കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സിപിഎം വ്യാപകമായി അക്രമങ്ങൾ അഴിച്ചുവിട്ടു. കാസർകോട്ട് സിപിഎം ഗുണ്ടകൾ നടത്തിയ ആക്രമണത്തിൽ യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിക്ക് വെട്ടേറ്റു. ശ്രീജിത്തിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബി.ജെ.പി. ആരോപിച്ചു.
ശ്രീജിത്തിന്റെ ഇരു കാലുകളും വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും എന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രിയോടെ അമ്പലത്തറ പോലീസ് സ്റ്റേഷന് പരിധിയില്‍ വച്ചായിരുന്നു സംഘർഷം ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് ശ്രീജിത്തിന് നേരെ ആക്രമണമുണ്ടായത്.
അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിരവധി അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കണ്ണൂർ പാനൂരിൽ സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ പരിക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകൻ മരിച്ചു. യൂത്ത് ലീഗ് പ്രവർത്തകനായ മൻസൂർ (21) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ പുല്ലൂക്കര മുക്കിൽ പീടികയിൽ വച്ചാണ് ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: