ഇടുക്കി: കിഫ്ബിയുടെ പേരിലുള്ള റോഡ് നിര്‍മ്മാണത്തില്‍ വലിയ തോതിലുള്ള അഴിമതിയും കൃത്രിമവുമെന്ന് പരാതി. സംസ്ഥാന പാതയുടെ ഭാഗമായ കുട്ടിക്കാനം-ചപ്പാത്ത് റോഡ് നിര്‍മാണത്തിന്റെ പേരില്‍ അതീവ പരിസ്ഥിതി ലോല മേഖല കൂടിയായ സ്ഥലത്ത് നടക്കുന്നത് വന്‍തോതിലുള്ള പാറപൊട്ടിക്കല്‍. പരിസ്ഥിതിയെ നശിപ്പിക്കുന്ന തരത്തില്‍ വലിയ തോതില്‍ പാറപൊട്ടിച്ചെടുക്കുന്നതായി കാട്ടി ഏലപ്പാറ സ്വദേശി പുത്തന്‍പുരയ്ക്കല്‍ പി. രാജു, കൊച്ചുകരുന്തരവി തടത്തില്‍ സന്തോഷ് ടി.എസ്. എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.
ജില്ലയില്‍ ഉടുമ്പന്‍ചോല, പീരുമേട് താലൂക്കില്‍ ഇത്തരത്തിലുള്ള നിര്‍മാണങ്ങള്‍ തകൃതിയാണെന്ന് കാട്ടി ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. സംസ്ഥാനത്തുടനീളം ഗുണനിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കാന്‍ കോടികള്‍ മുടക്കിയാണ് കിഫ്ബി പദ്ധതി നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ പേരില്‍ അഴിമതിയോ സ്വജനപക്ഷാപാതമോ ഉണ്ടാകില്ലെന്നും അവകാശപ്പെടുന്നു.
എന്നാല്‍ കുട്ടിക്കാനം-ചപ്പാത്ത് റോഡില്‍ സ്ഥിതി മറിച്ചാണ്. ഇവിടെ മേമഖ ഭാഗത്ത് റോഡിന് വീതി കൂട്ടി ആഴത്തില്‍ പാറ ഖനനം ചെയ്തെടുത്തിരിക്കുന്നു. ഏലപ്പാറ ടൗണ്‍ കഴിഞ്ഞുള്ള മുസ്ലിം പള്ളിക്ക് സമീപം പട്ടയഭൂമിയില്‍ മറ്റുള്ളവരെ സംരക്ഷിക്കാനായി കൃഷി നശിപ്പിച്ച് സംരക്ഷണ ഭിത്തി കെട്ടി. ഇവിടെ നിന്ന് മുന്നോട്ട് പോകുമ്പോള്‍ ഒന്നാം മൈല്‍ മുതലുള്ള ഭാഗത്ത് റോഡിന്റെ മറവില്‍ 100-500 മീറ്റര്‍ വരെ ഉള്ളിലേക്ക് കയറി സ്ഥലമുടമകള്‍ക്ക് പണം നല്കി പാറ ഖനനം നടത്തിയിട്ടുണ്ട്. ചിന്നാര്‍ കവലയില്‍ എസ്റ്റേറ്റ് സ്ഥലം നല്‍കില്ലെന്ന പേരില്‍ യഥാര്‍ത്ഥ പ്ലാനില്‍ നിന്ന് മാറ്റി സര്‍ക്കാരിന് അധിക ബാധ്യത വരുന്ന രീതിയിലാണ് നിര്‍മാണം.
ഇവിടെ വന്‍തോതില്‍ പാറപൊട്ടിച്ചുള്ള നിര്‍മ്മാണം നടത്തുന്നത് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമാകുമെന്ന പരാതിയുമുയരുന്നു. വീട് വയ്ക്കാന്‍ പാറപ്പൊട്ടിക്കുന്നതിന് അനുമതി നല്‍കാത്ത മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഇതിന് കൂട്ട് നില്‍ക്കുകയാണെന്നും പലയിടത്തും നിര്‍മ്മാണം കൃത്യമായല്ല നടക്കുന്നതെന്നും റോഡിലെ വളവുകള്‍ പോലും നിവര്‍ത്തുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്തെ ഇടത്-വലത് നേതാക്കള്‍ രംഗത്തെത്തി. പൊതുമരാമത്ത് നിരത്ത്വിഭാഗം, മൈനിങ് ആന്റ് ജിയോളജി, ആര്‍ഡിഒ തുടങ്ങിയവര്‍ക്കാണ് ഇരുവരും പരാതി നല്‍കിയത്. വിഷയത്തില്‍ തീരുമാനം ആകാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
അതേസമയം ഇത്തരത്തിലൊരു പരാതി അറിഞ്ഞില്ലെന്ന് പീരുമേട് തഹസില്‍ദാര്‍ സതീഷ് പറയുന്നു. വിഷയം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: