വാഷിങ്ടണ്‍: അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ആത്മകഥ എഴുതുന്നു. അടുത്തിടെയുള്ള ഏറ്റവും വലിയ തുകയ്ക്കാണ് പ്രസാധകരുമായുള്ള മൈക് പെന്‍സിന്റെ കരാര്‍ എന്നാണ് സൂചന. 22 മുതല്‍ 25 കോടി വരെ പ്രതിഫലമാണ് പ്രസാധകരായ സൈമണ്‍ ആന്‍ഡ് സ്കസ്റ്റര്‍ നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ട്. തുകയുടെ കാര്യത്തില്‍ മൈക് പെന്‍സോ പ്രസാധകരോ കൃത്യമായ വിശദീകരണം നല്‍കുന്നില്ല.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിവാദ നായകന് എന്നു വിശേഷണമുള്ള ഡൊണാള്‍ഡ് ട്രംപിനൊപ്പം വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ആത്മകഥയില്‍ ലോകം ചര്‍ച്ച ചെയ്തേക്കാവുന്ന വെളിപ്പെടുത്തലുകള്‍ പ്രതീക്ഷിക്കാം എന്നാണ് കരുതുന്നത്. 2023ല്‍ ആത്മകഥ പുറത്തു വരും. കോണ്‍ഗ്രസ് അംഗം, ഇന്ത്യാനാ ഗവര്‍ണര്‍, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ അമേരിക്കന്‍ ജനതയെ സേവിക്കാന്‍ അവസരം ലഭിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മൈക് പെന്‍സ് പ്രതികരിച്ചു.
ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും അകത്തളത്തിലുണ്ടായിരുന്നവരില് ആത്മകഥാ രചനയെക്കുറിച്ച് ആദ്യം പറയുന്നതും മൈക്ക് പെന്‍സ് തന്നെ. ട്രംപ് ഭരണത്തില്‍ വിദേശകാര്യമന്ത്രിയായിരുന്ന മൈക് പോംപിയോ, വൈറ്റ് ഹൗസ് ഉപദേശകനായിരുന്ന കെല്ലിയാനെ കോണ്‍വെ എന്നിവരും ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: