ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യകലാ രംഗത്തെ ജാതിവിവേചനത്തില്‍ പ്രതിഷേധം. മേളത്തിനും പഞ്ചവാദ്യത്തിനും തായമ്പകയ്ക്കും കലാകാരന്മാരെ തെരഞ്ഞെടുക്കുന്നത് ജാതി നോക്കിയാണ്. മേല്‍ജാതിയില്‍പ്പെട്ട വാദ്യകലാകാരന്മാര്ക്ക് മാത്രമാണ് ക്ഷേത്രത്തിനകത്ത് അവസരമൊരുക്കുന്നത്. നിരവധി തവണ പരാതിപ്പെട്ടിട്ടും ദേവസ്വം ബോര്‍ഡ് നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
പിന്നാക്ക വിഭാഗങ്ങളെ വാദ്യം ഉപയോഗിക്കാന്‍ പരിഗണിക്കുന്നില്ല. നായര്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ചില വാദ്യങ്ങളില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ട്. എന്നാല്‍, ചില വാദ്യങ്ങള്‍ക്ക് അയിത്തം കല്പ്പിക്കുന്നു. ദളിത് വിഭാഗക്കാര്‍ക്ക് ഒരു വാദ്യത്തില്‍ പോലും പങ്കെടുക്കാന്‍ കഴിയില്ല. ചെയര്‍മാനോട് നേരിട്ട് കാര്യം ബോധിപ്പിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്ന് വാദ്യകലാകാരനും തിരുവെങ്കിടം സ്വദേശിയുമായ പി.സി. വിഷ്ണു പറഞ്ഞു.
ഗുരുവായൂര്‍ ദേവസ്വത്തിന് ഇക്കാര്യമാവശ്യപ്പെട്ട് വീണ്ടും കത്ത് നല്‍കിയിട്ടുണ്ട്. നേരത്തെ നല്കിയ പരാതിയില്‍ അഞ്ച് മാസമായിട്ടും മറുപടി നല്‍കാത്ത സാഹചര്യത്തില്‍ വിഷ്ണു ദേവസ്വത്തിന് വീണ്ടും കത്ത് നല്‍കുകയായിരുന്നു. കത്തിന്റെ പകര്‍പ്പ് ദേവസ്വം മന്ത്രിക്കും നല്കി. ഗുരുകുല രീതിയില്‍ 10 വയസ് മുതല്‍ ചെണ്ട അഭ്യസിക്കുന്നയാളാണ് വിഷ്ണു. ഗുരുവായൂരപ്പ ഭക്തനും ഗുരുവായൂര്‍ സ്വദേശിയുമായിട്ടും ക്ഷേത്രത്തിനകത്ത് മേളം, തായമ്പക എന്നിവ അവതരിപ്പിക്കാന്‍ അവസരം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് കത്തില്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: