ശ്ലോകം 306
സദൈകരൂപസ്യ ചിദാത്മനോ വിഭോ-
രാനന്ദമൂര്ത്തേരനവദ്യകീര്ത്തേഃ
നൈവാന്യഥാ ക്വാപ്യ വികാരണസ്തേ
വിനാഹമധ്യാസമമുഷ്യ സംസൃതിഃ
എപ്പോഴും ഏകരൂപനും ചിന്മൂര്‍ത്തിയും ആനന്ദ സ്വരൂപനും അനവദ്യ കീര്‍ത്തിയും അവികാരിയുമായ നിനക്ക് അഹങ്കാരവുമായുള്ള താദാത്മ്യ ഭ്രാന്തി കൊണ്ടല്ലാതെ മറ്റൊരുവിധത്തിലും സംസാരം സംഭവിക്കുകയില്ല.
ജനന മരണങ്ങളും സുഖദുഃഖങ്ങളും നിറഞ്ഞ സംസാരത്തിന് അഹങ്കാരമാണ് കാരണമായിട്ടുള്ളത്. വാസ്തവത്തില്‍ നാം ഓരോരുത്തരും എന്നും എപ്പോഴും ഏകരൂപരാണ്. ചിദാത്മാവും വിഭുവും ആനന്ദമൂര്‍ത്തിയും പുണ്യമായ യശസ്സോടുകൂടിയവരും യാതൊരു മാറ്റവും ഇല്ലാത്തവരുമാണ്. നിത്യശുദ്ധ ബുദ്ധ മുക്തസ്വരൂപനും ഉപനിഷത്തുക്കളാല്‍ കീര്ത്തിക്കപ്പെട്ടതുമാണ് ആത്മാവ്. അപ്പോള്‍ പിന്നെയെങ്ങനെ സങ്കടപ്പെടാനാകും?
ആ പരമാത്മാവ് തന്നെയാണ് നാം. അജ്ഞാനം മൂലം ഇത് വെളിപ്പെടുന്നില്ല. അതേ തുടര്‍ന്ന് ഉണ്ടാകുന്ന അഹങ്കാരവും അതില്‍ നിന്നുള്ള വിക്ഷേപങ്ങളും മൂലം ദുഃഖത്തില്‍ പെട്ടു പോകും. അഹങ്കാരം മൂലമുണ്ടാകുന്ന താദാത്മ്യ ഭ്രാന്തി സംസാരത്തിന് കാരണമാകും. അഹങ്കാര അധ്യാസത്താല് പലത് കാണലും പരിമിതമാകലും ദുഃഖവുമൊക്കെ ഉണ്ടാകും. അഹങ്കാര ശമനമാണ് നല്ല വഴി.
ശ്ലോകം 307
തസ്മാദഹങ്കാരമിമം സ്വശത്രും
ഭോക്തുര്ഗളേ കണ്ടകവത് പ്രതീതം
വിച്ഛിദ്യ വിജ്ഞാനമഹാസിനാ സ്ഫുടം
ഭുങ്ക്ഷ്വാത്മസാമ്രാജ്യ സുഖം യഥേഷ്ടം
അതിനാല്‍ ഭക്ഷണം കഴിക്കുന്നയാളുടെ തൊണ്ടയില്‍ മുള്ള് പോലെയിരിക്കുന്ന അഹങ്കാരമെന്ന ശത്രുവിനെ വിജ്ഞാനമാകുന്ന വാളുകൊണ്ട് നശിപ്പിച്ച് ആത്മ സാമ്രാജ്യ സുഖം വേണ്ടുവോളം അനുഭവിക്കണം.
തൊണ്ടയില്‍ കുടുങ്ങിയ മുള്ള് പോലെയാണ് അഹങ്കാരം.അത് നീക്കം ചെയ്തേ മതിയാകൂ. തൊണ്ടയില്‍ മുള്ള് തറച്ചാല്‍ എത്രയും വേഗം അത് പുറത്തെടുക്കണം. കുത്തിക്കുത്തിയുള്ള വേദനയും ഭക്ഷണം ഇറക്കാനാവതെ പാടുപെടുകയും ചെയ്യും. ഒന്നും കഴിക്കാനാവില്ല. തൊണ്ടയിലെ തടസ്സം നീക്കാന്‍ കീറി മുറിക്കല്‍ തന്നെ വേണ്ടിവരും. ശസ്ത്രക്രിയയിലൂടെ മുള്ള് പുറത്തെടുത്താല്‍ പിന്നെ സുഖമായി.
അതുപോലെ പരമാനന്ദം എങ്ങും വേണ്ടുവോളം കിട്ടാനുണ്ട്. എന്നാല്‍ നമ്മിലെ അഹങ്കാരം കാരണം നമുക്കത് അനുഭവിക്കാന്‍ കഴിയുന്നില്ല. ഈ അഹങ്കാരത്തെ നീക്കാന്‍ ശസ്ത്രക്രിയ തന്നെ വേണം. അനുഭവ രൂപേണയുള്ള പഞ്ച കോശവിവേകം കൊണ്ട് ഉണ്ടാകുന്ന വിജ്ഞാനമാകുന്ന മൂര്‍ച്ചയേറിയ കത്തി (വാള്) കൊണ്ടു വേണം അത് ചെയ്യാന്‍.
അഹങ്കാരത്തെ നീക്കിയാല്‍ പിന്നെ ആത്മസാമ്രാജ്യ സുഖം ലഭിക്കും. തന്നില്‍ തന്നെയുള്ള നിരന്തരവും അഖണ്ഡവുമായ ആനന്ദത്തെ ബ്രഹ്മാനന്ദത്തെ ഇഷ്ടം പോലെ അനുഭവിക്കാം. ഞാന്‍ ഈ ശരീരമാണ് എന്ന അദ്ധ്യാസത്തെ നീക്കലാണ് അഹങ്കാരത്തെ ഉന്മൂലനം ചെയ്യാനുള്ള വഴി.
അഹങ്കാരമാകുന്ന മുള്ള് തടഞ്ഞിരുന്നത് കാരണമാണ് ആനന്ദാനുഭവങ്ങള്‍ പോലും ദുഃഖകരമായിത്തീര്ന്നത്. ദേഹാഭിമാനവും അഹങ്കാരവും നീങ്ങുന്നതോടെ അതിരില്ലാത്ത ആനന്ദം അലയടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: