കോഴിക്കോട്: കൊവിഡ് ചികിത്സയില്‍ അത്യാവശ്യമായ മെഡിക്കല്‍ ഓക്സിജന്‍ ആവശ്യത്തിലധികം ഉല്‍പ്പാദിപ്പിച്ച് അയല്‍ സംസ്ഥാനങ്ങള്‍ക്കും ലഭ്യമാക്കി കേരളം മാതൃകയാകുന്നു. കൃത്യമായ മേല്‍നോട്ടവും തക്ക സമയത്തെ തീരുമാനങ്ങളും സഹായങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ‘ഓക്സിജ’നാണ് കേരളത്തിന്റെ നേട്ടത്തിന് കാരണമാകുന്നത്.
കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പ്രത്യേക സംവിധാനമായ പ്രഷര്‍ സ്വിങ് അബ്സോര്ബ്ഷനുള്ള (പിഎസ്എ) വില കൂടിയ യന്ത്രങ്ങള്‍ കേന്ദ്രം ലഭ്യമാക്കി. തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളേജുകളിലും എറണാകുളം സഹകരണ മെഡിക്കല്‍ കോളേജിലും ഇവ സ്ഥാപിച്ചു കഴിഞ്ഞു. മറ്റിടങ്ങളില്‍ അടിസ്ഥാന സൗകര്യം ലഭ്യമാക്കി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
കേരളത്തിലാണ് ഇന്ത്യയില്‍ ആദ്യമായി കൊവിഡ് ചികിത്സാവശ്യത്തിന് ഓയില്‍ കമ്പനികള്‍ ഉള്‍പ്പെടെ കേന്ദ്ര സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയത്. പെട്രോളിയം ആന്‍ഡ് എക്സ്പ്ലൊസീവ്സ് ഓര്‍ഗനൈസേഷന്റെ (പിഇഎസ്ഒ) കേരളത്തിലെ തലവനും ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളറുമായ ഡോ. ആര്. വേണുഗോപാലിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അത്. കേന്ദ്ര ആരോഗ്യ – വാണിജ്യ മന്ത്രാലയങ്ങള്‍ ദിവസവും സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തുന്നുണ്ട്. കൊവിഡ് വീണ്ടും ശക്തമായാല്‍ വേണ്ട കരുതലിന് സംസ്ഥാനത്തെ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് മന്ത്രാലയങ്ങള്‍. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മെഡിക്കല്‍ ഓക്സിജന്‍ ആവശ്യമുള്ളത് ദിവസം 8.53 മെട്രിക് ടണ്ണാണ്. കേരളത്തില്‍ ഇപ്പോള്‍ ആ തോതില്‍ നോക്കിയാല്‍ 20 ദിവസത്തേക്ക് ആവശ്യമായ 687 മെട്രിക് ടണ്‍ സ്റ്റോക്കുണ്ട്. സംസ്ഥാനത്തെ എല്ലാ ഓക്സിജന്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള അനുമതി കേന്ദ്ര നിര്‍ദേശ പ്രകാരം നല്‍കിക്കഴിഞ്ഞു. പാലക്കാട്ടെ ഐനോക്സ് പ്ലാന്റാണ് ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് കേരളം ഇപ്പോള്‍ ഓക്സിജന്‍ നല്‍കുന്നുണ്ട്. മഹാരാഷ്ട്ര, യുപി സംസ്ഥാനങ്ങളില്‍നിന്ന് ടാങ്കര്‍ ലോറികള്‍ക്ക് വിലക്കും തടസവും വന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ഗോണ്‍, നൈട്രജന്‍ തുടങ്ങിയ വാതകങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ സജ്ജമാക്കി ലഭ്യമാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ തക്കസമയത്തെ തീരുമാനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: