ലുധിയാന: മണ്ഡികള്‍ക്കു വേണ്ടി സമരം ചെയ്ത പഞ്ചാബിലെ കര്‍ഷകര്‍ക്ക് ഇപ്പോള്‍ മണ്ഡികള്‍ തന്നെ തിരിച്ചടിയാകുന്നു. പുതിയ കാര്‍ഷിക നിയമത്തിന്റെ സംഭരണ, വിപണന സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മടിച്ച പഞ്ചാബി കര്‍ഷകര്‍ ഇപ്പോള്‍ കാലാവസ്ഥയുടെ കനിവിനായി കാത്തിരിക്കുകയാണ്.
ലുധിയാനയിലെ കര്‍ഷകരാണ് തങ്ങളുടെ വിളവ് നശിക്കുമോയെന്ന ആശങ്കയോടെ കഴിയുന്നത്. അവിടത്തെ മണ്ഡികളിലേക്ക് കര്‍ഷകര്‍ നല്കിയ ഗോതമ്പ് തുറന്ന സ്ഥലത്തിട്ടിരിക്കുന്നതാണ് കര്‍ഷകരുടെ ചങ്കിടിപ്പേറ്റുന്നത്. താന്‍ നല്കിയ ധാന്യങ്ങള്‍ മണ്ഡിയില്‍ തുറന്ന ആകാശത്തിനു കീഴെയാണ് കിടക്കുന്നതെന്നും മഴയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു സംവിധാനവും ഒരുക്കിയിട്ടില്ലെന്നും സുഖ്ദേവ് സിങ് എന്ന കര്ഷകന് വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.
ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും, അതൊന്നും ഇവിടെ കാണാനില്ലെന്നും സര്‍ക്കാര്‍ നുണപറയുകയാണെന്നും സുഖ്ദേവ് സിങ് ചൂണ്ടിക്കാട്ടി.
അതേസമയം, വേറെ വില്ക്കാന് സാഹചര്യമില്ലാത്തതിനാല്‍ ഇപ്പോഴും വിളവെടുക്കുന്ന കര്‍ഷകര്‍ മണ്ഡിയിലേക്ക് ഗോതമ്പ് നല്കാന് തയാറായി നില്ക്കുന്നു. എന്നാല്‍, ഉള്ളത് മാറ്റാതെ എങ്ങനെ നല്‍കുമെന്നാണ് അവരുടെ ചോദ്യം. വയലില്‍ തന്നെ കിടന്ന് അതു നശിക്കുമോയെന്ന ഭയവും അവര്‍ക്കുണ്ട്. പുതിയ കാര്‍ഷിക നിയമം നിലവില്‍ വന്നെങ്കില്‍ ഇങ്ങനെ നില്ക്കേണ്ടിവരില്ലായിരുന്നെന്നും അവരില്‍ ചിലര്‍ സ്വകാര്യമായി സമ്മതിക്കുന്നു. പുതിയ നിയമപ്രകാരം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ രാജ്യത്തെവിടെയും വിറ്റഴിക്കാമായിരുന്നു. ആ സാധ്യത നഷ്ടപ്പെട്ടതിന്റെ ദുഃഖവും അവരില്‍ ചിലര്‍ പങ്കുവയ്ക്കുന്നു.
അതേസമയം, മണ്ഡികളില്‍ സംഭരണശേഷിക്ക് കുറവൊന്നുമില്ലെന്ന് പഞ്ചാബ് ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ഭാരത് ഭൂഷണ് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: