ആലപ്പുഴ: ഡാറാ സ്മെയില്‍ കോമ്പൗണ്ടിലുള്ള കയര്‍ഫെഡ് മെത്ത നിര്‍മ്മാണ ഫാക്ടറിയില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന മെത്തകള്‍ രാത്രിയില്‍ കടത്തികൊണ്ടു പോയതായി ആരോപണം. കഴിഞ്ഞ മാര്‍ച്ച് 27ന് രാത്രി ഒന്‍പതിന് ശേഷം ഒരു വാഹനം വന്ന് അകത്തു കയറി ലോഡ് ചെയ്ത് കൊണ്ടു പോയതായി സെക്യൂരിറ്റി ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളതായും ഈ സമയം ഫാക്ടറിയുടെ ചുമതലക്കാരായ രണ്ടു ജീവനക്കാര്‍ ഉണ്ടണ്ടായിയിരുന്നതായും സെക്യൂരിറ്റി ജീവനക്കാരന് പറയുന്നു.
സാധരണ ലോഡ് കയറ്റി വാഹനം പുറത്തുപോകുമ്പോള്‍ വാഹനത്തില്‍ കയറ്റിയിട്ടുള്ള സാധനങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഔട്ട്പാസ് ഗേറ്റില്‍ നല്കിയാല് മാത്രമെ ലോഡ് പുറത്തുപോകുവാന് സെക്യൂരിറ്റി ജീവനക്കാര്‍ അനുവദിക്കുകയുള്ളൂ. എന്നാല്‍ ഫാക്ടറിയിലെ ഉത്തരവാദിത്വപ്പെട്ട രണ്ട് ജീവനക്കാരുടെ സാന്നിധ്യത്തിലായതിനാലാണ് പോകാന്‍ അനുവദിച്ചത് എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡ് പറയുന്നത്.
തെരഞ്ഞെടുപ്പു പ്രചരണങ്ങളുടെ അവസാനം അടുത്തതോടെ ഭരണാധികാരികളും, മറ്റ് ജീവനക്കാരുമെല്ലാം തിരക്കിലായതിനാലാണ് ഈ മോഷണം കണ്ടുപിടിക്കില്ലെന്ന് ഇതിന് നേതൃത്വം കൊടുത്തവര്‍ കരുതിയതെന്നാണ് ആക്ഷേപം. യൂണിറ്റിലെ രണ്ടു ജീവനക്കാരാണ് തങ്ങള്‍ ഫിനിഷ് ചെയ്ത് വച്ചിരുന്ന ഏതാനും മെത്തകള്‍ കാണാതായ വിവരം ആദ്യം മനസ്സിലാക്കുന്നത്. അവര്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും റിക്കാര്‍ഡുകള്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഔട്ട് പാസ്സില്ലാതെ മെത്തകള്‍ ഫാക്ടറിയില്‍ നിന്നും കടത്തി കൊണ്ടുപോയ വിവരം കണ്ടെത്തിയത്.
കയര്‍ ഫെഡിലെ മെത്ത നിര്‍മ്മാണ ഫാക്ടറിയില്‍ നിന്നും സാധനങ്ങള്‍ കൊണ്ടു പോകുന്നതിന് വ്യവസ്ഥാപിതമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിലവിലുള്ളപ്പോള്‍ അതൊന്നു പാലിക്കാതെ ഇത്തരത്തില്‍ മെത്തകള്‍ കടത്തികൊണ്ടു പോയത് കയര്‍ഫെഡ് മാനേജ്മെന്റിന്റെ കഴിവുകേടിന്റെ ഉദാഹരണമാണെന്നും അടിയന്തരമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: