1888 ഫെബ്രുവരി 10 വെള്ളിയാഴ്ച… അന്ന് ശിവരാത്രി നാളായിരുന്നു. ജാതിയില്‍ താണവരാക്കപ്പെട്ടവര്‍ക്ക് വഴി നടക്കാനും മേല്‍വസ്ത്രം അണിയാനും ക്ഷേത്ര ദര്‍ശനവും ദൈവാരാധനയും തടഞ്ഞും സ്വാതന്ത്ര്യം എന്നത് സ്വപ്നം കാണാന്‍ കൂടി അനുവാദമില്ലാത്തവര്‍ അന്ന് നെയ്യാറിന്റെ തീരത്ത് അരുവിപ്പുറം എന്ന മലയോര ഗ്രാമത്തില്‍ കൂട്ടം ചേര്‍ന്നു. മരുത്വാമലയില്‍ തപസനുഷ്ഠിച്ചതിന് ശേഷം അരുവിപ്പുറത്തെ കുമാരഗിരിയിലെ ഗുഹയില്‍ തപസ്സിനിടെ തന്നെത്തേടി വരുന്ന ഹതാശര്‍ക്ക് ആത്മോപദേശം നല്കിപ്പോരുന്ന യുവസന്ന്യാസിയായ ഒരാള്‍ അവിടെ ഉണ്ടായിരുന്നു, കേവലം 31 വയസുള്ള സുന്ദരകളേബരനും സുസ്മേരവദനനും ശാന്തശീലനുമായ നാണു സ്വാമി എന്ന് അന്ന് മാലോകര്‍ ഭക്ത്യാദരവോടെ വിളിച്ചിരുന്നതും പില്ക്കാലത്ത് വിശ്വ മഹാഗുരുവായി ലോകം അംഗീകരിച്ച സാക്ഷാല്‍ ശ്രീനാരായണ ഗുരു.
നൂറ്റാണ്ടുകളായി തുടരുന്ന സാമ്പ്രദായിക മാമൂലുകളെയും വിശ്വാസ പ്രമാണങ്ങളെയും ശാസ്ത്ര വിധികളെയും തകര്‍ത്തുകൊണ്ട് പുതിയൊരു യുഗ സൃഷ്ടിക്ക് സ്വാമികള്‍ തയ്യാറെടുത്തു കഴിഞ്ഞിരുന്നു. നെയ്യാറിന്റെ കരയില്‍ ഉള്ള ഒരു പാറയെ വിഗ്രഹപ്രതിഷ്ഠയ്ക്കുള്ള പീഠമായി സങ്കല്‍പ്പനം ചെയ്ത് അവിടം കുരുത്തോലകള്‍ കൊണ്ട് അലങ്കരിച്ചും ഭദ്രദീപങ്ങളൊരുക്കിയും പഞ്ചാക്ഷര മന്ത്രങ്ങള്‍ ഉറക്കെ ഉറക്കെ ഉരുവിട്ടും അന്തരീക്ഷം ഭക്തി സാന്ദ്രമാക്കി. ധ്യാനത്തില്‍ മുഴുകിയിരുന്ന ശ്രീ നാരായണന് മെല്ലെ നെയ്യാറിലേക്കിറങ്ങി. ആഴമേറിയ ശങ്കരന് കുഴിയിലേക്ക് ഊളിയിട്ട് താണുപൊങ്ങിയപ്പോള്‍ കയ്യിലൊരു ശിലാഖണ്ഡം. അതുമായി അദ്ദേഹം കരയിലെത്തി. വീണ്ടും ധ്യാന-ജപ നിരതനായി. മണിക്കുറുകള്‍… ഒടുവില്‍ ആ ശിലാഖണ്ഡം പീഠമായി കരുതിയ പാറമേല്‍ പ്രതിഷ്ഠിച്ചു. അദ്ദേഹം പ്രഖ്യാപിച്ചു. ഇത് നമ്മുടെ ശിവന്.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്.
നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന ബ്രാഹ്മണ പൗരോഹിത്യത്തിന്റെയും യാഥാസ്ഥിതിക പരികല്പ്പനകളെയും കോട്ട കൊത്തളങ്ങളുടെ അടിക്കല്ലിളക്കുന്ന ഉഗ്ര സ്ഫോടനമായിരുന്നു സ്വാമികളുടെ പ്രഖ്യാപനം. അയ്യാ വൈകുണ്ഠസ്വാമികള്‍ അന്നേയ്ക്ക് എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിവച്ച നവോത്ഥാന പ്രക്രിയ ശ്രീനാരായണ ഗുരൂവിലൂടെ പ്രോജ്വലിക്കുകയായിരുന്നു. ആധുനിക കേരളത്തിന്റെ ശിലാന്യാസം കൂടിയായിരുന്നു അത്.
ആത്മബോധോദയം എന്നത് ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന വേദോപദേശത്തിന്റെ ആന്തരിക സത്തയാണെന്ന് പ്രഖ്യാപിക്കുകയും ശ്രീനാരായണനെ തന്റെ ഇഹലോക ആത്മീയ ഗുരുവായി സ്വീകരിച്ച ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുവിന് അരുവിപ്പുറം പ്രതിഷ്ഠ നടക്കുമ്പോള്‍ പ്രായം ആറ് വയസും രണ്ടു മാസവും പതിനേഴു ദിവസവും മാത്രം.
ഇന്നത്തെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ ബുധനൂര്‍ പിടഞ്ഞാറ്റുംചേരിയില്‍ കുലായ്ക്കല്‍ എന്ന പറയഭവനത്തില്‍ ജ്യാതി-കൊച്ചു നീലി ദമ്പതികളുടെ മകനായി കൊല്ലവര്‍ഷം 1057 മേടമാസം 17 വെള്ളിയാഴ്ച പുലര്‍ച്ചേ പൂരം നക്ഷത്രത്തില്‍ ജനനം. മാതാപിതാക്കള്‍ കുട്ടിക്ക് കൊച്ചു നാരായണന് എന്ന് പേരിട്ടു. പാപ്പന്‍കുട്ടി എന്ന് ചെല്ലപ്പേരും. മറ്റ് കുട്ടികളില്‍ നിന്നും തികച്ചും അസാധാരണമായ പ്രകൃതമായിരുന്നു പാപ്പന് കുട്ടിക്ക്. ഏഴാംവയസില്‍ (1064 വ്യശ്ചികം 3) രാവിലെ മുതല്‍ തന്നെ കുട്ടിയില്‍ ചില പ്രത്യേകതരം ചേഷ്ടകള്‍ പ്രകടമായി. സൂര്യാസ്തമയം കഴിഞ്ഞ് പാപ്പന് കുട്ടി അര്‍ദ്ധ മയക്കത്തിലേക്ക് പ്രവേശിച്ചു. മൂന്ന് ദിവസങ്ങള്‍ ജലപാനം പോലുമില്ലാതെ ചലനമറ്റു കിടന്നു. എന്നാല്‍ തന്റെ അന്തര്‍ബോധം നിലനില്ക്കയായിരുന്നുവെന്നും ഈ ദിവസങ്ങളില്‍ താന്‍ ദിവ്യജ്ഞാന തേജോമയങ്ങളായ കാഴ്ചകള്‍ പലതും കണ്ടാസ്വദിക്കുകയായിരുന്നുവെന്നും പിന്നീട് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അര്‍ദ്ധമയക്കത്തില്‍ നിന്ന് ഉണര്‍ന്നിട്ടും ബാലനില്‍ പ്രകടമായ മാറ്റം നിലനിന്നു.
12 വയസില്‍ ഉണ്ടായ മാതാവിന്റെ മരണം പാപ്പന്‍കുട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ വിഷാദവാനും മൂകനുമാക്കി. ഒരു നാള് പാപ്പന് കുട്ടി അപത്യക്ഷനായി. ദേശസഞ്ചാരത്തിനുള്ളതാണ് തന്റെ ഇനിയുള്ള ജീവിതമെന്നും അവിടെ പലതും ചെയ്യാനുണ്ടെന്നും അവിടെ നിന്നുള്ള അറിവും അനുഭവവും ഭാവിയില്‍ ആവശ്യമാണെന്നുമുള്ള ഉള്പ്രേരണയാവാം ആ ദേശസഞ്ചാരമെന്നും ഊഹിക്കുന്നതില്‍ തെറ്റില്ല. ആ യാത്രയില്‍ ധര്‍മ്മ സ്ഥാപനങ്ങളില്‍അന്തിയുറങ്ങി. അശരണര്‍ക്കായി വേല ചെയ്തു. കഠിനമായ കഷ്ടപ്പാടുകള്‍, അലച്ചില്‍, ദാരിദ്ര്യം, പട്ടിണി… പച്ചവെള്ളം മാത്രം കുടിച്ച് ദിവസങ്ങള്‍ തള്ളി നീക്കിയ അനുഭവം. അപ്പോഴും അന്തരംഗത്തില്‍ മന്ത്രിക്കുന്നു ഇല്ല… നിന്റെ യാത്ര ഇനിയുമുണ്ട്.
ഉള്ളില്‍ ഊറിക്കൂടിയ ആത്മീയ ചൈതന്യത്തിന്റെ വികാസത്തിനാവശ്യമായ വിജ്ഞാനസമ്പാദനത്തിന്റെ വഴിതേടുകയായിരുന്നു ആ മനസ്. നീണ്ട പതിനെട്ടു വര്‍ഷം…
ഒടുവില്‍ ഇടുക്കി ജില്ലയില്‍ ഏലപ്പാറയ്ക്കടുത്ത് ചീന്തലാര്‍ എസ്റ്റേറ്റ് തൊഴിലാളിയായി. യാത്രയിലെ ഓരോ അനുഭവങ്ങളും പരമകാരുണികനായ പരമാത്മാവിന്റെ തിരുസന്നിധിയിലേക്കുള്ള ചവിട്ടുപടികള്‍ മാത്രമായാണ് കണ്ടത്. അദ്ദേഹത്തിന്റെ ഉള്ളം കൂടുതല്‍ പ്രകാശമാനമായിക്കൊണ്ടിരുന്നു.
അധികം കഴിയും മുമ്പ് തന്നെ പാപ്പന് കുട്ടി അവിടുത്തെ തൊഴിലാളികള്‍ക്ക് പ്രിയപ്പെട്ട ആളായിത്തീര്‍ന്നു. രാത്രികാലങ്ങളില്‍ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ലയങ്ങളിലെത്തി പാട്ടും പ്രാര്‍ത്ഥനയും സുഭാഷിതങ്ങളും പ്രബോധനങ്ങളും നല്‍കും. ധര്‍മ്മോപദേശങ്ങളും സദാചാര മൂല്യങ്ങളും പകര്‍ന്നു നല്കി. എല്ലാവിധത്തിലും അടിമ ജീവികളായിരുന്ന അവരെ ആന്തരികമായും ബാഹ്യമായും ഉണര്‍ത്തി. അവരുടെ ജീവിതത്തിന് അടുക്കും ചിട്ടയും കൈവന്നു. അവര്‍ അദ്ദേഹത്തെ തങ്ങളുടെ ഗുരുവായും രക്ഷകനായും സ്വീകരിച്ചു. ആരോടും ഒന്നും വെളിപ്പെടുത്താതെ ഒരുനാള്‍ പാപ്പന് കുട്ടി അപ്രത്യക്ഷനായി. അദ്ദേഹം കരുന്തരുവി മലയുടെ നിറുകയിലുള്ള പുന്നമരച്ചോട്ടില്‍ തികച്ചും ദുര്‍ഘടമായ സാഹചര്യത്തെ അതിജീവിച്ച് രണ്ടു വര്‍ഷവും പതിനൊന്നു മാസവും ഇരുപത്തിരണ്ടു ദിവസവും നീണ്ടു നിന്ന കഠിന തപസ്സ്. മുടിയും താടിയും വളര്‍ന്ന് വൈരൂപ്യം അതിന്റെ പ്രഭാവത്തോടെ അദ്ദേഹത്തിന്റെ ശരീരത്തെ വലയം ചെയ്തിരുന്നു. എന്നാല്‍ അശരീരികളിലൂടെയും ദര്‍ശനങ്ങളിലൂടെയും മനനത്തിലൂടെയും കൈവന്ന ആത്മജ്ഞാനത്തിന്റെ അന്തര്‍ജ്വാലയില്‍ ഉരുകിയുറച്ച മനസ്സിന്നുടമയായിരുന്നു ഗുരു. യുഗവ്യവസ്ഥകളും വേദവും വേദാന്ത പൊരുളും ഉല്പത്തി രഹസ്യങ്ങളും പ്രപഞ്ച സത്യങ്ങളും ഹൃദിസ്ഥമാക്കി. ബ്രഹ്മജ്ഞാനത്തിന്റെ മൂര്‍ദ്ധാവിലേക്ക് ഗുരു നടന്നു കയറിയിരിക്കുന്നു. വ്യഭിചാരം, മദ്യപാനം, വിഗ്രഹാരാധന, പരോപദ്രവം, ഹിംസ എന്നീ പഞ്ചമഹാപാപങ്ങളില്‍ നിന്നൊഴിഞ്ഞ് അറിവ്, ആചാരം, വിശുദ്ധി, ആരാധന, ആശ്വാസം, ആനന്ദം, നാമസങ്കീര്‍ത്തനം എന്നീ സപ്ത ഗുണശീലരായി ജീവിക്കുവാനും ഗുരു ഉപദേശിച്ചു. ആത്മാവിനാല്‍ മനനം ചെയ്യുകയും ആത്മാവില്‍ ബോധം ജനിപ്പിച്ച് പരോപകാരം പുണ്യമായി കണ്ട് സ്വയം പ്രകാശിതരായി മനുഷ്യജന്മം സമ്പൂര്‍ണ്ണമാക്കാനും ആത്യന്തികമായി ആത്മബോധത്തിലെത്തി സായുജ്യമടയാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഇഹലോക ഗുരുവിനെ കണ്ടെത്തി ലോക രക്ഷയ്ക്കായി ഒരുമ്പെട്ടു കൊള്ളുക എന്നതും അശരീരിയായി വന്നു. കൊല്ലവര്‍ഷം 1102 വൃശ്ചികം 16 ന് ശിവഗിരിയില്‍ എത്തി. ശ്രീനാരായണ ഗുരുവുമായി സമാഗമം. തന്റെ മടിക്കുത്തില്‍ കരുതിവച്ചിരുന്ന വെറ്റില, പാക്ക്, നാണയം എന്നിവ എടുത്ത് ഭക്ത്യാദരവോടെ വണങ്ങി. ഈ ദക്ഷിണ സ്വീകരിച്ച് അങ്ങ് നമ്മുടെ ഗുരുസ്ഥാനീയനായി അനുഗ്രഹിച്ചാലും…
അല്ലയോ ശുഭാനന്ദാ, നാം എങ്ങനെയാണ് താങ്കള്‍ക്ക് ഗുരുവാകുക?
അങ്ങ് വെറുമൊരു ഗുരുവല്ല. സാക്ഷാല്‍ ശ്രീനാരായണന്റെ ഗുരുവാണ്. അതിനാല്‍ ഈ ദക്ഷിണ സ്വീകരിച്ചാലും… ഒടുവില്‍ ശ്രീ നാരായണ ഗുരു ദക്ഷിണ സ്വീകരിച്ചനുഗ്രഹിച്ചു.
ആത്മബോധോദയസംഘം രൂപീകരണത്തിലും സംഘം പ്രവര്‍ത്തനങ്ങള്‍ക്കും ശ്രീനാരായണ ഗുരുവില്‍ നിന്ന് വലിയ തോതില്‍ ഉപദേശങ്ങളും സഹായങ്ങളും നല്കി. സംഘത്തിന്റെ അഡൈ്വസറായി ശിവഗിരി ധര്‍മ്മസംഘം സെക്രട്ടറി ധര്‍മ്മതീര്‍ത്ഥര്‍ സ്വാമികളെ ഗുരു നിയമിച്ചു. ”താഴ്ത്തപ്പെട്ട മനുഷ്യ ജീവികളുടെ അഭിവ്യദ്ധിക്കായ് വേല ചെയ്യുന്നതിന് സമുദായ സംഘടന ഉണ്ടാക്കുന്നതിന് വേണ്ടി ഇവിടെ നിന്നും ശുഭാനന്ദനെ നിയമിച്ചിരിക്കുന്നു” (1102 മകരം 19) ശുഭാനന്ദ ഗുരു ശിഷ്യത്വം സ്വീകരിച്ചതിലൂടെ അപ്പോഴേക്കും ശിവഗിരിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു എന്നനുമാനിക്കാം. ഡോ. പല്‍പ്പു എഴുതിയ കത്തില്‍ ഇങ്ങനെ കാണുന്നു. പൊതുജനങ്ങളുടെ വിശേഷിച്ചും സാധുജനങ്ങളുടെ നന്മയ്ക്കായി ഇത്രത്തോളം ആത്മാര്‍ത്ഥമായി യത്നിക്കുന്ന ഒരാളെ സ്വാമി ശിഷ്യന്മാരിലും മറ്റ് സന്യാസിമാരിലും എനിക്കറിയില്ല. കാഷായം ധരിക്കുന്നതിലും മഠങ്ങള്‍ സ്ഥാപിച്ചു നടത്തുന്നതിലും മറ്റുമുള്ള ചുമതലകള്‍ ഇത്രത്തോളം അറിയാവുന്നവരെയും ഞാനറിയുന്നില്ല. ആത്മീക മോചനത്തിനൊപ്പം ഭൗതിക ജീവിതോന്നമനവും സംഘത്തിന്റെ ലക്ഷ്യമായിരുന്നു. ഇത് യാഥാസ്ഥിതികന്മാര്ക്ക് സഹിക്കാവുന്നതിലുമധികമായിരുന്നു. അവര്‍ ഗുരുവിനെ ഏത് വിധേനയും വകവരുത്തുന്നതിനുള്ള കരുനീക്കങ്ങള്‍ നടത്തിവന്നു. അപവാദങ്ങള്‍ പറഞ്ഞു പരത്തിയും പറയന് സാമി, കള്ള സന്യാസി തുടങ്ങി ജാതീയ അധിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തു.
ആദ്യ ശിവഗിരി തീര്‍ത്ഥാടനം നടത്താന്‍ ശ്രീ നാരായണ ഗുരുവിന്റെ അനുമതി ലഭിച്ചത് ശുഭാനന്ദ ഗുരുവിനാണ്. കൊല്ലവര്‍ഷം 1102 മേടമാസം 26 ന് മാവേലിക്കരയില്‍ നിന്ന് ആരംഭിച്ചു. പദയാത്രയ്ക്ക് അനുമതി നല്കിയ വേളയില്‍ത്തന്നെ ഇതിന്റെ മേല്‍നോട്ടത്തിനായി കടുത്ത ശ്രീ നാരായണ ഭക്തരും അനുയായികളുമായി ആലുംമൂട്ടില്‍ എ.കെ.ഗോവിന്ദദാസ്, വള്ളികുന്നം കാമ്പിശ്ശേരി കൊച്ചിക്കാ ചാന്നാര്‍ എന്നിവരെ ചുമതലപ്പെടുത്തണമെന്നും ശ്രീനാരായണഗുരു നിര്‍ദ്ദേശിച്ചിരുന്നു. അന്നത്തെ തിരുവിതാംകൂറിലെ ഈഴവ പ്രാമാണികരായിരുന്ന ഇരുവര്‍ക്കും പദയാത്രികര്‍ക്ക് ശിവഗിരി വരെ എത്തിച്ചേരുന്നതിനും അതിനിടയില്‍ ഓരോ ദിവസവും താവളമൊരുക്കുന്നതിനും പ്രാപ്തിയുണ്ടെന്ന് ബോദ്ധ്യമുണ്ടായത് കൊണ്ടാണ് ആ നിര്‍ദ്ദേശം നല്‍കിയത്. പദയാത്ര വന്‍ വിജയമായി സമാപിച്ചു. ഇതിന് ശേഷം ശുഭാനന്ദ ഗുരുദേവനോടുള്ള ജാതിപ്പിശാചുക്കളുടെ കഠിനമായ ശത്രുതയും കുറഞ്ഞുതുടങ്ങി. ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ അമ്മാവന് രാമവര്‍മ്മരാജ എന്ന ആര്‍ട്ടിസ്റ്റ് തിരുമേനി ശുഭാനന്ദ ഭക്തനും അഭ്യുദയകാംക്ഷിയുമായി കൂട്ടുചേര്‍ന്നതും ആത്മബോധോദയ സംഘം രക്ഷാധികാരിയായി ചുമതലയേറ്റതും സംഘത്തിനും ഗുരുവിനും പിന്‍ബലമായി. ക്ഷേത്രപ്രവേശന ആവശ്യമുന്നയിച്ച് 101 സന്യാസിമാരെ അണിനിരത്തി നടത്തിയ പദയാത്രയും ചരിത്രത്തിന്റെ ഭാഗമായി.
ആത്മബോധോദയ സംഘം പ്രവര്‍ത്തനം ആരംഭിച്ച് ആശ്രമങ്ങള്‍ സ്ഥാപിച്ചതു മുതല്‍ വൃദ്ധരെയും ആതുരെയും അനാഥരെയും ഏറ്റെടുക്കുകയും സംരക്ഷിക്കുകയും പഠിപ്പിക്കുകയും തൊഴില്‍ പരിശീലനത്തില്‍ ഏര്‍പ്പെടുത്തി സ്വയംപര്യാപ്തരാകാന്‍ സംവിധാനം ഒരുക്കി. കൈത്തൊഴില്‍ ചെയ്യുന്നതിന് അസംസ്കൃത സാധനങ്ങള്‍ എത്തിച്ചു നല്‍കുക, പരുത്തിനൂല് കൊണ്ട് വസ്ത്ര നിര്‍മ്മാണത്തിനുള്ള വിവിംഗ് സ്കൂള്‍, സാധുക്കള്‍ക്കായി ധര്‍മാശുപത്രി, അനാഥക്കുട്ടികള്‍ക്ക് മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ചിത്രമെഴുത്ത് എന്നിവയ്ക്കായി പ്രത്യേക സ്കൂള്‍, ബ്രഹ്മചര്യം, ത്യാഗം, സന്യാസം ആദര്‍ശ പ്രചരണം തുടങ്ങിയ ആത്മീയ പഠനത്തിനായി സ്ഥാപനം എന്നിവ ലക്ഷ്യമിട്ടു. ഭൗതിക സാഹചര്യങ്ങളും സമ്പത്തും കണ്ടെത്തുന്നതിന് ഗുരുദേവന് തെരഞ്ഞെടുത്ത മാര്‍ഗ്ഗം പ്രധാനമായും ഭിക്ഷാടനമായിരുന്നു. ശുഭാനന്ദ മോട്ടോര്‍ സര്‍വ്വീസ് എന്ന പേരില്‍ ബസ് സര്‍വ്വീസും നടത്തിവന്നിരുന്നു. കാലാന്തരത്തില്‍ അവയൊക്കെ നഷ്ടമായത് ജാതി സര്‍പ്പങ്ങളുടെ കരുനീക്കങ്ങളുടെ ഫലമായാണ്. ഗുരു കള്ളക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു. എന്നിരുന്നാലും ആത്മീയതയോടൊപ്പം സമൂഹ വളര്‍ച്ചയ്ക്ക് വേണ്ടിയും ദീര്‍ഘദര്‍ശനത്തോടെ പ്രവര്‍ത്തിച്ച തിരുവിതാംകൂറിലെ ആദ്യ വ്യവസായ സംരംഭകന് ശുഭാനന്ദ ഗുരുവാകുന്നു. മാവേലിക്കര സന്ദര്‍ശിച്ച ഗാന്ധിജിക്ക് മംഗളപത്രം സമര്‍പ്പിക്കപ്പെട്ടതിലൂടെ സൗഹൃദം സ്ഥാപിക്കാനായതിലൂടെ അനാഥസംരക്ഷണത്തിനും നെയ്ത്തുശാലയുടെ പ്രവര്‍ത്തനത്തിനും ദേശീയ ഹരിജനോദ്ധാരണ നിധിയില്‍ നിന്നും ഗ്രാന്റ് നേടിയെടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ജാതിഭേദചിന്തകള്‍ക്കതീതമായ ആത്മീയ മോചന ദിവ്യാനുഭൂതി അനുഭവിക്കുന്ന അനേക ലക്ഷം ഭക്തരും നൂറ് കണക്കിന് ആശ്രമങ്ങളും ഇന്ത്യക്കകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്നു. അടിമ സന്തതികളുടെ സര്‍വ്വതോമുഖമായ ഉയര്‍ച്ചയ്ക്ക് വേണ്ടി അവതാര ജന്മം കൊണ്ട ആ ആത്മീയ തേജസ്വി ഒമ്പത് നിലകളും ഒമ്പത് വാതിലുകളുമുള്ള ആദര്‍ശാശ്രമം എന്ന സ്വപ്നം ബാക്കി വച്ച് 1950 ജൂലൈ 29 ന് ശനിയാഴ്ച രാത്രി 8-30 ന് തന്റെ 68-ാം വയസില്‍ തിരുശരീരം വെടിഞ്ഞു.
ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും വര്‍ഗ്ഗത്തിന്റെയും വര്‍ണ്ണത്തിന്റെയും ആരാധനയുടെയും പേരില്‍ മനുഷ്യ മനസുകള്‍ പകയും വെറുപ്പും വിദ്വഷവും കൊണ്ട് സമൂഹത്തില്‍ അശാന്തി പടര്‍ത്തുമ്പോള്‍ സ്നേഹത്തിന്റെയും സത്യത്തിന്റെയും സഹനത്തിന്റെയും സമഭാവനയുടെയും ശാന്തിയുടെയും വെള്ളിവെളിച്ചമായി, ശുഭ നക്ഷത്രമായി ശുഭാനന്ദ നാമധേയം ജ്വലിച്ചു നില്ക്കുന്നു.
‘ബോധം താനാദിയില്‍, ബോധം കൊണ്ടീ ലോകം
ബോധത്തിലേകത്വമേക മോക്ഷം
ബോധത്തിലെത്തി പ്രശോഭിച്ചീടുന്നവര്‍-
ക്കാപത്തൊഴിച്ചുടുന്നാത്മബോധം!
ആത്മബോധോദയമത്യന്ത വേദാന്ത-
മിദ്ധരയില്‍ മറ്റ് വേദമില്ല.
സ്രഷ്ടാവില്‍ കണ്ടൊരറിവല്ലോ സൃഷ്ടികള്‍-
ക്കുള്‍ക്കൃഷ്ടമയുള്ളില്‍ നില്ക്കും വേദം
ഇല്ലായ്മയില്‍ നിന്നിട്ടീ ലോകമുണ്ടാ
തുള്ളവനില്‍ നിന്നുള്ളാത്മബോധം…’
139-ാം പൂരം തിരുനാള്‍ ശുഭമായിത്തീരട്ടെ എന്നാശംസിക്കുന്നു.
(സാംബവ മഹാസഭ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍-9497336510)
പ്രതികരിക്കാൻ ഇവിടെ എഴുതുക: