ നിന്നു. ഈ തീരുമാനമാനമാണ് പിന്നീട് എട്ടു വര്‍ഷക്കാലം തന്റെ ജീവിതത്തെ പിടിച്ചുലച്ചതെന്ന് മോനി പറഞ്ഞു.
താന്‍ തന്നെ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ചെങ്ങന്നൂര്‍ പോലീസ് മോശമായ ഭാഷയില്‍ സംസാരിക്കുകയും തന്നേയും ബന്ധുവായ വൃദ്ധയേയും ജീപ്പില്‍ കയറ്റി ചെങ്ങന്നൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും ചെയ്തു. അവിടെ എത്തിയ ഉടനെ കൈയ്യിലുണ്ടായിരുന്ന മൊബൈലും വാച്ചും സ്വര്‍ണ്ണ മോതിരവും ഊരി വാങ്ങി. കുറ്റവാളിയോടെന്ന പോലെ സ്റ്റേഷന്റെ ഒരു മൂലയിലേക്ക് മാറി നില്ക്കാന് ആവശ്യപ്പെട്ടു. വലിയൊരു കേസിലാണ് അകപ്പെട്ടിരിക്കുന്നത് അയ്യായിരം രൂപ തന്നാല്‍ വെറുതെ വിടാം എന്നും എസ്ഐ ധരിപ്പിച്ചു.
ഒരു ജീവന് രക്ഷിക്കാന്‍ ശ്രമിച്ചതിന് പണം നല്‍കുന്നത് എന്തിനാണെന്ന ചിന്തയാണ് മനസ്സില്‍ ഉണ്ടായത്. ഇതു കൊണ്ടു തന്നെ ശബ്ദം ഉയര്‍ത്തി ഇക്കാര്യം ചോദിച്ചു. ഇതില്‍ രോഷാകുലരായി പോലീസ് അടിക്കാന്‍ കൈയ്യോങ്ങി. ശരിക്കും ഭയന്നു പോയതാന് പിന്നീട് ഭാര്യാപിതാവിനെ വിവരം അറിയിച്ചു. അദ്ദേഹം എത്തി പോലിസിനോട് സംസാരിച്ചു. രണ്ടായിരം രൂപ പോലീസിന് നല്കി. ഇതേ തുടര്‍ന്ന് ബന്ധുവായ സ്ത്രീയെ രാത്രി 11 മണിയോടെ വിട്ടു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തന്നെയും സ്റ്റേഷനില്‍ നിന്ന് വിട്ടുമെന്നാണ് പൊലിസ് പറഞ്ഞത്. എന്നാല്‍ 24 മണിക്കൂറിനു ശേഷം തന്നെ കോടതിയില്‍ ഹാജരാക്കുകയാണ് ഉണ്ടായത്.
കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചെങ്കിലും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കേസാണ് ചുമത്തിയത്. കാല്‍നടയാത്രക്കാരനെ അലക്ഷ്യമായി കാര്‍ ഒടിച്ച് ഇടിച്ചു കൊന്നെന്നായിരുന്നു പോലീസ് ഭാഷ്യം. കൃത്രിമമായ തെളിവുകളും മരിച്ചയാളിന്റെ സഹോദരനെ ദൃക്സാക്ഷി എന്ന നിലയിലും പോലീസ് അവതരിപ്പിച്ചു. പക്ഷേ കെട്ടിച്ചമച്ച തെളിവുകളെല്ലാം നീതി പീഠത്തിന് മുന്നില്‍ പൊളിഞ്ഞു. പോലീസ് കൃത്രിമമായി ഉണ്ടാക്കിയ തെളിവുകളാണ് എല്ലാമെന്ന് കോടതിക്ക് ബോധ്യമായി.
എട്ടുവര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ മാര്‍ച്ച് 20ന് ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്റ്റേറ്റ് എസ്.ആര്. പാര്‍വ്വതി, മോനി വര്‍ഗ്ഗീസിനെ കുറ്റവിമുക്തമാക്കി വിധി പ്രഖ്യാപിച്ചു. ചെങ്ങന്നൂര്‍ കോടതിയിലെ അഭിഭാഷകനായ ജോസഫ് ജോര്‍ജ്ജാണ് മോനിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. കുറ്റവിമുക്തനായെങ്കിലും തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിടാന്‍ മോനി ഒരുക്കമല്ല. ഇവര്‍ക്കെതിരെ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മോനി.
ടി. എസ്. സനല്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: