ഉതത്ഥ്യന്റെ ഭാര്യ മമത യഥാസമയം പ്രസവിച്ചു. ക്രമത്തില്‍ മമതയ്ക്ക് ഒരു കാര്യം വ്യക്തമായി. തന്റെ മകന് കാഴ്ച ശക്തിയില്ല. അതെ, ബൃഹസ്പതിയുടെ ശാപം ഫലിച്ചിരിക്കുന്നു. അവന്റെ കണ്ണുകളില്‍ ഇരുട്ടാണ് തങ്ങി നില്‍ക്കുന്നത്. ദീര്‍ഘമായ ഇരുട്ട്. അതു മനസ്സിലാക്കി ഉതത്ഥ്യന് അവന് ദീര്‍ഘ തമസ് എന്നു പേരു നല്കി. ഇതു കേട്ട് അംഗിരസ് മഹര്‍ഷി പറഞ്ഞു, അവന് ദീര്‍ഘ തമസായിരിക്കാം. പക്ഷേ, സ്ഥിര തമസ്സാവില്ല. അദ്ദേഹം അനുഗ്രഹിച്ചു; ‘തമസോ മാ ജ്യോതിര്‍ ഗമയ’. ഇരുട്ടില്‍ നിന്നും ഇവന് പ്രകാശത്തിലേക്ക് തിരിച്ചു വരും.
മമത മുഴുവന്‍ വിവരങ്ങളും പറഞ്ഞില്ലെങ്കിലും കാര്യങ്ങളെല്ലാം അംഗിരസിനു വ്യക്തമായി. അദ്ദേഹം ബൃഹസ്പതിയോടു പറഞ്ഞു; ചെയ്യുന്ന കര്‍മങ്ങള്‍ക്കെല്ലാം ഫലം അനുഭവിക്കേണ്ടി വരുമെന്നത് പ്രകൃതി നിയമം തന്നെയാണ്. ഇത് ശാപമല്ല. എന്നാല്‍ സ്വാനുഭവത്തില്‍ വരുമ്പോഴേ ഇതൊക്കെ പഠിക്കാന്‍ ചിലര്‍ക്ക് സാധ്യമാകൂ. (ബൃഹസ്പതിയുടെ ഭാര്യ താരയ്ക്ക് ശിഷ്യനായ ചന്ദ്രനുമായുണ്ടായിരുന്ന അടുപ്പം ഈ ഘട്ടത്തില്‍ ബൃഹസ്പതിയുടെ അറിവില്‍ പെട്ടിരുന്നില്ല).
അംഗിരസില് നിന്നും ഉതത്ഥ്യനില് നിന്നും മറ്റു പല ഗുരുക്കന്മാരില് നിന്നും വേദങ്ങള്‍ കേട്ടു വളര്‍ന്ന ദീര്‍ഘ തമസ് വളരെ ജ്ഞാനിയായിരുന്നു. ബൃഹസ്പതി തുല്യനാണ് ദീര്‍ഘ തമസെന്ന് പലരും പറയുന്നതു കേട്ട് അദ്ദേഹം സ്വയമറിയാതെ ബൃഹസ്പതിയുമായി താരതമ്യപ്പെടുത്തി നോക്കി. താന്‍ അമ്മയുടെ ഗര്‍ഭത്തില്‍ കിടക്കുമ്പോള്‍ ബൃഹസ്പതിയുടെ വായില്‍ നിന്നു വീണ വാക്കുകളെപ്പോലും അദ്ദേഹം താരതമ്യപഠനത്തിന് ഉപയോഗപ്പെടുത്തി. കാഴ്ചയില്ലെങ്കിലും എല്ലാ കാര്യങ്ങളേയും മനസാ വീക്ഷിച്ച് പുറം കണ്ണില്ലെങ്കിലും അകക്കണ്ണില്‍ എല്ലാം കണ്ടു.
ക്രമേണ ദീര്‍ഘ തമസ് വളര്‍ന്ന് യൗവനത്തിലെത്തി. പ്രദ്വേഷി എന്നൊരു ബ്രാഹ്മണ കുമാരിയെ അദ്ദേഹം വിവാഹം കഴിച്ചു. വിജ്ഞാന ദാഹിയായ ദീര്ഘതമസിന് കുടുംബ ജീവിതത്തിലൊന്നും വലിയ താല്പര്യമില്ലെന്ന് പ്രദ്വേഷി പതുക്കെ തിരിച്ചറിഞ്ഞു. സന്താനങ്ങളായെങ്കിലും തന്നെയോ സന്താനങ്ങളെയോ പാലിക്കാതെ താന്തോന്നിയെപ്പോലെയാണ് ഭര്‍ത്താവ് കഴിയുന്നതെന്ന് അവള് ധരിച്ചു.
ഇടയ്ക്ക് യൗവന യുക്തകളായ സുന്ദരിമാരെ കാണുമ്പോള്‍ ദീര്‍ഘതമസിന്റെ മനസ്സു മാറുന്നതായി ഭാര്യ സംശയിച്ചു. ആ സംശയം ഉറപ്പിക്കും വിധത്തില്‍ സമീപവാസികളില്‍ ചിലരുടെ സംഭാഷണം സംഭാഷണവും കേള്‍ക്കാനിടയായി. ഇതോടെ പ്രദ്വേഷിയുടെ കോപം ഇരാിച്ചു. ഇദ്ദേഹത്തിന്റെ അന്ധത പോലും അഭിനയമാണെന്ന് അവര്‍ വ്യാഖ്യാനിച്ചു. സുന്ദരികളായ സ്ത്രീകള്‍ അരികിലൂടെ പോയാല്‍ ദീര്‍ഘ തമസ് അവരെ തന്നെ നോക്കിയിരിക്കുമത്രേ. പൂര്‍വത്തില്‍ തന്നെ ബൃഹസ്പതിയില്‍ നിന്നും പ്രകാശ മൈഥുനം പഠിച്ചെടുത്തത് പ്രയോഗത്തില്‍ വരുത്തുകയാണ് ദീര്ഘതമസ്സെന്ന് അവര്‍ പറഞ്ഞു. അതോടെ പ്രദ്വേഷി മക്കളുമായി ആലോചിച്ച് ഒരു ചെറു ചങ്ങാടമുണ്ടാക്കി ദീര്‍ഘ തമസ്സിനെ അതില്‍ കയറ്റി ഒരു പുഴയില്‍ ഒഴുക്കി വിട്ടു.
ഗംഗാ നദിയില്‍ ഒഴുകി നടന്ന ചങ്ങാടത്തില്‍ ദീര്‍ഘ തമസ്സിനെ കണ്ട ആനവ ദേശത്തെ രാജാവ് ബലി അദ്ദേഹത്തെ തന്റെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: