കഴിഞ്ഞ അഞ്ച് വര്‍ഷം ജില്ലയ്ക്ക് ഉണ്ടായ മാറ്റങ്ങളെ എംഎല്‍എമാര്‍ അടയാളപ്പെടുത്തുകയാണ്. ഓരോ മണ്ഡലങ്ങളിലെയും നല്ലതും മോശവുമായ അനുഭവങ്ങളെ അവര്‍ ജന്മഭൂമിയിലൂടെ പങ്കുവയ്ക്കുന്നു. നടപ്പാക്കണമെന്ന് ഏറെ ആഗ്രഹിച്ചവയും ഏറ്റവും സംതൃപ്തി തോന്നിയതുമായ സന്ദര്‍ഭങ്ങള്‍ അവരിലൂടെ….
കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്നുണ്ടായ മികച്ച അനുഭവം?
കൊട്ടാരക്കര സിവില്‍ സ്റ്റേഷന്, അസാപ് സ്കില്‍ പാര്‍ക്ക് എന്നിവ പൂര്‍ത്തീകരിച്ചപ്പോള്‍ ജനങ്ങളില്‍ നിന്നുണ്ടായ പ്രതികരണം ഒരുപാട് സന്തോഷം നല്കി. അസാപ് വഴി ജോലി നേടിയ യുവാക്കളുടെ പ്രതികരണം വളരെ മികച്ചതായിരുന്നു. അവരുടെ സന്തോഷങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റുന്നതിനും അപ്പുറമാണ്.
മണ്ഡലത്തില്‍ ഇത്തവണ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ മുതല്‍ തടസ്സങ്ങള്‍ മാത്രമായിരുന്നു മുന്നില്‍. നിപ്പ, പ്രളയം, ഓഖി തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍, പദ്ധതികള്‍ക്ക് തടസ്സമായി. എന്നാല്‍ ഇതിനെയെല്ലാം തരണം ചെയ്താണ് അസാപ് സ്കില്‍ പാര്‍ക്ക് സാക്ഷാത്കരിച്ചത്. സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില് എന്ന ആശയത്തിലാണ് കൊട്ടാരക്കര സിവില്‍ സ്റ്റേഷന് ഉയര്‍ന്നത്.
ജനങ്ങള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളും നടപടിയും ഏതൊക്കെയാണ് ?
കൊട്ടാരക്കര കേന്ദ്രീകരിച്ച് സിവില്‍ സ്റ്റേഷന് വേണമെന്നതായിരുന്നു ഇക്കഴിഞ്ഞ കാലയളവില്‍ ജനങ്ങള്‍ ഉന്നയിച്ച പ്രധാന ആവശ്യം. അത് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. പിന്നീട് നേരിട്ട പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് ശുദ്ധമായ കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യത. മൈലം, നെടുവത്തൂര്‍, കൊട്ടാരക്കര നഗരസഭ പരിധി തുടങ്ങിയ സ്ഥലങ്ങളില്‍ കേന്ദ്ര ജലജീവന്‍ പദ്ധതി വഴി കുടിവെള്ളം എത്തിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ പുരോഗമിക്കുകയാണ്. ഈ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തുന്നതോടെ ജനങ്ങള്‍ നേരിടുന്ന വലിയ ഒരു പ്രശ്നത്തിനാണ് പരിഹാരമാകുന്നത്. കോവിഡ് കാലത്തും ആരോഗ്യമേഖല പ്രവര്‍ത്തനങ്ങളില്‍ ശക്തമായിരുന്നു. മീന്‍പിടിപ്പാറ ടൂറിസം വന്നതോടെ പ്രാദേശിക വ്യാവസായിക മേഖല പുതിയ ഉണര്‍വിലേക്ക് കുതിച്ചു.
എംഎല്‍എ ഏറെ ആഗ്രഹിച്ച, എന്നാല്‍ നടപ്പാക്കാന്‍ കഴിയാതെ പോയ പദ്ധതി?
ആദ്യ തവണ എംഎല്‍എ ആയപ്പോള്‍ മുതല്‍ ആഗ്രഹിച്ച ഒന്നാണ് ജില്ലാ പോലീസ് ആസ്ഥാന മന്ദിരം. ഇപ്പോഴും അത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. മനസിനെ ഏറെ സ്പര്‍ശിച്ച ഒരു പദ്ധതിയാണ്. നടക്കണം എന്ന് നമ്മള് ഏറെ ആഗ്രഹിച്ച പദ്ധതി പൂര്‍ത്തിയാവാതെ പടിയിറങ്ങുമ്പോള്‍ വിഷമം ഉണ്ട്. പിഡബ്ല്യൂഡി ആയിരുന്നു കരാര്‍ എങ്കില്‍ ഏതുവിധേനയും പൂര്‍ത്തീകരിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പോലീസ് നിര്‍മാണ കോര്‍പറേഷനാണ് നിര്‍മാണ ചുമതല. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഒരുപാട് നടപടിക്രമങ്ങള്‍ ഇവര്ക്കുള്ളതിനാലാണ് വൈകുന്നത്. കോവിഡ് കൂടി വന്നതോടെ വീണ്ടും കാലതാമസം ഉണ്ടായി.
എംഎല്‍എ എന്ന നിലയില്‍ ഉണ്ടായ ഒരു മോശം അനുഭവം?
ശബരിമല പ്രക്ഷോഭ സമയത്ത് മണ്ഡലത്തിലെ ഒരു രാഷ്ട്രീയ നേതാവ് എനിക്കെതിരെ വ്യക്തിപരമായി നടത്തിയ അധിക്ഷേപങ്ങള്‍ വലിയ രീതിയില്‍ മാനസിക വിഷമം ഉണ്ടാക്കി. മോശം വാക്കുകള്‍ ഉപയോഗിച്ച് നടത്തിയ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ സഹിക്കാനാവുന്നതല്ല. അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങളില്‍ മാനസിക വിഷമം ഉണ്ടായെങ്കിലും വികസനകാര്യത്തില്‍ പിന്നോട്ട് പോകാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു.
പുതിയ എംഎല്‍എ ചെയ്യണമെന്ന് ആഗ്രഹിക്കുന്നത്?
കൊട്ടാരക്കര തമ്പുരാന്റെയും കൊട്ടാരക്കര ശ്രീധരന്‍നായരുടെയും ഓര്‍മ്മയില്‍ കഥകളി എന്ന കലാരൂപത്തെ എക്കാലവും ഓര്‍ക്കുന്ന രീതിയില്‍ ഒരു ആര്‍ട്ട് പെര്‍ഫോം സെന്റര്‍ കൊട്ടാരക്കര കേന്ദ്രീകരിച്ച് സ്ഥാപിക്കണം. കഥകളിയെ സ്നേഹിക്കുന്നവര്‍ക്കും പഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഉപകാരപ്രദമാകണം സെന്റര്‍ എന്നതാണ് ആഗ്രഹം. കൂടാതെ സബ് ജയിലിലെ പോരായ്മകള്‍ പരിഹരിച്ച് ആധുനിക മാതൃക ജയില്‍ എന്ന നിലയിലേക്ക് എത്തിക്കണം. ഇതിന്റെ സാധ്യതകള്‍ പഠിച്ച് പദ്ധതി ആവിഷ്കരിക്കാന്‍ വരുന്ന എംഎല്‍എ മുന്‍കൈ എടുക്കണമെന്ന് ആഗ്രഹമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: