എല്ലാ അര്‍ത്ഥത്തിലും നിര്‍ണായകമായ ഒരു വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്. മുന്‍കാലത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഈ തെരഞ്ഞെടുപ്പ് പല നിലകളിലും വ്യത്യസ്തമാണ്. ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരങ്ങള്‍ നടക്കുന്നു എന്നതാണ് എടുത്തുപറയേണ്ട ഒരു വസ്തുത. തെരഞ്ഞെടുപ്പ് കാലത്ത് പല അഭിപ്രായ സര്‍വേകളും പുറത്തുവന്നെങ്കിലും വൈരുദ്ധ്യങ്ങള്‍ പ്രകടമായിരുന്ന അവയിലെ നിഗമനങ്ങള്‍ യാഥാര്‍ത്ഥ്യബോധമുള്ള വോട്ടര്‍മാര്‍ മുഖവിലക്കെടുത്തിട്ടില്ല. എല്‍ഡിഎഫിന് മുന്‍തൂക്കം പ്രവചിക്കുന്ന അഭിപ്രായ സര്‍വേകള്‍ സിപിഎമ്മിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി തയ്യാറാക്കിയതാണെന്ന ആക്ഷേപം ശക്തമാണ്. വിശ്വാസവും വികസനവും അഴിമതിയും വര്‍ഗീയ പ്രീണനവുമൊക്കെ ചര്‍ച്ചാ വിഷയമായപ്പോള്‍ ആര്‍ക്കാണ് വോട്ടു ചെയ്യേണ്ടതെന്ന ധാരണ ജനങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ട്. വിശ്വാസികളെ മുറിവേല്‍പ്പിച്ച് ശബരിമലയിലെ അനിഷ്ടകരമായ സംഭവവികാസങ്ങള്‍ക്കു പിന്നില്‍ ആരാണെന്നതും, അതിനെ ചെറുത്തു തോല്‍പ്പിച്ചത് ആരാണെന്നും ജനങ്ങള്‍ക്ക് നല്ലപോലെ അറിയാം.
വോട്ട് ലക്ഷ്യമാക്കി ചിലര്‍ ഇപ്പോള്‍ നടത്തുന്ന അവകാശവാദങ്ങളില്‍ ആത്മാര്‍ത്ഥതയില്ലെന്ന് വോട്ടര്‍മാര്‍ തിരിച്ചറിയുന്നുണ്ട്. സംസ്ഥാനം പതിറ്റാണ്ടുകളായി അനുഭവിക്കുന്ന വികസന രാഹിത്യത്തിനും അഴിമതികള്‍ക്കും ഉത്തരവാദികള്‍ ഇതുവരെ കേരളം ഭരിച്ചവരാണ് എന്ന ബോധം ഇപ്പോള്‍ ജനങ്ങള്‍ക്കുണ്ട്. ഇവരെ ഇനിയും അധികാരത്തിലേറ്റുന്നത് അബദ്ധമായിരിക്കും. അതിലൂടെ സ്വയം വഞ്ചിക്കപ്പെടുകയും കബളിപ്പിക്കപ്പെടുകയും ചെയ്യും. ഇക്കാര്യത്തില്‍ ശക്തമായ പ്രതികരണം സമ്മതിദായകരുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. നാലര ലക്ഷത്തോളം ഇരട്ട വോട്ടര്‍മാരും കള്ളവോട്ടര്മാരും ഭരണകക്ഷിയുടെ ഒത്താശയോടെ വോട്ടര്‍പ്പട്ടികയില്‍ കയറിക്കൂടിയിട്ടുള്ളത് ഗുരുതരമായ സാഹചര്യമാണ്. ഒരാള്‍ ഒന്നിലധികം വോട്ട് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്യാനുള്ള നീക്കം അണിയറയില്‍ ശക്തമാണ്. ജനവിധി മാനിപ്പുലേറ്റ് ചെയ്യാനുള്ള ഈ നീക്കത്തിനെതിരെ തികഞ്ഞ ജാഗ്രത പാലിക്കണം.
തുടര്‍ഭരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ തെരഞ്ഞെടുപ്പില്‍ സജീവമായിരുന്നെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം ആവര്‍ത്തിക്കാന്‍ ഇടതുമുന്നണിക്ക് കഴിയില്ലെന്നതാണ് യുക്തിസഹമായ വിലയിരുത്തല്‍. ഇടതുമുന്നണിക്ക് കുറവു വരുന്ന സീറ്റ് യുഡിഎഫിന് ലഭിക്കില്ലെന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യക്തമായതാണ്. ഇവിടെ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയുടെ സാധ്യതയാണ് വര്‍ധിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഒരു തൂക്കുസഭ നിലവില്‍ വന്നേക്കാം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന-ജനക്ഷേമ പദ്ധതികളുടെ പൂര്‍ണ പ്രയോജനം കേരളത്തിന് ലഭിക്കണമെന്നുണ്ടെങ്കില്‍ കേന്ദ്രവുമായി സഹകരിക്കുന്ന രാഷ്ട്രീയ ശക്തിക്ക് സംസ്ഥാനത്ത് മുന്നേറ്റമുണ്ടാവണമെന്ന് വലിയൊരു വിഭാഗം ജനങ്ങളും ചിന്തിക്കുന്നു. പരസ്പരം കോപ്പിയടിക്കുന്ന നയങ്ങളുമായാണ് ഇടതു-വലതു മുന്നണികള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബദല്‍ ശക്തിയായി എന്‍ഡിഎ സഖ്യം ഉയര്‍ന്നുവന്നിരിക്കുകയുമാണ്. ബിജെപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ സഹായഭ്യര്‍ത്ഥന നടത്തുന്നതിന്റെ സാഹചര്യം ഇതാണ്. എന്‍ഡിഎ സഖ്യത്തിന് നല്കുന്ന വോട്ട് പാഴാവില്ലെന്ന വിശ്വാസം ഇപ്പോള്‍ ജനങ്ങള്‍ക്കുണ്ട്. പുതിയ കേരളം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ അതിനായി വോട്ടു ചെയ്യണം. രാജ്യത്തോടൊപ്പം കേരളത്തിനും മുന്നേറണമെങ്കില്‍ അനുയോജ്യമായ രാഷ്ട്രീയ കാലാവസ്ഥ കേരളത്തില്‍ രൂപപ്പെടണം. ഇന്നത്തെ വിധിയെഴുത്ത് ഇത്തരമൊരു മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: