ഇസ്ലാമിലെ സ്ത്രീ സ്വാതന്ത്ര്യവും ലൈംഗികതയും ചര്‍ച്ചചെയ്യുന്നതാണ് സജിന്‍ ബാബുവിന്റെ ബിരിയാണി. കദീജ എന്ന അമ്മയുടെ ജീവിതത്തിലൂടെ പുരോഗമിക്കുന്ന ചിത്രം ഇസ്ലാമിലെ ഭീകര സാന്നിധ്യവും ചര്‍ച്ചയാക്കുന്നു. സജിന്‍ ബാബു രചനയും സംവിധാനവും ശബ്ദ മിശ്രണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം പച്ചയായ ജീവിതമാണ് പറയുന്നത്.
സിനിമയുടെ തുടക്കരംഗം തന്നെ മലയാള സിനിമയ്ക്ക് ഇതുവരെ പരിചയമില്ലാത്ത തലത്തിലാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ലൈംഗികതയില്‍ നിന്നും ആരംഭിക്കുന്ന രംഗം. ലൈംഗികതയുടെ പശ്ചാത്തലത്തില്‍ പുലര്‍ച്ചയിലെ വാങ്ക് വിളിയുടെ ശബ്ദം. പുരുഷന്റെ പരാക്രമത്തിന് ശേഷം സ്വയം ലൈംഗികത ആസ്വദിക്കുന്ന കദീജയോട് നിന്നെ ഓസാത്തി നേരാംവണ്ണം ചേലാകര്‍മ്മം (പെണ് സുന്നത്ത്) ചെയ്യാത്തതുകൊണ്ട് നിനക്കീ ദെണ്ണമെന്ന സംഭാഷണം മുസ്ലീം സമൂഹത്തിലെ സ്ത്രീകളുടെ ലൈംഗിക അടിമത്തം വിളിച്ചുപറയുന്നു.
കദീജയുടെ സഹോദരന് കശ്മീരില്‍ പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചു എന്ന വാര്‍ത്ത ഇസ്ലാം യുവത്വത്തെ ഗ്രസിച്ചിരിക്കുന്ന ഭീകരതയുടെ മുഖം തുറന്നുകാണിക്കുന്നു. തുടര്‍ന്നുള്ള പോലീസ് അന്വേഷണവും, ഹിന്ദു മന്ത്രവാദിയുടെ സാന്നിധ്യവും കദീജയെ മൊഴിചെല്ലുന്നതിലേക്ക് എത്തിക്കുന്നു. പോലീസിന്റെ നിരന്തരമായ ശല്യപ്പെടുത്തലില്‍ നിന്നും രക്ഷനേടാന്‍ മാനസിക വിഭ്രാന്തിയുള്ള അമ്മയുമൊത്ത് കദീജ തമിഴ്നാട്ടിലെ മുസ്ലിം ദേവാലയത്തിലേക്ക്. അവിടെ എത്തുന്ന കദീജ പരിചയപ്പെടുന്നത് ഇസ്ലാമിന്റെ പേരിലുള്ള ആത്മീയ തട്ടിപ്പിന്റെ മറ്റൊരു മുഖമാണ്. അവിടെ വാങ്ക് വിളിക്കുന്ന മുല്ലാക്കയില്നിന്നും കദീജ മനസ്സിലാക്കുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ആത്മീയതയുടെ മറവില്‍ ഭീകര പ്രവര്‍ത്തനവും വ്യഭിചാരവും. ഇവിടെ തുടര്‍ന്നാല്‍ അമ്മയുടെ അസുഖം മാറില്ലെന്നും, നല്ലൊരു ഡോക്ടറുടെ സഹായമാണ് അതിനാവശ്യമെന്നും മുല്ലാക്ക പറയുമ്പോള്‍ മതങ്ങളുടെ ഇരുട്ടിലേക്ക് വീശുന്ന പ്രകാശമാണ് ആ വാക്കുകള്‍.
മുല്ലാക്കയുടെ സ്വയം ലൈംഗികാസ്വാദനം ശ്രദ്ധയില്‍പ്പെടുന്ന കദീജ നിങ്ങള്‍ക്ക് കുടുംബമില്ലേ എന്ന് തിരക്കുന്നു. ഇല്ല എന്ന മറുപടിക്ക് നിങ്ങള്‍ക്ക് നാല് കെട്ടാമല്ലോ എന്ന കദീജയുടെ ചോദ്യം. നാലുകെട്ടാം അത് പണമുള്ളവര്‍ക്ക്. പണമുെണ്ടങ്കില് നിങ്ങള്‍ക്ക് നാല് കെട്ടാം, ഞങ്ങള്‍ക്ക് അത് സാധിക്കില്ലല്ലോ. നിങ്ങള്‍ക്ക് മരിച്ചാലും സ്വര്‍ഗ്ഗത്തില്‍ ഹൂറികളെ കിട്ടും, ഞങ്ങള്‍ക്ക് അതുമില്ല എന്ന സംഭാഷണം ഇസ്ലാമിലെ അന്ധതയും പുരുഷാധിപത്യത്തെയും തുറന്നുകാട്ടുന്നു.
മുല്ലാക്കയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ വീട്ടിലെത്തുന്ന കദീജയെ ഒരു മാധ്യമ പ്രവര്‍ത്തക തിരിച്ചറിയുന്നു. അവരുടെ വാര്‍ത്തകളിലൂടെ ഭീകരവാദിയുടെ പെങ്ങളാണെന്ന് ജനങ്ങളും. യുവത്വത്തിന്റെ ആവേശത്തില്‍ ജിഹാദിനായി പുറപ്പെടുമ്പോള്‍ അവരുടെ ഉറ്റവര്‍ നാട്ടില്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ ഒറ്റപ്പെടലുകളും ചിത്രം വളരെ ഭംഗിയായി പറയുന്നു. (സിറിയയിലേക്കോ കശ്മീരിലേക്കോ ജിഹാദിനായി പുറപ്പെടും മുന്‍പ് യുവതീ യുവാക്കള്‍ ഈ ചിത്രമൊന്ന് കാണുന്നത് നല്ലതാണ്). മാധ്യമ പ്രവര്‍ത്തകയുടെ അശ്രദ്ധയില്‍ നിന്നും കദീജയുടെ അമ്മ തന്റെ മകന് മരിച്ചുവെന്ന സത്യം തിരിച്ചറിയുന്നു. തുടര്‍ന്ന് അമ്മയും മരണത്തിലേക്ക്. പിന്നെ കദീജയ്ക്ക് ജീവിക്കാന്‍ ഒരേ ഒരു മാര്‍ഗം മാത്രം, വ്യഭിചാരം. പല പേരുകളില്‍ പലയിടത്ത് അവള് ആ ജോലിചെയ്യുന്നു. ഒടുവില്‍ ആരോ ഉദരത്തില്‍ നല്കിയ കുഞ്ഞിനെ പ്രസവിക്കാന്‍ അവള് തീരുമാനിക്കുന്നു, ജോലി ഉപേക്ഷിക്കുന്നു. ഗര്‍ഭിണിയായ കദീജയ്ക്കൊപ്പം മുല്ലാക്കയും ചേരുന്നു. തന്റെ നാട്ടിലെത്തി അമ്മയുടെയും അച്ഛന്റെ അനുജന്റെ മരണാനന്തര ചടങ്ങ് നടത്തണമെന്ന കദീജയുടെ ആഗ്രഹത്തിന് മുല്ലാക്ക സമ്മതം മൂളുന്നു. എന്നാല്‍ മരണാനന്തര ചടങ്ങെന്നു പറഞ്ഞാല്‍ സമുദായം സഹകരിക്കില്ല. ഭീകരന്റെ മരണ ചടങ്ങല്ലേ. അതിനാല്‍ നോമ്പ് തുറ എന്ന പേരില്‍ അവര്‍ ആളുകളെ ക്ഷണിക്കുന്നു.
അതിനിടെ കദീജ നാട്ടിലെത്തിയ വിവരമറിയുന്ന പോലീസ് കദീജയെ ചോദ്യം ചെയ്യാനെന്ന വ്യാജേന രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നു. ലൈംഗിക ചൂഷണമാണ് ലക്ഷ്യം. ബലപ്രയോഗത്തിനിടയില്‍ അടിവയറ്റില്‍ മര്‍ദ്ദനമേല്‍ക്കുന്ന കദീജയുടെ ഗര്‍ഭം അലസുന്നു. ആശുപത്രിവാസത്തിന് ശേഷം കദീജ വീണ്ടും നോമ്പുതുറയിലേക്ക്. അവിടെ ക്ഷണിക്കപ്പെടുന്നത് സമൂഹത്തിലെ ഉന്നതര്‍ മാത്രം. പാതിരിയും പൂജാരിയും മുല്ലാക്കയും നിയമജ്ഞനും നിയമപാലകനും തുടങ്ങി സമൂഹത്തിലെ ഉന്നതര്‍. അവര്‍ക്കായി തയ്യാറാക്കുന്ന ബിരിയാണിയില്‍ തന്റെ ചാപിള്ളയെ ചേര്‍ത്ത് നല്കി അവള് മുഴുവന്‍ പുരുഷ സമൂഹത്തോടും പ്രതികാരം ചെയ്യുന്നു.
തന്നില്‍ തൃപ്തി കണ്ടെത്താനാകാത്ത ഭര്‍ത്താവിനും, തന്നെ ആര്‍ത്തിയോടെ നോക്കിയ സമൂഹത്തിനും അവള് നല്കുന്ന മധുര പ്രതികാരം. കഥാന്ത്യത്തില്‍ തന്റെ മുന്‍ ഭര്‍ത്താവുമായുള്ള ലൈംഗികതയും അവളുടെ പ്രതികാരമാണ്. ഭാര്യയോടുള്ള ലൈംഗികാധിപത്യം പരസ്ത്രീകളോടുണ്ടാകില്ല, അവിടെ പുരുഷന് അടിമയാണെന്നും സജിന്‍ ബാബു ഈ രംഗത്തിലൂടെ പറഞ്ഞ് വെയ്ക്കുന്നു.
സംഭവങ്ങളുടെ പ്രതീകവത്കരണമല്ല സജിന്‍ ബാബുവിന്റേത്. കൃത്യമായ അവതരണം. അതിന് തയ്യാറായ അഭിനേതാക്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു. ചിത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് കനി കുസൃതി എടുത്തിരിക്കുന്ന വെല്ലുവിളി പുരസ്കാരത്തില്‍ ഒതുങ്ങുന്നതല്ല. സജിന്‍ ബാബുവിനെ ദേശീയ പുരസ്കാര നിറവിലെത്തിച്ച ബിരിയാണി സംസ്ഥാന പുരസ്കാര നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടത് പ്രമേയത്തിന്റെ ചൂടുകാണ്ട് തന്നെ. കപട മതേതര മുഖങ്ങള്‍ക്ക് ഇത്തരം ചിത്രങ്ങളെ അംഗീകരിക്കാന്‍ പ്രയാസമാണല്ലോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: