തുടര്‍ഭരണം ഉറപ്പാണെന്ന് അവകാശപ്പെട്ടിരുന്ന ഇടതുമുന്നണിയും, തരംഗമാണെന്നും അധികാരത്തില്‍ തിരിച്ചെത്തുമെന്നും വാദിച്ചുകൊണ്ടിരുന്ന ഐക്യമുന്നണിയും പോളിങ് പൂര്‍ത്തിയായതോടെ കടുത്ത ആശങ്കയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇരുമുന്നണികളുടെയും പ്രമുഖ നേതാക്കള്‍ പരസ്പരം പഴി പറയുന്നു. തങ്ങളെ തോല്‍പ്പിക്കാന്‍ ബിജെപി യുഡിഎഫിന് വോട്ടുമറിച്ചെന്ന് സിപിഎമ്മിന്റെയും, എല്‍ഡിഎഫിന് ബിജെപി വോട്ടുമറിച്ചെന്ന് യുഡിഎഫിന്റെയും നേതാക്കള്‍ ആരോപിക്കുകയാണ്. പോളിങ് അവസാനിച്ച ഉടന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ആദ്യം വെളിപാടുണ്ടായത്! മഞ്ചേശ്വരത്ത് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ജയിപ്പിക്കാന്‍ സിപിഎം വോട്ടു മറിച്ചെന്നും, ഇതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ കണ്ടുപിടുത്തം. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം തങ്ങള്‍ക്ക് വോട്ടു ചെയ്യണമെന്ന് തെരഞ്ഞെടുപ്പിന്റെ തലേന്നുവരെ പരസ്യമായി അഭ്യര്‍ത്ഥിച്ച നേതാവാണ് യാതൊരു ലജ്ജയുമില്ലാതെ ഇങ്ങനെ കുട്ടിക്കരണം മറിഞ്ഞത്. മന്ത്രി എ.കെ. ബാലന്റെ ഊഴമായിരുന്നു അടുത്തത്. പാലക്കാട് ജില്ലയിലാകെ യുഡിഎഫും ബിജെപിയും പരസ്പരം വോട്ടു മറിച്ചെന്നാണ് ബാലന്റെ ആരോപണം. തിരുവനന്തപുരം ജില്ലയിലും സിപിഎം നേതാക്കള്‍ ബിജെപിക്കെതിരെ സമാനമായ ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി.
ബിജെപിക്കെതിരെ പരസ്പരം ആരോപണമുന്നയിക്കുന്ന എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ യഥാര്‍ത്ഥത്തില്‍ മലര്‍ന്നുകിടന്ന് തുപ്പുകയാണ്. ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒത്തുകളിക്കുകയും, വോട്ടുമറിക്കുകയും ചെയ്തിട്ടുള്ളത് ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാനാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും നേതാക്കള്‍ ശ്രമിക്കുന്നത്. മഞ്ചേശ്വരത്ത് എല്‍ഡിഎഫ് വോട്ട് തങ്ങള്‍ക്ക് നല്‍കണമെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍നിന്നു തന്നെ ഈ ഒത്തുകളി വ്യക്തമായതാണ്. നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞതിനു പിന്നിലും സിപിഎം-കോണ്‍ഗ്രസ്സ് രഹസ്യധാരണയാണുള്ളത്. വട്ടിയൂര്‍കാവില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ്. നായരുടെ പോസ്റ്റര്‍ കിലോകണക്കിന് ആക്രിക്കടയില്‍ കൊണ്ടുപോയി വിറ്റത് കോണ്‍ഗ്രസ്സിന്റെ മുഖം വികൃതമാക്കിയിരിക്കുകയാണ്. ഇവിടെ കോണ്‍ഗ്രസ്സ് വെറുതെ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നുവെന്നാണ് ഇതില്‍നിന്ന് തെളിയുന്നത്. ഈ ഒത്തുകളി ഒറ്റപ്പെട്ട സംഭവമല്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വന്‍മുന്നേറ്റം നടത്തുന്ന 20 മണ്ഡലങ്ങളിലെങ്കിലും സിപിഎമ്മും കോണ്‍ഗ്രസ്സും പരസ്പരം വോട്ടുമറിച്ചതായി ബിജെപി നേതാവും വിദേശകാര്യ സഹമന്ത്രിയുമായ വി. മുരളീധരന് ഉന്നയിച്ച ആരോപണത്തിന് അടിസ്ഥാനമുണ്ട്.
ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കും, വട്ടപ്പൂജ്യമായിരിക്കും എന്നൊക്കെ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും നേതാക്കള്‍ പ്രചാരണ കാലത്ത് പുലമ്പിക്കൊണ്ടിരുന്നത് തങ്ങളുടെ ഭയം മറച്ചുപിടിക്കുന്നതിനായിരുന്നു. പോളിങ് കഴിഞ്ഞതോടെ അവരുടെ ഈ ഭയം വര്‍ധിക്കുകയും ചെയ്തു. സിപിഎമ്മിനും കോണ്‍ഗ്രസ്സിനും പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുന്ന സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുകയാണ്. ഇരു മുന്നണികള്‍ക്കും യഥാര്‍ത്ഥ ബദലായി ബിജെപി ഉയര്‍ന്നുവന്നിരിക്കുന്നു. എല്‍ഡിഎഫിനു പകരം യുഡിഎഫിനും നേരെ മറിച്ചും ബ്ലാങ്ക് ചെക്ക് നല്കുന്ന രീതി അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു എന്ന ചിന്ത വലിയൊരു വിഭാഗം വോട്ടര്‍മാര്‍ക്കുണ്ട്. ഇടതു-വലതു മുന്നണികള്‍ മാറി മാറി രാഷ്ട്രീയ നേട്ടമുണ്ടാക്കിക്കൊണ്ടിരുന്ന അധികാര സമവാക്യങ്ങള്‍ക്ക് മാറ്റം വരുത്താന്‍ ഈ ചിന്താഗതിക്ക് കഴിയും. ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം തൂക്കു സഭയായിരിക്കുമെന്നുപോലും കരുതുന്നവരുണ്ട്. ബിജെപിക്ക് കേരളത്തില്‍ കൂടുതല്‍ സീറ്റു ലഭിച്ചാല്‍ തങ്ങള്‍ക്ക് അധികാര നഷ്ടം സംഭവിക്കുമെന്നു മാത്രമല്ല, രാഷ്ട്രീയമായ നിലനില്‍പ്പുപോലും അപകടത്തിലാവുമെന്ന തിരിച്ചറിവ് സിപിഎം-കോണ്‍ഗ്രസ്സ് നേതൃത്വങ്ങള്‍ക്കുണ്ട്. ഇതാണ് തെരഞ്ഞെടുപ്പിനുശേഷം ഇരുകൂട്ടരും പുലര്‍ത്തുന്ന ബിജെപിപ്പേടിയുടെ അടിസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: