തിരുവനന്തപുരം: സംസ്ഥാനത്തെ പോളിങ് രാവിലെ ഏഴുമണിയോടെ ആരംഭിച്ചു. ആദ്യ അരമണിക്കൂറില്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ സജ്ജീകരിച്ച 40,771 ബൂത്തുകളിലും രാവിലെ ആറുമണിയോടെ മോക് പോളിങ് ആരംഭിച്ചിരുന്നു. സ്ഥാനാര്‍ഥികളുടെ ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിലായിരുന്നു മോക് പോളിങ്. അതിനുശേഷമാണ് വോട്ടിങ് ആരംഭിച്ചത്. മോക് പോളിങ്ങില്‍ പത്തില്‍താഴെ ബൂത്തുകളിലാണ് വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തിയത്.
തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂളിലെ 107-ാം നമ്പര്‍ ബൂത്ത്, കാസര്‍കോട് കോളിയടുക്കം ഗവ.യുപി സ്കൂളിലെ 33-ാം നമ്പര്‍ ബൂത്ത്, കോഴിക്കോട് ജില്ലയിലെ ഒരു ബൂത്ത്, മലപ്പുറം പാണക്കാട് സികെഎംഎല്‍ എല്‍പി സ്കൂളില്‍ 95-ാം ബൂത്ത് എന്നിവിടങ്ങളില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തി. വിവിപാറ്റ് മെഷീനാണ് തകരാറിലായത്. തൃപ്പൂണിത്തുറ പാലസ് സ്കൂളില്‍ വൈദ്യുതി തടസ്സം മൂലം മോക് പോളിങ് പോളിങ് വൈകി.
പ്രമുഖരെല്ലാം രാവിസ തന്നെ പോളിങ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തി. ഇ. ശ്രീധരന്, കുമ്മനം രാജശേഖരന്, കെ. സുരേന്ദ്രന്, ഇ.ചന്ദ്രശേഖരന്,ഇ.പി.ജയരാജന്, സി.രവീന്ദ്രനാഥ്, കടകംപിള്ളി സുരേന്ദ്രന്, മേഴ്സിക്കുട്ടിയമ്മ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന് കാനാട്ടുപാറ ഗവ.പോളിടെക്നിക്കിലും കല്‍പ്പറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി.ശ്രേയാംസ്കുമാര്‍ എസ്കെഎംജെ സ്കൂളിലും കെ.ബാബു തൃപ്പൂണിത്തുറയിലും വോട്ട് രേഖപ്പെടുത്തി.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാനത്ത് പോളിങ് ഏഴു ശതമാനം കടന്നു. 8.15 വരെയുള്ള കണക്കുകള്‍ പ്രകാരം 7.02 ശതമാനം പേര് ഇതുവരെ വോട്ട് ചെയ്തു. തിരുവനന്തപുരം 6.9, കൊല്ലം 6.2, പത്തനംതിട്ട 7.5, ആലപ്പുഴ 5.9 കോട്ടയം 7.5, ഇടുക്കി 6.45, എറങാകുളം 7.5, തൃശൂര്‍ 5.2, പാലക്കാട് 5.9, മലപ്പുറം 6.1, കോഴിക്കോട് 6.5, വയനാട് 4.8, കണ്ണൂര്‍ 6.1, കാസര്‍കോട് 5.9 എന്നിങ്ങനെയാണ് ആദ്യ മണിക്കൂറിലെ പോളിങ് ശതമാനം.
നിയമസഭയിലേക്കുള്ള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള ജനവിധിയാണിത്. കോവിഡ് കാലത്ത് ഇത് രണ്ടാംതവണയാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. 957 സ്ഥാനാര്‍ഥികളാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.
സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രശ്നബാധിത കേന്ദ്രങ്ങളില്‍ വീഡിയോ ചിത്രീകരണവും കേന്ദ്രസേനയുടെ സാന്നിധ്യവും ഉണ്ടാവും. ഒന്നിലധികം വോട്ടുചെയ്യുന്നതും ആള്‍മാറാട്ടവും തടയാന്‍ പ്രത്യേക നടപടികളും സ്വീകരിക്കും. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ബൂത്തുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രമാണ് വോട്ടിംഗ് സൗകര്യം സജ്ജമാക്കുന്നത്. കോവിഡ് പ്രോട്ടോക്കോളും കര്‍ശനമായി പാലിക്കും. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വൈകുന്നേരം അവസാന മണിക്കൂറില്‍ വോട്ടുചെയ്യാന്‍ പ്രത്യേക സജ്ജീകരണമുണ്ട്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: