തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ രാഷ്ട്രീയ ചൂട് മറന്ന് പൂരത്തിന്റെ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് തട്ടകക്കാര്‍. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ചടങ്ങായ പൂരം ഇക്കുറി അവിസ്മരണീയമാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകളിലാണ് പൂരത്തിന്റെ പ്രധാന പങ്കാളികളായ പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍. 17ന് രാവിലെ 11.30ന് പൂരത്തിന് കൊടിയേറും. മെയ് 23നാണ് തൃശൂര്‍ പൂരം.
പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പന്തല്‍ കാല്‍നാട്ടോടെയാണ് പൂരപ്രേമികളുടെ മനസില്‍ പൂരം കൊടിയേറുന്നത്. പാറമേക്കാവ് വിഭാഗം മണികണ്ഠനാലില്‍ നിര്‍മ്മിക്കുന്ന പൂരപ്പന്തലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തിരുവമ്പാടി വിഭാഗം നടുവിലാലിലും നായ്ക്കനാലിലും നിര്‍മ്മിക്കുന്ന പൂരപ്പന്തലുകളുടെ കാല്‍നാട്ടല്‍ 13ന് നടക്കും.
പൂരം ഒരുക്കങ്ങളെല്ലാം അണിയറയില്‍ സജീവമാണ്. ആനചമയ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും നടക്കുന്നത്. ആനകള്‍ക്കുള്ള ചമയം, നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനം അണിയറയില്‍ പുരോഗമിക്കുകയാണ്. വെടിക്കെട്ടിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങളും സജീവമായി. 8 ഘടക ക്ഷേത്രങ്ങളിലും ഒരുക്കങ്ങള്‍ ദ്രുതഗതിയിലാണ് നടക്കുന്നത്. പൂരത്തിന് ഏതെല്ലാം ആനകള്‍ അണിനിരക്കണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പിന്നീടുണ്ടാകും. ആനകളുടെ പട്ടിക ദേവസ്വങ്ങള്‍ തയ്യാറാക്കി വരികയാണ്. വഴിപാടായി ലഭിക്കുന്ന ആനകളെ കൂടി ഉള്‍പ്പെടുത്തി ഫിറ്റ്നസ് പരിശോധനകള്‍ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം. തെക്കെ ഗോപുരനട തള്ളിത്തുറക്കുന്ന ചടങ്ങിന് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുണ്ടാകില്ല. പകരം കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാറായിരിക്കും ചടങ്ങ് നിര്‍വ്വഹിക്കുക.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പൂര ചടങ്ങുകളില്‍ കുടമാറ്റത്തിന് ഇത്തവണ നിയന്ത്രണമുണ്ടാകാനാണ് സാദ്ധ്യത. കുടമാറ്റത്തിന് സാധാരണ 60 സെറ്റ് കുടകളാണ് ഉയര്‍ത്താറുള്ളത്. ഇത്തവണ പരമാവധി 10 മുതല്‍ 15 സെറ്റ് കുടകളേ ഉണ്ടാകൂ. പതിനായിരങ്ങളാണ് കുടമാറ്റം ആസ്വദിക്കാനെത്താറുള്ളത്. കാഴ്ചക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. രണ്ടരമണിക്കൂറോളം നീളുന്ന കുടമാറ്റത്തില്‍ ഇരു ദേവസ്വങ്ങളും 65 സെറ്റ് കുട വരെ ഉയര്‍ത്താറുണ്ട്. ഇത്തവണ സമയം ഒരു മണിക്കൂറില്‍ താഴെയാക്കി കുറച്ച് കുടമാറ്റം നടത്താനാണ് ദേവസ്വങ്ങള്‍ ആലോചിക്കുന്നത്. അന്തിമ തീരുമാനം താമസിയാതെ ഉണ്ടാകുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷും തിരുവമ്പാടി ദേവസ്വം സെക്രട്ടറി എം.രവികുമാറും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: