കൊച്ചി: സംസ്ഥാനത്തെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതികള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 159 കോടി രൂപ. പക്ഷേ, ഈ പണം കേരളം വിതരണം ചെയ്തതിന്റെ കണക്ക് ഇനിയും കൊടുത്തിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഗോത്രകാര്യ മന്ത്രാലയമാണ് കേരളത്തിന് 159 കോടി രൂപ നല്‍കിയത്. ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കാണ് പ്രീ മെട്രിക് സഹായം. പന്ത്രണ്ടാം ക്ലാസു മുതലാണ് പോസ്റ്റ് മെട്രിക് സഹായം.
മോദി സര്‍ക്കാര്‍ 2015-16 സാമ്പത്തിക വര്‍ഷം പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് മൂന്നു കോടി രൂപ നല്കി. 2016 -17 വര്‍ഷം അത് 7.96 കോടിയാക്കി. 2018 -19 വര്‍ഷം 3.08 കോടി, 2019-20 വര്‍ഷം 2.87 കോടി. ഈ സാമ്പത്തിക വര്‍ഷം 1.16 കോടിയാണ് അനുവദിച്ചത്. പോസ്റ്റ് മെട്രിക് വിഭാഗത്തിന് 2014-15 വര്‍ഷം 6.47 കോടി രൂപ അനുവദിച്ചു. 2016-17 വര്‍ഷം അത് 31.22 കോടി രൂപയായി. 2017-18 വര്‍ഷം 27.45 കോടിയും 2019-20 വര്‍ഷം 16.41 കോടിയും അനുവദിച്ചു. ഈ വര്‍ഷം 32.85 കോടി രൂപയാണ് നല്‍കിയിട്ടുള്ളത്. വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിക്ക് ഗോത്രകാര്യ മന്ത്രാലയം നല്കിയ മറുപടിയിലാണ് വിവരങ്ങള്‍.
2014-15 മുതല്‍ 2019-20 വരെയുള്ള സ്കോളര്‍ഷിപ്പ് ഫണ്ട് സംസ്ഥാനം പൂര്‍ണ്ണമായും ചെലവഴിച്ചെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു. 2020-21 ല്‍ പോസ്റ്റ്-മെട്രിക് സ്കോളര്‍ഷിപ്പിന് അനുവദിച്ച 32.85 കോടി രൂപയുടെയും പ്രീ-മെട്രിക്കിന് നല്കിയ 1.16 കോടിയുടെയും വിനിയോഗ സര്‍ട്ടിഫിക്കറ്റ് സംസ്ഥാനം സമര്‍പ്പിക്കാനുണ്ട്.
ആദിവാസികളുടെ ഉപജീവനപ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള വിവിധ പ്രവർത്തനങ്ങൾക്ക് ഗോത്രകാര്യ മന്ത്രാലയം കേരളത്തിന് നൽകിയ 1.62 കോടി രൂപയും വിനിയോഗിച്ചിട്ടില്ല. 2016-17ൽ ഒരു കോടിയും 2017-18ൽ 62 ലക്ഷം രൂപയും കേന്ദ്രം നൽകി. 2020-21ൽ 88 ലക്ഷം രൂപയും നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: