തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇടതുമുന്നണി കൊട്ടഘോഷിച്ച വിഷു-ഈസ്റ്റര്‍ സ്പെഷല്‍ കിറ്റ് വിതരണം വോട്ടെടുപ്പ് കഴിഞ്ഞതോടെ താളംതെറ്റി. തൊണ്ണൂറ് ലക്ഷത്തിലധികം വരുന്ന റേഷന്‍കാര്‍ഡ് ഉടമകളില്‍ 14.71 ലക്ഷം ആളുകള്‍ക്ക് മാത്രമാണ് കിറ്റ് ലഭിച്ചത്. മാര്‍ച്ച് മാസത്തെ കിറ്റ് വിതരണം പൂര്‍ത്തിയാക്കാതെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വിതരണം ആരംഭിച്ച സ്പെഷല്‍ കിറ്റുകള്‍ക്കായി എത്തുന്ന കാര്‍ഡ് ഉടമകള്‍ വെറുംകയ്യോടെയാണ് റേഷന്‍ കടകളില്‍നിന്ന് മടങ്ങുന്നത്.
രണ്ടുകിറ്റുകളും ആവശ്യത്തിന് റേഷന്‍ കടകളില്‍ എത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കിറ്റ് വിതരണം ഉയര്‍ത്തിക്കാട്ടി വോട്ടുപിടിക്കാന്‍ വലിയ പ്രചാരണമായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് നടത്തിയത്. കിറ്റ് വാങ്ങണമെന്ന് ജനങ്ങളെ ഓര്‍മിപ്പിക്കാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശിക്കുകയും ചെയ്തു. വോട്ടെടുപ്പ് കഴിഞ്ഞതോടെ കിറ്റുകളെത്താത്തതിനാല് റേഷന്‍ കടകളിലെ തിരക്കൊഴിഞ്ഞു.
ഇതിനൊപ്പം സ്പെഷല്‍ അരിയുടെ വിതരണം മുടങ്ങിയ നിലയിലാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്കിനെതിരെ നിയമയുദ്ധം നടത്തിയായിരുന്നു അരിവിതരണത്തിന് സര്‍ക്കാര്‍ അനുമതി വാങ്ങിയെടുത്തത്. മുന്‍ഗണേനതര വിഭാഗത്തില്‍ പെടുന്ന അന്‍പത് ലക്ഷത്തില്‍പരം നീല, വെള്ള കാര്‍ഡ് ഉടമകള്‍ സംസ്ഥാനത്തുണ്ട്. ഈ വിഭാഗങ്ങള്‍ക്ക് 15 രൂപയ്ക്ക് പത്തുകിലോ അരി നല്‍കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇതുവരെ ലഭിച്ചത് 1.94 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: