കൊച്ചി: ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചു. ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ബന്ധു കെ ടി അദീബിനെ നിയമിച്ചതില്‍ ജലീല്‍ സ്വജനപക്ഷപാതം കാട്ടിയെന്ന ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കുംവരെ ലോകായുക്ത ഉത്തരവിന്‍മേലുള്ള തുടര്‍ നടപടികള്‍ വിലക്കണമെന്നും ഹര്‍ജിയിലുണ്ട്.
ഉത്തരവ് മുഖ്യമന്ത്രിയെ അറിയിക്കണമെന്നും മന്ത്രിസ്ഥാനത്തുനിന്ന് കെ ടി ജലീലിനെ നീക്കണമെന്നുമായിരുന്നു ലോകായുക്ത വിധി. സ്വജനപക്ഷാപതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയിട്ടില്ലെന്ന് ഹര്‍ജിയില്‍ ജലീല്‍ അവകാശപ്പെടുന്നു. ബന്ധപ്പെട്ട രേഖകള്‍ വേണ്ടത്ര പരിഗണിക്കാതെയും തന്റെ വാദങ്ങള്‍ കണക്കിലെടുക്കാതെയുമാണ് ലോകായുക്തയുടെ ഉത്തരവ്.
ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട പലകാര്യങ്ങള്‍ നേരത്തേ ഹൈക്കോടതി പരിഗണിച്ചിരുന്നു. അന്ന് കണ്ടെത്താത്ത കാര്യങ്ങളാണ് ലോകായുക്തയുടെ ഉത്തരവിലുള്ളത്. ഈ സഹചര്യത്തില്‍ ഉത്തരവ് ഏകപക്ഷീയമെന്നും തന്റെ ഭാഗംകൂടി കേള്‍ക്കുംവരെ തുടര്‍ നടപടികള്‍ പാടില്ലെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച് നാളെ ഹര്‍ജി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: