കൊല്ലം: മഴ പെയ്തതോടെ കണിക്കൊന്നയുടെ പൂക്കള്‍ പൊഴിഞ്ഞ് റോഡുകളില്‍ മഞ്ഞപ്പരവതാനി. തെരഞ്ഞെടുപ്പ് ചര്‍ച്ചകളുടെ ചൂടുകഴിഞ്ഞ് വിഷുവിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും.
കോവിഡ് കാലത്തെ വ്യാകുലതകള്‍ മാറ്റിവെച്ച് കണിക്കൊന്നയും കമ്പിത്തിരിയുമായി ആഘോഷം പൊടിപൊടിക്കാനുള്ള തിരക്കിലാണ് എല്ലാവരും. കച്ചവടകേന്ദ്രങ്ങളിലും വിഷുവിനെ വരവേല്‍ക്കാന്‍ ഒരുക്കം തുടങ്ങി.
കോവിഡ് വ്യാപനം കഴിഞ്ഞവര്‍ഷത്തെ വിഷു ആഘോഷത്തിന് മാറ്റ് കുറച്ചിരുന്നു. വീണ്ടും ഒരു കണിക്കൊന്നക്കാലമെത്തിയതോടെ നഷ്ടപ്പെട്ടുപോയ വസന്തകാലം തിരിച്ചെത്തിയ സന്തോഷത്തിലാണ് കച്ചവടക്കാരും. വിഷുക്കണിക്ക് ഇനി നാലു ദിവസങ്ങള്‍മാത്രം ശേഷിക്കെ കണിവെള്ളരിയും കണിമത്തനുമെല്ലാം ശ്രീകൃഷ്ണ വിഗ്രഹങ്ങളുമെല്ലാം വിപണിയിലെത്തിക്കഴിഞ്ഞു. വ്യാപാരസ്ഥാപനങ്ങളില്‍ വലിയ തിരക്കില്ലെങ്കിലും ഓര്‍ഡറുകള്‍ വന്നുതുടങ്ങിയെന്ന് കച്ചവടക്കാര്‍ പറയുന്നു.
ആശങ്കയ്ക്ക് നടുവിലായിരുന്നു കഴിഞ്ഞവര്‍ഷത്തെ കച്ചവടം. കോവിഡ് വ്യാപനം കാരണം ആവശ്യക്കാരുടെ തള്ളിക്കയറ്റമില്ലായിരുന്നു. അടുത്തിടെ വിപണി ഉണര്‍ന്നതിനാല്‍ ഇപ്രാവശ്യത്തെ കച്ചവടം ഉഷാറാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: