ശുദ്ധബോധാത്മകമായ ഭക്തിപ്പൊരുളിലൂടെയും ദര്‍ശന സത്യങ്ങളിലൂടെയും മനുഷ്യന്റെ ഏകസത്തയെ സാക്ഷാത്ക്കരിച്ച ശ്രേഷ്ഠരായ സംന്യാസികളുടെ മഹാനിരയില്‍ അഗ്രിമസ്ഥാനമാണ് സന്ത് രവിദാസ് നേടുന്നത്. പരിവര്‍ത്തനത്തിന്റെ ചാലക ശക്തിയും ആശയമൂശയുടെ വീര്യവുമാണ് ഗുരു രവിദാസിന്റെ സാമൂഹ്യനവോത്ഥാനത്തിന്റെ അഗ്നി പ്രകാശം. ജാതിചിന്തയും ഉച്ചനീചത്വവും അസ്പൃശ്യതയും പേറുന്ന ജനമനസ്സിലേക്കാണ് രവിദാസിന്റെ വിചിന്തനത്തില്‍ വിടര്‍ന്ന നവീനാശയങ്ങള്‍ കടന്നു ചെല്ലുന്നത്. സമൂഹത്തിന്റെ കീഴ്ഘടകങ്ങളില്‍ പെട്ടുഴലുന്ന മനുഷ്യന് രവിദാസീയ മാര്‍ഗം തുറന്നു കൊടുത്തത് പരമരുചിരമായ വാതായനങ്ങളായിരുന്നു.
പതിനഞ്ചാം നൂറ്റാണ്ടാണ് ഗുരുവിന്റെ കാലമെന്ന് സാമാന്യമായി അംഗീകരിക്കപ്പെടുന്നുണ്ട്. വാരാണസിയില്‍ ചാമര്‍ കല്‍സാ ദേവിയുടെയും ബാബാ സന്തോഷ്ദാസിന്റെയും പുത്രനായാണ് രൈദാസ് എന്ന രവിദാസ് ജനിക്കുന്നത്. കുഞ്ഞുനാളില്‍ തന്നെ ജാതീയമായ വിവേചനങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. പ്രാഥമികജ്ഞാനം നേടിയതിനപ്പുറം പരമജ്ഞാനത്തിന്റെ വഴി തേടിയാണ് രവിദാസ് സഞ്ചരിച്ചത്. കുലത്തൊഴില്‍ ചെയ്ത് ജീവിക്കുമ്പോഴും ഉള്ളിലുറന്ന ആത്മീയാന്വേഷണങ്ങളില്‍ മുഴുകിയ ആചാര്യന് സന്ത് മതസ്ഥാപകനായ കബീര്‍ ദാസിന്റെയും ധര്മച്രചാരകനായ രാമാനന്ദന്റെയും സാമീപ്യ സമ്പര്‍ക്കം ലഭിച്ചു. സര്‍വചരാചരങ്ങളിലും കുടികൊള്ളുന്ന ആത്മാവ് ദൈവാംശമാണെന്നും അതു കൊണ്ടു തന്നെ ജാതി ചിന്തയ്ക്ക് യുക്തിയില്ലെന്നുമാണ് രവിദാസ് വാദിച്ചത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വിവേചനവും ജാതീയമായ ഉച്ചനീചത്വവും മനുഷ്യനെ പരസ്പരമകറ്റും. അതു കൊണ്ടുതന്നെ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കെതിരെ ആശയ സമരം നടത്തുകയായിരുന്നു ആചാര്യന്. അദൈ്വത സത്തയുടെ ആശയ സംഹിതകളിലായിരുന്നു ആ സഞ്ചാരം.
ബ്രാഹ്മണരിലൊരു വിഭാഗം രവിദാസിന്റെ ഇൗശ്വര പൂജയെ ചോദ്യം ചെയ്ത് രാജാവിന് പരാതി ബോധിപ്പിച്ചെങ്കിലും രവിദാസിന്റെ കര്മ്മശുദ്ധിയില് സംതൃപ്തനായിരുന്നു രാജാവ്. ചിത്തോറിലെ റാണി സന്ത് ഹരിദാസിനെ ഗുരുവായി സ്വീകരിച്ചതോടെ എതിര്‍പ്പുകള്‍ കെട്ടടങ്ങി. ആത്മീയ ഗുരുവില്‍ നിന്നൊഴുകിയ പ്രതീകാത്മകമായ ഗീതകങ്ങള്‍ യോഗാത്മക വിഭൂതിച്ചിറകുകളിലാണ് ചിദാകാശ സഞ്ചാരം തുടങ്ങിയത്. ഈശ്വര നാമാവലിയാണ് കലിയുഗ ധര്‍മത്തിന്റെ ഔഷധിയെന്ന് രവിദാസിന്റെ സദ്സംഗങ്ങള്‍ ഓര്‍മിപ്പിച്ചു.
കബീറുമായുള്ള നിര്‍ഗുണ, സഗുണ സംവാദങ്ങള്‍ ആത്മജ്ഞാനത്തിന്റെ നവമാര്ഗങ്ങളിലേക്കാണ് ആചാര്യനെ നയിച്ചത്. കൃഷ്ണമയമായ ജീവനകലയിലൂടെ കൃഷ്ണാവബോധത്തില്‍ പ്രവേശിച്ച മീരാബായി ഗുരുവിന്റെ അനുയായി പഥത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. സിക്ക് മതസ്ഥാപകാചാര്യനായ ഗുരുനാനാക് രവിദാസിന്റെ ആത്മീയ സന്ദേശത്തില്‍ സംതൃപ്തനായിരുന്നു.
സിക്ക് മതത്തിന്റെ ഊര്‍ജദായിനിയായ തത്വങ്ങളില്‍ പ്രചോദിതനായാണ് രവിദാസീയ മാര്‍ഗം ആവിര്‍ഭവിച്ചത്. സമത്വസുന്ദരവും ആദര്‍ശാത്മകവുമായ സന്താപമറ്റ ലോകമാണ് ഈ ധര്‍മസംഹിതയുടെ ആധാരസ്വപ്നം. ഉച്ചനീചത്വമില്ലാത്ത സാമൂഹ്യ സംവിധാന ക്രമം വിഭാവനം ചെയ്ത ഈ മഹാത്മക പദ്ധതിയുടെ യത്നങ്ങള്‍ പത്തൊമ്പതും ഇരുപതും നൂറ്റാണ്ടിനിടയിലാണ് ശക്തി പ്രാപിക്കുന്നത്. സ്വനഗരിയില്‍ ‘മാഘപൂര്‍ണിമ’ യായി ഗുരുജയന്തി ആഘോഷിക്കുന്നു.
ദലിത് മുന്നേറ്റത്തിന് ഭാവാത്മകമായ ഊര്‍ജം പകരാന്‍ ഈ തത്വാത്മക സഞ്ചാരം കാരണമായിട്ടുണ്ട്. ‘ഭക്തമാലി’ലും ഗുരുഗ്രന്ഥ സാഹിബിലും ഈ ഗുരു ശ്രേഷ്ഠന് ആദരണീയമായ സ്ഥാനമലങ്കരിക്കുന്നു. സിക്കുകാരുടെ പാവനമായ ആദി ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തി രവിദാസ് ജിയുടെ നാല്‍പ്പതു ഗീതകങ്ങള്‍ ആത്മവിഭൂതിയുടെ ആകാശങ്ങള്‍ കീഴടക്കുകയായിരുന്നു. ‘പഞ്ചവാണി’ യിലും ‘അമൃത്ബനി’യിലും സമാഹരിച്ച സ്തുതി മാല്യങ്ങള്‍ ആത്മാവില്‍ ചേര്‍ത്ത അനുഭവരസത്തിന്റെ വനമാലകളാണ്.
സമത്വവാദത്തിന്റെയും സമന്വയ സങ്കല്പ്പത്തിന്റെയും മൂല്യദര്‍ശനമാണ് രവിദാസ് ഉണര്‍ത്തിയെടുക്കുന്നത്. കാലാതീതമായ പെരുമയും സ്വീകാര്യതയും നേടി ആ ചിന്താപഥം വരച്ചെടുക്കുന്നത് ഭാരതീയ മാതൃകാ മാനവ സങ്കല്പ്പത്തെയാണ്. അതീതങ്ങളില്‍ റ്വലിച്ചുയരുന്ന ആ അഗ്നിതത്ത്വങ്ങള് അനശ്വരതയുടെ നേര്‍ക്കുള്ള സ്തുതിഗീതകങ്ങളായി വാഴുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: