ടി. അനൂപ് കുമാര്‍
സംസ്ഥാന ജനറല്‍ സെക്രട്ടറി
എന്‍.ടി.യു.
സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പരീക്ഷിക്കുകയാണ്. കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്തുടനീളവും കേരളത്തില്‍ പ്രത്യേകിച്ചും താണ്ഡവമാടുമ്പോള്‍ ദശലക്ഷത്തോളം വിദ്യാര്‍ത്ഥികളെഴുതുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താനുള്ള തീരുമാനം ജനാധിപത്യ സര്‍ക്കാറിന് യോജിച്ചതല്ല. കാര്യക്ഷമമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെയുള്ള ഇത്തവണത്തെ ഈ പരീക്ഷകള്‍ കേരളത്തെയാകമാനം അപകടപ്പെടുത്തുമെന്നതില്‍ തര്‍ക്കമില്ല.
കേരളത്തിലെ കൊവിഡ് പോസറ്റിവിറ്റി നിരക്കിന്റെ ഭീതിതമായ വര്‍ദ്ധനവും, കണ്ടെയിന്മെന്റ്് സോണുകളുടെ എണ്ണക്കൂടുതലും, കൊവിഡ് വാക്സിനേഷന് പ്രോഗ്രാമുകളുമൊക്കെ ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യവകുപ്പിനേയും തിരക്കിലാക്കിയിരിക്കുന്ന സാഹചരൃത്തില്‍ അവരുടെയൊന്നും സേവനവും സാന്നിധ്യവും ഇത്തവണ പരീക്ഷാ കേന്ദ്രങ്ങളിലില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പൊതു പരീക്ഷാനാളുകളില്‍ ഇത്തരം സംവിധാനങ്ങളുടേയും അദ്ധ്യാപക രക്ഷാകര്‍തൃ സമിതികളുടേയുമൊക്കെ സജീവ സാന്നിധ്യവും സഹകരണവും വിപുലമായ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളുമൊക്കെയുണ്ടായിരുന്നുവെന്നും നാമോര്‍ക്കണം.
രാജ്യത്ത് രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കാതെയുള്ള കൊവിഡിന്റെ രണ്ടാം വരവില്‍ ആരോഗ്യ മേഖല കിതയ്ക്കുകയാണ്. പരീക്ഷകള്‍ക്കായി വിദ്യാലയങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ സാമൂഹൃ അകലം പാലിക്കപ്പെടാതെയുള്ള കൂട്ടംകൂടലുകള്‍ രോഗവ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുമെന്നത് മുന്‍കൂട്ടി കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ സിബിഎസ്ഇ, ഐസിഎസ്സിഇ പരീക്ഷകള്‍ റദ്ദ് ചെയ്തത്. ഇത്തരം വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനക്രമീകരണങ്ങളും അവയ്ക്കുള്ള വൃവസ്ഥകളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. ഉന്നത പഠനങ്ങള്‍ക്കുള്ള അവസരം എല്ലാ സര്‍വ്വകലാശാലകളിലും ഏകീകൃതമായിരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇത് മൂലം രക്ഷിതാക്കള്‍ക്കും വിദ്യാര്ത്ഥികള്ക്കുമുണ്ടായിരുന്ന ആശങ്കകള്‍ക്ക് വിരാമമായി. ഈ അവസരത്തില്‍ ഇത്തരം സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാനും മാതൃകയാക്കാനും കേരള സര്‍ക്കാര്‍ തയ്യാറാവുകയായിരുന്നു വേണ്ടിയിരുന്നത്.
കഴിഞ്ഞ അക്കാദമികവര്‍ഷത്തെ കൊവിഡ് വരിഞ്ഞ് മുറുക്കിയപ്പോള്‍, കുട്ടികളുടെ പാഠഭാഗങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടേയും. ഫോക്കസ് ഏരിയയിലെ റിവിഷന്‍ ക്ലാസ്സുകളിലൂടേയും, സംശയനിവാരണ പദ്ധതികളിലൂടേയും സമയബന്ധിതമായി പൂര്‍ത്തിയാക്കി തങ്ങളുടെ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കായി മെച്ചപ്പെട്ട രീതിയില്‍ ഒരുക്കുകയായിരുന്നു അദ്ധ്യാപക സമൂഹം.
മോഡല്‍ പരീക്ഷകളുള്‍പ്പെടെ എഴുതി പൊതു പരീക്ഷയ്ക്കായി സര്‍വ്വാത്മനാ സജ്ജരായിരുന്നു ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളും. എന്നാല്‍ ഇവരെയൊക്കെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു ഏപ്രില്‍ മാസം 6 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പേരില്‍ മാര്‍ച്ച് മാസം 17ന് ആരംഭിച്ച് മാര്‍ച്ച് മാസം തന്നെ അവസാനിക്കുന്ന പൊതുപരീക്ഷകള്‍ മാറ്റിവച്ചത്.
പൊതുപരീക്ഷകളുടെ നടത്തിപ്പില്‍ ഉണ്ടായേക്കാവുന്ന അപാകങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്ന ഭയപ്പാടും, തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങളുടെ ആളുകളെ പരീക്ഷാ കാലത്ത് യഥേഷ്ടം ലഭിക്കാതിരിക്കുമെന്നുള്ള ഇടതുപക്ഷ അദ്ധ്യാപക സംഘടനയുടെ സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യവും മാത്രമാണ് ഈ പരീക്ഷാ മാറ്റത്തിന് പുറകിലുണ്ടായിരുന്നത്.
സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനെതുടര്‍ന്നാണ് കേരളത്തെയൊന്നാകെ അപകടപ്പെടുത്തുന്ന ഇന്നത്തെ ഈ ഗുരുതരസാഹചര്യമുണ്ടായത്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് കേവലം 3.5 % മാത്രമുണ്ടായിരുന്ന മാര്‍ച്ച് മാസത്തില്‍ നടക്കേണ്ടിയിരുന്ന ഹയര്‍ സെക്കന്‍ഡറി, എസ്എസ് എല്‍സി പരീക്ഷകള്‍ കോവിഡ് പോസറ്റിവിറ്റി 17.5% മായി ഉയര്‍ന്ന സാഹചര്യത്തില്‍ തുടരുന്നതിന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞ കാരണം ‘ആരും പരീക്ഷാ മാറ്റം ആവശ്യപ്പെട്ടിട്ടില്ല’ എന്നതാണ്. ഈ വിശദീകരണത്തില്‍ തന്നെ വിദ്യാഭ്യാസവകുപ്പിന്റെ കെടുകാര്യസ്ഥതയും ദീര്‍ഘവീക്ഷണമില്ലായ്മയും വൃക്തമാവുന്നു.
ഇത്തവണത്തെ പൊതു പരീക്ഷകള്‍ക്കായി നൂറ് കണക്കിന് കൊവിഡ് പോസറ്റീവ് ആയ കുട്ടികളും, ആയിരക്കണക്കിന് പ്രൈമറി കോണ്ടാക്റ്റ് ഉള്ള കുട്ടികളും വിദ്യാലയങ്ങളിലെത്തുന്നുണ്ട്. കൊവിഡ് ബാധിതരായ കുട്ടികളുള്ള പരീക്ഷാ ഹാളില്‍ സ്വന്തം ആരോഗ്യസുരക്ഷ പരിഗണിക്കാതെയാണ് അദ്ധ്യാപകര്‍ ജോലിക്കെത്തുന്നത്. ഇവര്‍ക്കാവശ്യമായ പിപിഇ കിറ്റുകള്‍, ഗ്ലൗസ്സുകള്‍, മാസ്ക്കുകള്‍, സാനിറ്റൈസറുകള്‍ എന്നിവയ്ക്കൊന്നും ആവശ്യമായ ഫണ്ടുകള്‍ ലഭ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഇത്തരം അദ്ധ്യാപകരുടെ സുരക്ഷയെ കരുതി ഇവരെക്കൂടി ആരോഗൃ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കുമൊപ്പം കൊവിഡ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. ദിവസം തോറും വലിയ വായില്‍ നിര്‍ദ്ദേശങ്ങളും പത്രക്കുറിപ്പുകളും ഇറക്കുന്നുവെന്നല്ലാതെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനോ, കണ്ടെയിന്മെന്റ് സോണുകളില്‍ നിന്നുള്ള കുട്ടികളുടെ യാത്രാസൗകര്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസി പോലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനോ തയ്യാറാകാത്ത സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും, വിദ്യാര്‍ത്ഥികളേയും കേരളത്തേയും സമ്പൂര്‍ണ കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കുന്നതിലേക്കാണ് നയിക്കുന്നത്. ജെഇഇ മെയിന്‍ ഉള്‍പ്പെടെയുള്ള വിവിധ മല്‍സരപരീക്ഷകളും ഉന്നത വിദ്യാഭ്യാസരംഗത്തെ പരീക്ഷകളും പിഎസ്സി പരീക്ഷകളും മാറ്റിവച്ചിട്ടും കേരളത്തില്‍ സമ്പൂര്‍ണ കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ നടത്താനുള്ള സര്‍ക്കാറിന്റെ തീരുമാനം ആരോഗ്യ കേരളത്തിന് ഭൂഷണമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: