കൊവിഡിന്റെ രണ്ടാം തരംഗം നമുക്കു മുന്നില്‍ ഒരു യാഥാര്‍ത്ഥ്യമാണ്. ജനിതകമാറ്റം വന്ന വൈറസുകളുടെ വ്യാപനശേഷി വളരെ കൂടുതലായതിനാല്‍ രോഗികളുടെ എണ്ണവും വര്‍ധിക്കും. അവഗണിക്കാനോ ഒളിച്ചോടാനോ കഴിയില്ല. വ്യക്തികളെന്ന നിലയ്ക്കും സമൂഹമെന്ന നിലയ്ക്കും ഈ സാഹചര്യത്തെ നേരിട്ടേ മതിയാവൂ. ഈ പശ്ചാത്തലത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ സന്ദേശം ജനങ്ങള്‍ക്ക് വന്‍തോതില്‍ ആത്മവിശ്വാസം പകരുന്നതാണ്. കൊവിഡിന്റെ രണ്ടാം തരംഗത്തെ സുനാമിയോട് ഉപമിച്ചതിലൂടെ സ്ഥിതിവിശേഷത്തിന്റെ ഗുരുതരാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞു. അച്ചടക്കവും ജാഗ്രതയും പാലിച്ച്, ലോക്ഡൗണിലേക്കു പോകുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആഹ്വാനം ജനങ്ങള്‍ ഉള്‍ക്കൊള്ളുകതന്നെ ചെയ്യും. ഭരണപക്ഷമോ പ്രതിപക്ഷമോ എന്ന ഭേദമില്ലാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ ഈ മഹാമാരിയെ ചെറുത്തു തോല്പ്പിക്കാനാവൂ എന്നതിലാണ് പ്രധാനമന്ത്രി ഊന്നിയത്. കൊവിഡിനെതിരായ ഒന്നാംഘട്ടത്തിലെ പോരാട്ടം വിജയിപ്പിക്കാന്‍ കഴിഞ്ഞ നമുക്ക് രണ്ടാം ഘട്ടത്തിലും വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്‍ പ്രതിഫലിച്ചത്.
ജനപ്പെരുപ്പംകൊണ്ടും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതകൊണ്ടും കൊവിഡ് മഹാമാരിയെ നേരിടുന്നതില്‍ രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ നിരുത്തരവാദപരമായ പെരുമാറ്റമാണ് ചില രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും അവയുടെ നേതാക്കളില്‍നിന്നും ഉണ്ടാകുന്നതെന്ന് പറയാതെ വയ്യ. ഇത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. രോഗപ്രതിരോധത്തിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. കൊവിഡിന്റെ ആദ്യ തരംഗത്തില്‍ കുടിയേറ്റത്തൊഴിലാളികളെ പ്രകോപിപ്പിച്ചും, അവരില്‍ അനാവശ്യമായ ഭീതി വിതച്ചും ആപത്തിനെ ക്ഷണിച്ചുവരുത്തിയവര്‍ ഇപ്പോള്‍ മറ്റു പല രൂപത്തിലും സ്ഥിതിവിശേഷത്തെ വഷളാക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് നയത്തെയും വാക്സിന് വിതരണരീതിയെയും അനാവശ്യമായി കടന്നാക്രമിച്ച് ജനങ്ങളെ അരക്ഷിതരാക്കുന്നവരില് കേരള മുഖ്യമന്ത്രിയുമുണ്ട്. വാക്സിന് നിര്‍മാണത്തിന് 4500 കോടി രൂപ നീക്കിവച്ചതും, മെഡിക്കല്‍ ഓക്സിജന്റെ ലഭ്യത ഉറപ്പുവരുത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കേന്ദ്രം നടപടികളെടുക്കുന്നതുമൊക്കെ ഇക്കൂട്ടര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
കൊവിഡിന്റെ ഒന്നാംഘട്ടത്തെ അതിജീവിക്കുന്നതില്‍ രാജ്യത്തിന്റെ ഭരണാധികാരിയെന്ന നിലയ്ക്ക് പ്രധാനമന്ത്രി മോദി വഹിച്ച നേതൃപരമായ പങ്ക് രാജ്യത്തിനകത്തും പുറത്തും പ്രശംസിക്കപ്പെടുകയുണ്ടായി. പ്രതിസന്ധികള്‍ക്കിടയില്‍ പലതവണ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ജനങ്ങളെ ജാഗരൂകരാക്കുകയും, സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതില്‍ യഥാസമയം ഉചിത നടപടികള്‍ എടുക്കുകയും ചെയ്തു. വാക്സിന് നിര്‍മിക്കുന്നതിലും പ്രതിരോധ കുത്തിവയ്പ് നടത്തുന്നതിലും ഒരു രാഷ്ട്രതന്ത്രജ്ഞന്റെ ദീര്‍ഘവീക്ഷണത്തോടെയാണ് പ്രധാനമന്ത്രി പെരുമാറിയത്. ഇതേ ശ്രദ്ധയും കാര്യക്ഷമതയുമാണ് കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടുന്നതിലും മോദി പ്രകടിപ്പിക്കുന്നത്. പ്രായപരിധി നോക്കി മുന്‍ഗണനാക്രമം അനുസരിച്ച് എല്ലാവര്ക്കും വാക്സിന് എത്തിക്കുന്നതിലും, ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും കേന്ദ്രസര്‍ക്കാര്‍ എന്തൊക്കെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അക്കമിട്ടു നിരത്താന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നുണ്ട്. ആപത്ഘട്ടത്തില്‍ രാഷ്ട്രീയ താല്പര്യങ്ങളില്ലാതെ സ്വന്തം ജനതയെ ചേര്‍ത്തുപിടിക്കുന്ന ഈ സമീപനം ഒരു സൗഭാഗ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: