മുട്ടം: അക്ഷര ലോകത്തെ മുത്തശ്ശി വിദ്യാര്‍ത്ഥിനി കാര്‍ത്യായനി അമ്മക്ക് ആലപ്പുഴ ജില്ലയുടെ സൈനിക കൂട്ടായ്മയായ സോള്‍ജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസിന്റെ വിഷുകൈനീട്ടം. 99 വയസ്സിലും മലയാളത്തിന്റ് ആദ്യപാഠങ്ങള്‍ പഠിച്ചു, നാലാം തരം വിജയിച്ചു, ഇന്‍ഡ്യയിലെ വനിതകള്‍ക്ക് നല്കുന്ന പരമോന്നത ബഹുമതിയായ നാരീശക്തി പുരസ്കാരം ഭാരതത്തിന്റെ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങുകയും, പ്രധാനമന്ത്രിയുടെ ആദരവിന് പാത്രമാവുകയും ചെയ്ത ധീരവനിതയാണ് ആലപ്പുഴ ജില്ലയിലെ ചേപ്പാട് പടീറ്റയില്‍ വീട്ടില്‍ കാര്‍ത്യായനി അമ്മ. നിഷ്ഠയായ ജീവിതചര്യയും, പഠിക്കാനുള്ള അഭിനിവേശവുമാണ് ഈ വാര്‍ദ്ധക്യത്തിലും വിജയമുഖത്ത് എത്തിച്ചത്. പ്രായത്തിന്റെ ആധിക്യം ഉണ്ടെങ്കിലും; ഇന്നും വെളുപ്പിന് നാലുമണിക്ക് ഉണര്‍ന്ന് കുളിയും, പൂജകളുമായി മുറിക്കുള്ളില്‍ ഒതുങ്ങുന്നു. രണ്ടുദിവസം മുന്‍പ് ഉണ്ടായ വീഴ്ചയിലും, കോവിഡ് ഭീതിയിലും പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കിയിരുന്നു. 90 വയസ്സ് വരെ മാവേലിക്കരയിലും, ഹരിപ്പാടും ഉള്ള ക്ഷേത്രങ്ങളില്‍ ക്ളീനിംഗ് ജോലി ചെയ്യുമായിരുന്നു. പത്താംതരം വരെ പഠിക്കണം എന്നാണ് മുത്തശ്ശി വിദ്യാര്‍ത്ഥിനിയുടെ ആഗ്രഹം.
പരമ്പരാഗത രീതിയിലുള്ള വിഷുകൈനീട്ടം ആണ് മുത്തശ്ശിക്ക് സൈനികര്‍ ആര്‍പ്പിച്ചത്. സെറ്റും, മുണ്ടും, പണക്കിഴിയുമായി അക്ഷര മുത്തശ്ശിയെ കണി കാണുവാന്‍ രാവിലെ തന്നെ സോള്‍ജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസിലെ അംഗങ്ങള്‍ എത്തിയിരുന്നു. കോവിഡ് വാക്സിന് രണ്ട് ഡോസ് എടുത്തവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് പരിപാടിയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: