കോട്ടയം: ഭൗമദിനമായ ഇന്ന് ‘നമ്മുടെ ഭൂമിയെ വീണ്ടെടുക്കാം’ എന്ന ഇത്തവണത്തെ സന്ദേശവുമായി ഭൂപോഷണയജ്ഞത്തില്‍ കേരളത്തിലെ 2000 ബാലഗോകുലങ്ങള്‍ പങ്കാളികളാകുമെന്ന് ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാറും, സംസ്ഥാന ഉപാധ്യക്ഷനും ഭൂപോഷണ യജ്ഞ സംയോജകനുമായ ഡോ.എന്‍. ഉണ്ണികൃഷ്ണനും അറിയിച്ചു.
പാരിസ്ഥിതികമായി വളരെയധികം നാശം സംഭവിച്ച ഭൂമിയെ പഴയ അവസ്ഥയിലേക്ക് കൊണ്ടു വരിക എന്നത് മനുഷ്യന് ഉള്‍പ്പെടെയുള്ള ജീവിവര്‍ഗ്ഗത്തിന്റെ നിലനില്പിന് ആവശ്യമാണ്. ഭൂപോഷണ യജ്ഞ സമിതി അഖില ഭാരതീയ തലത്തില്‍ ആരംഭിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ബാലഗോകുലവും സര്‍വ്വപിന്തുണയും നല്‍കും.
കുട്ടികള്‍ക്കിടയില്‍ മണ്ണിനേയും കൃഷിയേയും കുറിച്ചുള്ള നാട്ടറിവുകള്‍ നല്‍കുക, വിത്തുകള്‍ സംഭരിച്ച് അവ പാകി തൈകളാക്കി ജൂണ്‍ അഞ്ചിന് പരിസ്ഥിതിദിനത്തില്‍ നടുക, പാരമ്പര്യ ജലസ്രോതസ്സുകള്‍ കണ്ടെത്തി മാലിന്യമുക്തമാക്കുക, പാരമ്പര്യ കര്‍ക്ഷകരെ ആദരിക്കുക, പഴയകാല കാര്‍ഷിക ഉപകരണങ്ങള്‍, നാടന്‍ വിത്തിനങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ ഇവയുടെ പ്രദര്‍ശനം സംഘടിപ്പിക്കുക, ഗോകുലാംഗങ്ങളുടെ നേതൃത്വത്തില്‍ ജൈവ നെല്‍കൃഷി, തുണിസഞ്ചി നിര്‍മ്മാണം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളിലും, സമൂഹത്തിലും ഭൂസംരക്ഷണത്തിന്റെ പ്രാധാന്യം എത്തിക്കാന്‍ ഭൂപോഷണ സമിതിക്കൊപ്പം ബാലഗോകുലവും പ്രവര്‍ത്തിക്കുമെന്നും ഇരുവരും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: