ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരാതിയില്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍ വസ്തുനിഷ്ഠമല്ലാത്തതും തെറ്റുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ഏപ്രില്‍ ഒന്നിന് നന്ദിഗ്രാമില്‍ നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ ബോയല്‍ പോളിങ് ബൂത്തില്‍ ക്രമക്കേടുകള്‍ നടന്നുവെന്നാരോപിച്ചാണ് മമത പോളിങ് ബൂത്തില്‍ ഒന്നര മണിക്കൂറോളം നാടകീയരംഗങ്ങള്‍ സൃഷ്ടിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു. മമത ഉന്നയിച്ച ഓരോ ചോദ്യങ്ങള്‍ക്കും അക്കമിട്ട് കാര്യങ്ങള്‍ വ്യക്തമാക്കിയാണ് കമ്മീഷന് മറുപടി നല്‍കിയത്.
സിസിടിവി ദൃശ്യങ്ങളും വീഡിയോകളും പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. കേന്ദ്രസേന ജനങ്ങളെ വോട്ടുചെയ്യുന്നതില്‍ നിന്നു തടഞ്ഞുവെന്നതിന് യാതൊരു തെളിവുമില്ല. നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമാണ് ബിഎസ്എഫ് ജവാന്മാര് നിന്നിരുന്നത്. ജവാന്മാരുടെ ഭാഗത്തു നിന്ന് യാതൊരു തരത്തിലുള്ള മോശം പെരുമാറ്റം ഉണ്ടായിട്ടില്ല. മമതയുടെ ആരോപണങ്ങള്‍ അസംബന്ധമാണെന്ന് കമ്മീഷന് തെളിവുസഹിതം വ്യക്തമാക്കി.
നന്ദിഗ്രാമില്‍ മമത പരാജയപ്പെടുമെന്നും അവര്‍ മത്സരിക്കുന്നതിന് മറ്റൊരു മണ്ഡലംകൂടി തേടുകയാണെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. പരാജയഭീതിമൂലമാണ് സുരക്ഷാസേനയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ മമത രംഗത്തുവരുന്നതെന്നും മോദി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: