തിരുവനന്തപുരം; വാളയാര്‍ കേസില്‍ കൊല്ലപ്പെട്ട കുട്ടികളുടെ അമ്മയെ ആക്ഷേപിക്കാന്‍ അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ് ബുക്ക് പോസ്റ്റ്.
‘ഒരു പ്രതി, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെപ്പറ്റി ആ അമ്മ നേരിട്ട് കണ്ടു. മറ്റൊരിക്കല്‍ അച്ഛനും. ക്രൂരമായ കുറ്റകൃത്യം കണ്ട ആ അമ്മ മിണ്ടിയോ? ഇല്ല. അയാളെ വീട്ടില്‍ വിലക്കിയോ? പോലീസില്‍ പരാതിപ്പെട്ടോ? ഇല്ല.
എന്തേ? അതേപ്പറ്റി അവര്‍ ഇപ്പോള്‍ മിണ്ടില്ല.
മറ്റൊരു പ്രതിയോടൊപ്പമാണ് അവര്‍ ആ മുറിയില്‍ അന്തിയുറങ്ങിയിരുന്നത്. അയാളും കുട്ടിയെ ഉപദ്രവിച്ചതായി പിന്നീട് തെളിഞ്ഞു.. രണ്ടു മക്കള്‍ നഷ്ടപ്പെട്ട ആ സ്ത്രീയോട് ഉള്ള എന്റെ എല്ലാ സഹതാപവും അവരുടെ ചെയ്തികള്‍ അറിഞ്ഞപ്പോള്‍ ഇല്ലാതായി. ആ കുട്ടികള്‍ക്ക് നീതി നിഷേധിച്ച പോലീസ് സിസ്റ്റത്തിനും സര്‍ക്കാരിനും കോടതിക്കും മുന്‍പ് അതിലും കടുത്ത കുറ്റവാളിയാണ് ആ അമ്മ.
ആ കുട്ടികളുടെ ആത്മാവ് ആ സ്ത്രീയോട് പൊറുക്കില്ല എന്നെനിക്ക് ഉറപ്പാണ്.
എന്നാണ് പൗരവാകാശ പ്രവര്ത്തകന് എന്ന് സ്വയം അവകാശപ്പെടുന്ന ഹരീഷ് സുദീര്‍ഘ മായ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.
വാളയാര്‍ കുഞ്ഞുങ്ങളെ വീണ്ടും വീണ്ടും കൊല്ലുന്നവര്‍..
എന്നു പറഞ്ഞുകൊണ്ട് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എസ് ചന്ദ്രമോഹന് അഭിഭാഷകനായ ഹരീഷിന്റെ മുഖം മൂടി പിച്ചിച്ചീന്തി.
ഇലക്ഷന് തലേന്ന് മുഖ്യ മന്ത്രിക്ക് അനുകൂലമായി പോസ്റ്റിട്ടു ഇടതുപക്ഷക്കാര്‍ക്കിടയില്‍ ഹീറോ ആകാനുള്ള ഹരീഷിന്റെ ശ്രമത്തെ പൊളിച്ചടുക്കിയിരിക്കുകയാണ് ചന്ദ്രമോഹന്. ഫേസ് ബുക്കില്‍ പറഞ്ഞെതെല്ലാം കളവാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു.
ചന്ദ്ര മോഹന്‍ എഴുതുന്നു
അഡ്വ. ഹരീഷ് വാസുദേവന്‍ കേരളത്തിലെ നീതി നിര്‍വഹണ സംവിധാനത്തിലെ ആധികാരികവും
അവസ്സാനത്തേതുമായ വിധികര്ത്താവാണെന്നാണ് പല പോസ്റ്റുകളും കണ്ടാല്‍ തോന്നുക. തെരെഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് ആ മഹാ മനുഷ്യസ്നേഹി വാളയാര്‍ കുഞ്ഞുങ്ങളുടെ വിധിയെപ്പറ്റി സമഗ്രവും ശാസ്ത്രീയവുമായ ഒരു വിധിന്യായം പുറപ്പെടുവിക്കുകയുണ്ടായി. ഇടതുപക്ഷ മനുഷ്യ സ്നേഹികള്‍ ആ പോസ്റ്റ് ആഘോഷമാക്കി.
താന്‍ പറയുന്നത് സത്യമല്ലെന്നു തെളിയിക്കാന്‍ വക്കീല്‍ വെല്ലുവിളിക്കുന്നു. അതിനുള്ള ത്രാണിയില്ലെങ്കിലും, കുറ്റപത്രം വായിക്കുകയും ,കുട്ടികള്‍ താമസച്ചിരുന്ന കുടിലില്‍ പോവുകയും ചെയ്ത ആളെന്ന നിലയില്‍ വക്കീല്‍ സ്ഥാപിക്കാന്‍ശ്രമിക്കുന്ന അസത്യങ്ങളുടെ നീച ചിത്രം ഇവിടെ കുറിക്കുന്നു.
1. അഡ്വക്കേറ്റ് ആദ്യമേ പറയുന്നത് പലരും നിര്‍ബന്ധിച്ചിട്ടാണ് വാളയാറിനെക്കുറിച്ചു ഇപ്പോള്‍ പോസ്റ്റുന്നതെന്നാണ്. ശരിയാണ്. കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ,അങ്ങ് സൊമാലിയയില്‍ പോലും എന്ത് പ്രശ്നമുണ്ടായാലും ആരാധകരുടെ കൂട്ട നിലവിളിയാണ് ”പ്രതികരിക്കൂ ,പ്രതികരിക്കൂ വക്കീലേ വക്കീലേ ‘ എന്ന്. ഈ ആരാധകരെക്കൊണ്ട് തോറ്റു. എന്നാല്‍ വക്കീല്‍ തീരുമാനിക്കും ,എപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന്. അതാണ്, തെരഞ്ഞെടുപ്പിന്മണിക്കൂറുകള്ക്കു മുന്‍പ് ഈ വിഷയം എടുത്തിട്ട് വാളയാര്‍ കുട്ടികളുടെ അമ്മയെ കൂട്ടുപ്രതിയാക്കാന്‍, വിധി പുറപ്പെടുവിച്ചത്. അസാമാന്യ വിധിയായിപ്പോയി !
2. പ്രതികളെ വെറുതെ വിട്ട രാത്രി വക്കീല്‍ ഉറങ്ങിയില്ലത്രേ ! ഞാനതു സങ്കല്പിച്ചുനോക്കി.
അസ്വസ്ഥനായി, നിയമപുസ്തകങ്ങള്‍ അടുക്കിവെച്ച മുറിയിലൂടെ പുലരും വരെ വക്കീല്‍ ഉലാത്തുന്നു.
(ഉലത്തുന്നു എന്നും പറയാം) പിറ്റേന്ന് മുതല്‍ കേസ് പഠിക്കുന്നു. പിന്നീട് കേരളം ഇളകിമറിയുന്ന വിവാദങ്ങള്‍ ഉണ്ടാകുന്നു. സത്യം മനസ്സിലാക്കിക്കളഞ്ഞ ,അതിബുദ്ധിമാനായ വക്കീല്‍ വേണ്ട, വേണ്ട എന്ന് വയ്ക്കുന്നു. തെരെഞ്ഞെടുപ്പ് തലേന്ന് രാത്രി, സ്ഥാനാര്‍ഥികൂടിയായ അമ്മയെ പ്രതിചേര്‍ത്തു ,വിചാരണ നടത്തി ,ചിത്രവധശിക്ഷ നടപ്പിലാക്കുന്നു. അഹോ.
3. ആദ്യ കുട്ടി കൊല്ലപ്പെട്ടപ്പോള്‍ അമ്മയ്ക്ക് പരാതിയില്ല എന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ പറഞ്ഞത് പച്ചക്കള്ളം. നിലവിളിച്ചുകൊണ്ട് അമ്മ പോലീസിനോട് പ്രതികളുടെ പേര് പറഞ്ഞു. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് രാത്രി ഒരുമണിക്ക് പ്രതികളെ വിട്ടയച്ചു. ഉളുപ്പുണ്ടെകില് വക്കീല്‍ പറഞ്ഞ കള്ളത്തിനു മാപ്പു പറയണം (എവിഡെ !!!)
4. നാല്‍പ്പത്തി ഒന്‍പതാം ദിവസ്സം ആദ്യ കൊലപാതകത്തിന് സാക്ഷിയായ കുരുന്ന് കൊല്ലപ്പെട്ടു.വീണ്ടും ഒരാഴ്ച്ചകഴിഞ്ഞു ഡി വൈ എസ് പി സോജന് കേസ് ഏറ്റെടുക്കുമ്പോള്‍ തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടു എന്ന് അഡ്വ. ഹരീഷ് ഉദ്ധരിക്കുന്ന വിധിന്യായത്തില്‍ പറയുന്നു. അവിടെ പ്രതി അമ്മയല്ല സുഹൃത്തേ, കുട്ടികളുടെ മൃതദേഹങ്ങള്‍ അമ്മയെപ്പോലും അറിയിക്കാതെ ദഹിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയ പ്രതികളും രാഷ്ട്രീയക്കാരും ലോക്കല്‍ പോലീസുമാണ്. ഇതിനു ചുക്കാന്‍ പിടിച്ച സി ഐ ചാക്കോയെ സര്‍ക്കാര്‍ ‘കഠിനമായി’ ശിക്ഷിച്ചുകളഞ്ഞു. ശിക്ഷ എന്തെന്നല്ലേ ?
ഇനി ഒരു കേസും താന്‍ അന്വേഷിക്കേണ്ടെന്ന തിട്ടൂരം ! ഭയങ്കര ശിക്ഷയായിപ്പോയി.
5. കുട്ടികള്‍ ഇതൊക്കെ ആസ്വദിച്ചിരുന്നു എന്ന് ടി വി യില്‍ പ്രസ്താവിച്ച നരാധമന്മാരായ പോലീസുദ്യോഗസ്ഥര്‍ വക്കീലിനു പുണ്യവാന്മാര്. അഷ്ടിക്ക് വകയില്ലാത്ത,ചെറ്റക്കുടിലില്‍ കഴിയുന്ന,പിന്നോക്ക സമുദായത്തിലെ ,അമ്മ കുറ്റക്കാരി. ദാരിദ്ര്യവും ദുരിതവും ചൂഷണം ചെയ്യുന്ന മേലാളന്മാര്ക്ക് കുടപിടിക്കുന്ന പോലീസ് നല്ലവര്‍.
6. കോടതിയില്‍ പോലീസും പ്രോസിക്കൂട്ടറും ഭരണകക്ഷി രാഷ്ട്രീയക്കാരും ഒത്തുകളിച്ചു. പ്രതിയുടെ വക്കീലിനെ സര്‍ക്കാര്‍ നിയമിച്ചത് ശിശുക്ഷേമ സമിതി ചെയര്‍മാനായി !പഷ്ട്ട് !പാലക്കാട്ടെ പാര്‍ട്ടിക്കാരാണ് പാര്ട്ടിക്കാര് ! (ദോഷം പറയരുതല്ലോ, ചെയര്മാന് ആയപ്പോള്‍ ഈ പോക്സോ കേസിലെ വക്കാലത് അഡ്വ. രാജേഷ് ഒഴിഞ്ഞതായി അഡ്വ. ഹരീഷ് ചൂണ്ടിക്കാണിക്കുന്നു, എന്തൊരു നീതിബോധം !)
7. അമ്മ ചെയ്ത മറ്റൊരു മഹാപരാധം അഡ്വ. ഹരീഷ് ചൂണ്ടിക്കാട്ടുന്നു. പോലീസിലും,164 സ്റ്റെറ്റ്മെന്റിലും
കോടതിയിലും അമ്മ പറഞ്ഞ മൊഴികളില്‍ വൈരുധ്യമുണ്ടത്രെ ! അക്ഷരമറിയാത്ത സ്ത്രീയെക്കൊണ്ട് പോലീസും പ്രോസിക്കൂട്ടര്മാരും വിരുദ്ധമൊഴികള്‍ കൊടുപ്പിച്ചു അവരെ ചതിച്ചു കേസ് അട്ടിമറിച്ചിട്ടു കുറ്റം അമ്മയ്ക്ക് അവള് വഴിപിഴച്ചവളാണ്, കൂട്ടുനിന്നവളാണ്, എന്നൊക്കെയുള്ള മേലാളന്മാരുടെ ജാമ്യം അറിയപ്പെടുന്ന വക്കീലായ നിങ്ങളും സ്വീകരിച്ചതില്‍ ലജ്ജ !
ഇതില്‍ സംഭവിച്ച വീഴ്ചകള്‍ ആര്‍ക്കൊക്കെയെന്നു നിങ്ങള്‍ക്കും അറിയാം. ഇലക്ഷന് തലേന്ന് മുഖ്യമന്ത്രിക്ക് അനുകൂലമായി പോസ്റ്റിട്ടു ഇടതുപക്ഷക്കാര്‍ക്കിടയില്‍ ഹീറോ ആയി. നല്ലത് ! പക്ഷെ, ഇന്നും നീതിക്കായി പോരാടുന്ന നിര്ഭാഗ്യവതിയുടെ മുണ്ഡനം ചെയ്ത ശിരസ്സും കണ്ണീരും നിങ്ങളുടെ ഉറക്കം കളയാതിരിക്കാന്‍ ആശംസ!
(നമ്മള് ഇപ്പോളത്തെ കളിക്ക് ഇല്ല എന്ന് വച്ചതാണ് …സ്വയം പ്രഖ്യാപിത ലഫറി ആകാമെന്ന് നിരീച്ചതാണ്. സമ്മതിക്കണ്ടേ, താങ്കളെപ്പോലെ, ലച്ചം, ലച്ചം ആരാധകരല്ല, മനസ്സാക്ഷി എന്ന 164 സാക്ഷി !
പ്രതികരിക്കാൻ ഇവിടെ എഴുതുക: