പാനൂര്‍(കണ്ണൂര്‍): പാനൂര്‍ പുല്ലൂക്കരയിലെ മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടാം പ്രതി കൊച്ചിയങ്ങാടി പൂലോത്ത് രതീഷിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലെത്തിയ കേസില്‍ പ്രതിയുടെ ആന്തരികാവയവങ്ങള്‍ക്ക് കാര്യമായ ക്ഷതമേറ്റെന്നാണ് കണ്ടെത്തല്‍. നിരവധിപേര്‍ ചേര്‍ന്ന് രതീഷിനെ മര്‍ദ്ദിച്ച് കൊന്നശേഷം കെട്ടിത്തൂക്കിയതാകാമെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. രതീഷിന്റേത് തൂങ്ങിമരണം എന്നായിരുന്നു പ്രാഥമിക സൂചന.
വളയം പോലീസ് സ്റ്റേഷന് പരിധിയിലെ ആളൊഴിഞ്ഞ കുന്നിന് മുകളിലെ പറമ്പിലെ മരക്കൊമ്പിലാണ് രതീഷിനെ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മലമൂത്രവിസര്‍ജനം നടന്നതായി കണ്ടിട്ടില്ല. കഴുത്തില്‍ രക്തം കട്ടപിടിച്ച പാടില്ല. തൂങ്ങിയത് കാരണം കഴുത്ത് നീണ്ടിട്ടില്ല. ചെറിയ കയറാണ് ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങള്‍ സംശയം വര്‍ധിപ്പിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കൂടുതല്‍ പരിശോധനകള്‍ പോലീസ് നടത്തിയത്. രതീഷിനെ ചിലര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി കെട്ടിതൂക്കിയതാണോ എന്ന സംശയമാണ് ഇതോടെ ഉയര്‍ന്നിരിക്കുന്നത്. വടകര റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതി തൂങ്ങിമരിച്ച കശുമാവിന് തോട്ടത്തിലെത്തി പരിശോധന നടത്തി.
കഴിഞ്ഞ ഒന്‍പതിന് വൈകുന്നേരം പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മയാണ് കശുമാവിന് തോട്ടത്തില്‍ രതീഷിന്റെ മൃതദേഹം ആദ്യം കണ്ടത്. രതീഷ് എങ്ങനെ ഇവിടെയെത്തിയെന്ന് പോലീസ് അന്വേഷണം നടത്തി വരികയാണ്. പ്രദേശവാസികളാരെങ്കിലും ഒളിത്താവളം ഒരുക്കി നല്‍കിയിരുന്നോയെന്നും പരിശോധിക്കും. ചെക്യാടുള്ള വര്‍ക്ക്ഷോപ്പിലെ ജീവനക്കാരനായിരുന്നു രതീഷ്. രതീഷിന്റെ മൃതദേഹം ശനിയാഴ്ച രാത്രി സംസ്ക്കരിച്ചു.
ആദ്യം അന്വേഷണം ആരംഭിച്ച ഡിവൈഎസ്പിക്കെതിരായ കോണ്‍ഗ്രസ് ആരോപണം ശക്തമായതോടെയാണ് ക്രൈംബ്രാഞ്ചിനെ കേസ് ഏല്‍പ്പിച്ചത്. മന്‍സൂര്‍ വധക്കേസില്‍ നാലുപേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ മുഖ്യപ്രതിയും അയല്‍വാസിയുമായ സുഹൈലിന്റെ വീട് പൂര്‍ണ്ണമായും പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തതിലുള്ള അന്വേഷണം പോലീസ് പ്രത്യേക കേസായി എടുത്തെന്നും വളയം പോലീസ് സ്റ്റേഷന് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: