തൃശൂര്‍: പൂരത്തോടനുബന്ധിച്ച് നാളെയും മറ്റന്നാളും തൃശൂര്‍ നഗരം പോലീസ് നിയന്ത്രണത്തിലാകും. നഗരത്തിലെ കടകളെല്ലാം അടപ്പിക്കും. സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാ വഴികളും അടയ്ക്കും. 2000 പോലീസിനെ നിയോഗിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ആര്.ആദിത്യ അറിയിച്ചു. നാളെയും മറ്റന്നാളും സ്വരാജ് റൗണ്ടില്‍ പൊതു ഗതാഗതം നിരോധിച്ചു. പൂരത്തില്‍ പങ്കെടുക്കാന്‍ പാസുള്ളവര്‍ക്ക് എട്ടു വഴികളിലൂടെ പൂരപ്പറമ്പിലേക്ക് വരാം.
നാളെ രാവിലെ 6 മുതല്‍ മറ്റന്നാള്‍ ഉച്ചതിരിഞ്ഞ് 3 വരെ സ്വരാജ് റൗണ്ടിലേക്ക് 8 പ്രധാന റോഡുകള്‍ മാത്രമേ തുറക്കുകയുള്ളൂ. മറ്റെല്ലാ റോഡുകളിലും ഗതാഗതം നിരോധിക്കും. പൂരം കലാകാരന്മാര്ക്കും പൂരം സംഘാടകര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പാസ് മൂലം പൂരപ്പറമ്പിലേക്ക് പ്രവേശിക്കാം. പൂര കമ്മിറ്റിക്കാരുടെ പാസില്‍ ജില്ലാ പോലീസ് മേധാവിയുടെ ഒപ്പും സീലും നിര്‍ബന്ധമായും ഉണ്ടാകണം. 8 സ്ഥലങ്ങളിലും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പാസ് പരിശോധിച്ചതിന് ശേഷമേ പൂരപ്പറമ്പിലേക്ക് കടത്തി വിടുകയുള്ളൂ.
തുറക്കുന്ന 8 റോഡുകള്‍
1. എംജി റോഡ്
2. ഷൊര്‍ണൂര്‍ റോഡ്
3. വടക്കേ ബസ് സ്റ്റാന്റ് ബിനി ജങ്ഷന്
4. പാലസ് റോഡ്
5. സെന്റ് തോമസ് കോളേജ് റോഡ്
6. ഹൈറോഡ്
7. എംഒ റോഡ്
8. കുറുപ്പം റോഡ്
നിയന്ത്രണങ്ങള്‍ ഇങ്ങനെ
* കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂരത്തിന് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല
* പൂരം പങ്കാളികളായ ദേവസ്വങ്ങള്‍, ഘടകക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലെ സംഘാടകര്‍, ക്ഷേത്രം ജീവനക്കാര്‍, ആനപാപ്പാന്മാര്, വാദ്യക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള സര്‍ക്കാര്‍-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രമായിരിക്കും പ്രവേശനം.
* നഗരത്തിനകത്തെ ആശുപത്രികള്‍, മറ്റ് അവശ്യ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് ജോലി സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് സ്ഥാപനത്തില്‍ നിന്ന് നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് കൈവശം കരുതണം. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ മുമ്പാകെ കാര്‍ഡ് കാണിച്ചാല്‍ പ്രവേശനം അനുവദിക്കും.
* നഗരഭാഗത്തുള്ള ഫ്ളാറ്റുകള്‍, കെട്ടിട സമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍, അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. ഇവിടങ്ങളില്‍ പുറത്തു നിന്നുള്ളവരെ താമസിപ്പിക്കുന്നത് ഒഴിവാക്കണം.
* സ്വരാജ് റൗണ്ടില്‍ മെഡിക്കല്‍ ഷോപ്പ്, ആശുപത്രി എന്നിവയ്ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. സ്വരാജ് റൗണ്ടിലുള്ള എല്ലാ കടകളും സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും അടച്ചിടും. സ്വരാജ് റൗണ്ടിന് ചുറ്റും 700 മീറ്റര്‍ പരിധിയില്‍ വരുന്ന എല്ലാ റോഡുകളിലെയും കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല.
* സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന ഔട്ടര്‍ സര്‍ക്കിള്‍ റോഡുകളായ എംജി റോഡ്, ശങ്കരയ്യ റോഡ് ജങ്ഷന്, പൂങ്കുന്നം ജങ്ഷന്, പാട്ടുരായ്ക്കല്‍-അശ്വിനി ജങ്ഷന്, ചെമ്പൂക്കാവ് ആമ്പക്കാടന്‍ മൂല പൗരസമിതി ജങ്ഷന്, മനോരമ റോഡ്, ശക്തന് സ്റ്റാന്റ്, വെളിയന്നൂര്‍, റെയില്‍വേ സ്റ്റേഷന് റോഡ്, ദിവാന്‍ജി മൂല റോഡ്, പൂത്തോള്‍, പടിഞ്ഞാറേക്കോട്ട എന്നിവിടങ്ങളിലെ കടകളും സ്ഥാപനങ്ങളും അടച്ചിടും. പൂരം ദിവസങ്ങളില്‍ വഴിയോര കച്ചവടം അനുവദിക്കില്ല.
ആനകളെ പരിശോധിക്കാന്‍ 30 അംഗ സംഘം
തിരുവമ്പാടി- പാറമേമക്കാവ് വിഭാഗങ്ങളുന്റെടയും ഘടകപൂരകളുടെയും ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആനകളെ മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരായ ഉദ്യോഗസ്ഥര്‍ ആരോഗ്യ പരിശോധന നടത്തി സാക്ഷ്യപത്രം നല്‍കും. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ഉഷാറാണിയുടെ നേതൃത്വത്തില്‍ 30 അംഗ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ആനയുടെ ആരോഗ്യം, എഴുന്നള്ളിപ്പുകളില്‍ പങ്കെടുത്തുള്ള പരിചയം, പൊതുസ്വഭാവം എന്നിവ വിലയിരുത്തിയാണ് അതാത് ദേവസ്വങ്ങള്‍ സമര്‍പ്പിച്ച ആനകളുടെ ലിസ്റ്റിന് അനുമതി നല്‍കുക. കൂടാതെ പൂരദിവസങ്ങളില്‍ അടിയന്തിര സാഹചര:ങ്ങളില്‍ സേവനം ഉറപ്പാക്കുന്നതിന് ആനചികിത്സകരും മയക്കുവെടി വിദഗ്ധരും അടങ്ങിയ കര്മമേസന പ്രവര്‍ത്തന സജ്ജമായിട്ടുണ്ടെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.ബേബി ജോസഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: