ഹൂസ്റ്റണ്‍: അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് അമേരിക്കക്കാരിയായ നഴ്സ് അറസ്റ്റിൽ. അമേരിക്കയിലെ ഫ്ലോറിഡയിലെ നിവിയാൻ പെറ്റിറ്റ് ഫെൽപ്സ് എന്ന 39 കാരിയാണ് അറസ്റ്റിലായിരിക്കുന്നത്.
ഫെൽപ്സ് ജയിലിൽ കഴിയുന്ന തന്റെ ഭര്‍ത്താവിന് 2021 ഫിബ്രവരിയില്‍ അയച്ച വീഡിയോ സന്ദേശങ്ങളിലാണ് കമലാ ഹാരിസിനെ വധിക്കുമെന്ന പദ്ധതി വെളിപ്പെടുത്തിയിരുന്നത്. തടവുകാരുമായി ബന്ധപ്പെടുന്നതിന് വേണ്ടിയുള്ള ജെപേ ആപ്പിലൂടെയാണ് ഫെല്‍പ്സ് ഈ വീഡിയോ സന്ദേശങ്ങള്‍ അയച്ചത്. ഫെൽപ്സ് തന്റെ ഭര്‍ത്താവിന് 30 സെക്കന്റ് വീതം ദൈര്‍ഘ്യമുള്ള അഞ്ച് വീഡിയോകളും രണ്ട് ചിത്രങ്ങളും ആണ് അയച്ചത്.
അമേരിക്കൻ സീക്രട്ട് സര്‍വീസാണ് ഫെല്‍പ്സിന്റെ ഈ ഭീഷണി സന്ദേശങ്ങള്‍ കണ്ടെത്തുകയും ഫെല്‍പ്സിനെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്. “കമലാ ഹാരിസ്, നിങ്ങള്‍ മരിക്കാൻ പോകുകയാണ്. നിങ്ങളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ട് കഴിഞ്ഞു” എന്നതായിരുന്നു ഫെൽപ്സിന്റെ ഒരു വീഡിയോ സന്ദേശം. ഇത്തരത്തില്‍ കമലാ ഹാരിസിനെതിരായ നിരവധി ഭീഷണി സന്ദേശങ്ങളാണ് ഫെല്‍പ്സ് ഭര്‍ത്താവിന് അയച്ചിരിക്കുന്നത്.
ഫെബ്രുവരി 13 മുതൽ 18 വരെയുള്ള സമയത്തിനിടെ അമേരിക്കൻ വൈസ് പ്രസിഡന്റായ കമലയെ കൊലപ്പെടുത്തുമെന്നും ശാരീരികമായി ആക്രമണങ്ങള്‍ നടത്തുമെന്നും ഫെൽപ്സിന്റെ മറ്റൊരു ഭീഷണി സന്ദേശത്തില്‍ പറയുന്നു. “ഞാൻ തോക്കെടുക്കാന്‍ പോകുന്നു” എന്നും “ഇന്ന് മുതൽ 50 ദിവസത്തിനുള്ളില്‍ വധിക്കും” എന്നും ഫെല്‍പ്സ് മറ്റൊരു വീഡിയോയിൽ പറയുന്നു.
ഭര്‍ത്താവിനയച്ച രണ്ട് ചിത്രങ്ങളിലൊന്നില്‍ ഫെല്‍പ്സ് ഒരു ഷൂട്ടിംഗ് റേഞ്ചില്‍ തോക്കേന്തി നില്ക്കുന്നതും വെടിയുണ്ടയേറ്റ് തുളവീണ ടാര്‍ജറ്റും കാണാം. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഫെല്‍പ്സ് രഹസ്യമായി തോക്ക് കൊണ്ടുപോകാനുള്ള ലൈസന്‍സിന് അപേക്ഷിച്ചിരിക്കുന്നതെന്നും ഫ്ലോറിഡയിലെ സതേൺ ഡിസ്ട്രിക്റ്റിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് കോടതിയിൽ നൽകിയ ക്രിമിനൽ പരാതിയിൽ പറയുന്നു.
വീഡിയോകളില്‍ പൊതുവേ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനേയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനേയും രോഷത്തോടെ അധിക്ഷേപിക്കുന്നുണ്ട്. അതോടൊപ്പമാണ് കമലയ്ക്കെതിരായ വധഭീഷണിയും.
അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ് കമലാ ഹാരിസ്. അതിന് പുറമെ, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ദക്ഷിണേഷ്യൻ അമേരിക്കൻ വംശജ എന്നീ പ്രത്യേകതകളും കമലയ്ക്കുണ്ട്. ഫെല്‍പ്സും കറുത്ത വര്‍ഗ്ഗക്കാരിയാണ്.
ഫെൽപ്സ് 2001 മുതൽ ജാക്സൺ ഹെൽത്ത് സിസ്റ്റം എന്ന കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇപ്പോള്‍ അവരെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. എന്നാല്‍ തന്റെ മകള്‍ രോഗിയാണെന്നും എന്താണ് ചെയ്യുന്നതെന്ന് അവള്ക്കറിയില്ലെന്നുമാണ് ഫെല്‍പ്സിന്റെ അമ്മ ഹെറോയെ പെറ്റിറ്റ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: