ഹനുമാന്റെ തേജസ്സിനെ ഹനുമാനു മാത്രമേ അടക്കാന്‍ പറ്റൂ എന്നു വിവക്ഷിക്കുന്നുണ്ട്. അജയ്യനായിരുന്നു ഹനുമാന് എന്നാണ് ഇതു കൊണ്ട് അര്‍ഥമാക്കുന്നത്. മറ്റാര്‍ക്കും ഹനുമാനെ തോല്‍പ്പിക്കാനാവില്ലെന്ന ധ്വനി.
മൂന്നു ലോകങ്ങളെയും പ്രകമ്പനം കൊള്ളിക്കാന്‍ ഹനുമാന്റെ കഴിവു കൊണ്ടാകും. ആകാശം, ഭൂമി, പാതാളങ്ങളെന്ന മൂന്നു ലോകങ്ങളിലും ഭാവി, ഭൂത, വര്ത്തമാനങ്ങളാകുന്ന മൂന്നു കാലങ്ങളിലും ഹനുമാന്റെ തേജസ്സും പേരും പ്രശസ്തിയുമെല്ലാം അലയടിച്ചു കൊണ്ടേയിരിക്കുകയാണ്.
ഭൂത പിസാച് നികട്
നഹിം ആവൈ
മഹാബീര് ജബ് നാമ
സുനാവൈ
(അര്‍ഥം: മഹാവീരനായ അങ്ങയുടെ നാമങ്ങള്‍ ജപിക്കുന്നവന്റെ അടുത്ത് ഭൂതപിശാചുക്കള്‍ വരില്ല)
ഭൂത പിശാചുക്കള്‍ ഉണ്ടോ ഇല്ലയോ എന്നത് തര്‍ക്ക വിഷയമാണ്. പക്ഷേ ഒരു കാര്യം ഉറപ്പാണ്. സ്ഥൈര്യമാര്‍ന്ന ഒരു മനസ്സിന്റെ ഉടമയെ, ശുദ്ധമായ മനസ്സോടെ നില്ക്കുന്ന ഒരാളെ യാതൊരു തരത്തിലുള്ള പ്രതിലോമ ശക്തികള്‍ക്കും ഒന്നും ചെയ്യാനാകില്ല.
നല്ലതുണ്ടെങ്കില്‍ ചീത്തയുമുണ്ട്. നമ്മുടെ ശാസ്ത്ര കൃതികള്‍ പഠിച്ചാല്‍ അതില്‍ ഈ സൂചന അതിഗാംഭീര്യത്തോടെ നല്‍കിയിട്ടുള്ളത് കാണാം.
സത്യയുഗത്തില്‍ ദേവാസുര യുദ്ധം (നന്മയും തിന്മയും) രണ്ട് ലോകത്തില്‍ നടക്കുന്നതായാണ് കാണാനാവുക. ത്രേതായുഗത്തില്‍ യുദ്ധം രണ്ട് രാജ്യത്തിലേക്ക് അടുത്തതായി കാണാം. ദ്വാപര യുഗത്തില്‍ നന്മതിന്മകളുടെ ഈ യുദ്ധം ഒരു കുടുംബത്തിലേക്ക് എത്തുന്നു. ഒരേ കുടുംബത്തിന്റെ ഭാഗമായ കൗരവപാണ്ഡവന്മാരിലേക്ക്. കലികാലത്തിലെത്തുമ്പോള് ഇത് നമുക്കുള്ളില്‍ അല്ലെങ്കില്‍ നമ്മില്‍ തന്നെയാണ് നടക്കുന്നത്. ഈ നന്മതിന്മകള് നമ്മില്തന്നെയുണ്ടെന്ന് സാരം.
ജീവിതമാകുന്ന കളിയില്‍ നല്ലതു വരുന്നതിനൊപ്പം ബുദ്ധിമുട്ടുകളും കടന്നുവരും. ഇക്കാര്യം ഉറപ്പാണ്. ഈ ബുദ്ധിമുട്ടുകളില്‍ നിന്ന് ഒളിച്ചോടാതെ അതിനെ നേരിടുമ്പോള്‍ നമ്മള് ഉയരുകയാണെന്ന തിരിച്ചറിവുണ്ടാകണം. അതേസമയം ഇതെല്ലാം ജഗദീശ്വരന്റെ മായാലീലകളാണെന്ന ബോധവുമുണ്ടാകണം.
അവസാനം ഇതെല്ലാം (നന്മ, തിന്മകള്) ഭഗവാനെന്ന സ്രോതസ്സിലേക്ക് മടങ്ങിപ്പോകും. ആ സ്രോതസ്സിന്റെ കാഴ്ചപ്പാടില്‍ ലാഭനഷ്ടങ്ങളില്ല. ജയപരാജയങ്ങളോ നന്മതിന്മകളോ ഇല്ല. ആ സ്രോതസ്സു തന്നെയാണ് നമ്മളെന്നും നന്മതിന്മകള് ഒരു പ്രകടന പരത മാത്രമാണെന്നുമുള്ള ബോധ്യത്തിലേക്ക് ഉയരുമ്പോള്‍ മോക്ഷപ്രാപ്തി കൈവരും.
ഹനുമാനെ ഭജിക്കുക വഴി നമ്മള് ഇയൊരു തലത്തിലേക്ക് ഉയരും.
തിന്മകള് അല്ലെങ്കില്‍ അങ്ങനെ തോന്നിപ്പിക്കുന്നവ നമ്മുടെ ചുറ്റും എല്ലായ്പ്പോഴും കാണും. അതിനെ വേണ്ടവിധത്തില്‍ നേരിടാന്‍ തയ്യാറാണോ എന്നതിനാണു പ്രാധാന്യം. ഹനുമാനെപ്പോലുള്ള ശക്തി ഉപാസകള്‍ക്ക് ഈ തിന്മകളെ നിഷ്പ്രയാസം നേരിടാനാവും.
ബ്രഹ്മചാരി സുധീര്‍ ചൈതന്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: