ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യം കോടികള്‍ മുടക്കിയുള്ള പരസ്യങ്ങളിലൂടെ ചര്‍ച്ചയാക്കി മാറ്റാന്‍ ഇടതുമുന്നണി സര്‍ക്കാരിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഈ സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണം മുന്‍നിര്‍ത്തി ഇങ്ങനെയൊരു ഉറപ്പില്‍ എത്തിച്ചേരുന്നവര്‍ ചുരുക്കമായിരിക്കും. പാര്‍ട്ടി ആസക്തിയില്ലാത്ത സിപിഎമ്മുകാര്‍ പോലും ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യത്തെ കാണുന്നത് വലിയൊരു അവകാശവാദമായി മാത്രമാണ്.
തുടര്‍ഭരണത്തിലേക്ക് നയിക്കുന്ന മികച്ച പ്രകടനമൊന്നും പിണറായി സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പാണ്. അവര്‍ നേരിട്ട് അനുഭവിച്ചിട്ടുള്ളതുമാണ്. വികസനത്തെക്കുറിച്ച് പിണറായി നടത്തുന്ന ചെടിപ്പിക്കുന്ന വാചകമടികള്‍ക്കപ്പുറം ഒന്നും സംഭവിച്ചിട്ടില്ല. അഭിമാനകരമെന്ന് വിശേഷിപ്പിച്ച് അവതരിപ്പിക്കുന്ന പദ്ധതികള്‍ക്കെല്ലാം പിന്നില്‍ നടന്നിട്ടുള്ളത് വലിയ അഴിമതികളാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. മന്ത്രിമാര്‍ക്കും പാര്‍ട്ടിക്കും നേതാക്കള്‍ക്കും കമ്മീഷണനോ കോഴയോ പാരിതോഷികമോ ലഭിക്കാനിടയില്ലാത്ത യാതൊന്നും വികസനമെന്ന പേരില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ല. കൊവിഡ് കാലത്തെ സ്പ്രിങ്കഌ വിവാദം, ലൈഫ് മിഷന് പദ്ധതി, ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി ഒപ്പുവച്ച കരാര്‍ എന്നിവ സഹസ്രകോടികളുടെ അഴിമതിക്കു വേണ്ടിയുള്ള സംയുക്ത സംരംഭങ്ങളായിരുന്നു. അഴിമതിയില്‍ വികസനവും ജനക്ഷേമവും കാണുന്നത് ജനങ്ങളുടെ സാമാന്യബോധത്തെ വെല്ലുവിളിക്കുന്ന കമ്യൂണിസ്റ്റ് ശൈലിയാണ്.
എല്‍ഡിഎഫിനോട് ആഭിമുഖ്യമില്ലാത്തവരെയും ആകര്‍ഷിക്കാനാവുമെന്ന നിലയ്ക്കാണ് തുടര്‍ഭരണം എന്ന ആശയം പിണറായി സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. യഥാര്‍ത്ഥത്തില്‍ തുടര്‍ഭരണം തെറ്റായ ഒരു കാര്യമല്ല. പക്ഷേ അഴിമതിക്കാരും സ്വേച്ഛാധിപതികളും അതിന് നേതൃത്വം നല്‍കുമ്പോഴാണ് കുഴപ്പം. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തുടര്‍ഭരണം നടത്തിയതിന്റെ ദുരന്തങ്ങള്‍ ലോകം പലയാവര്‍ത്തി കണ്ടിട്ടുള്ളതാണ്. വാക്കിലും പെരുമാറ്റത്തിലും തികഞ്ഞ ഏകാധിപതിയാണ് പിണറായി. സവിശേഷമായ കഴിവുകളൊന്നുമില്ലാത്തതിനാല് അത് മറച്ചുപിടിക്കാന്‍ താന്‍ ഏകാധിപതിയാണെന്ന് തെളിയിക്കാനുള്ള അവസരങ്ങളൊന്നും പിണറായി നഷ്ടപ്പെടുത്താറില്ല. ‘കടക്ക് പുറത്ത്’ എന്നൊക്കെയുള്ള ആക്രോശങ്ങള്‍ ഇത്തരമൊരു മാനസികാവസ്ഥയില്‍നിന്ന് വരുന്നതാണ്. ഇങ്ങനെയൊരാള്‍ക്ക് തുടര്‍ഭരണത്തിന്റെ നേതൃത്വം ലഭിക്കുന്നത് അപകടകരമായിരിക്കുമെന്ന തിരിച്ചറിവ് ഇപ്പോള്‍ ജനങ്ങള്‍ക്കുണ്ട്.
മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പിണറായി തുടര്‍ഭരണം ആഗ്രഹിക്കുന്നതില്‍ രാഷ്ട്രീയമില്ല. വ്യക്തിപരമായ താല്‍പ്പര്യങ്ങളാണുള്ളത്. കടുത്ത ആരോപണങ്ങളുയര്ന്നിരിക്കുന്ന അഴിമതിക്കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ ചെറുക്കാനും അട്ടിമറിക്കാനും അധികാരമില്ലാതെ കഴിയില്ല. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും സ്വപ്ന സുരേഷുമുള്പ്പെടുന്ന സംഘവുമായി ചേര്‍ന്ന് ചെയ്തുകൂട്ടിയിട്ടുള്ളതിന്റെ ഗുരുതരാവസ്ഥ അറിയാവുന്നതിനാല്‍ ഉറപ്പാണ് ജയില്‍ എന്നത് പിണറായിയെ ശരിക്കും ഭയപ്പെടുത്തുന്നു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതുപോലെ ഇതിനെതിരെ പിടിച്ചുനില്‍ക്കണമെങ്കിലും അധികാരം കിട്ടിയാല്‍ മാത്രം പോരാ, അതിന്റെ സമ്പൂര്‍ണ നിയന്ത്രണവും വേണം.
2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനന്ദനു പകരം മുഖ്യമന്ത്രിയാവാന്‍ പിണറായി ശ്രമിച്ചത് ഭരിക്കുക എന്നതിനുപരി താന്‍ പ്രതിയായ എസ്എന്‍സി ലാവ്ലിന് കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനായിരുന്നു. മുഖ്യമന്ത്രിയായെങ്കിലും വിജിലന്‍സ് വിഎസിന് നല്‍കാതിരുന്നതും ഇതുകൊണ്ടാണ്. വിഎസ് വിട്ടുവീഴ്ച ചെയ്യാതിരുന്നതുകൊണ്ടാണ് ലാവ്ലിന് കേസ് അട്ടിമറിക്കാന്‍ അന്ന് പിണറായിക്ക് കഴിയാതിരുന്നത്.
പ്രതീക്ഷിച്ചതുപോലെ തന്നെ പിണറായി മുഖ്യമന്ത്രിയായപ്പോള്‍ ലാവ്ലിന് കേസില്‍നിന്ന് ഒഴിവാക്കപ്പെട്ടു. ഇതേ രീതിയില്‍ തന്നെയാണ് സ്വര്‍ണ കള്ളക്കടത്ത്, ലൈഫ് മിഷന് അഴിമതി കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം ചെറുക്കാനും അട്ടിമറിക്കാനും പിണറായി ശ്രമിക്കുന്നത്. അഴിമതികള്‍ നടത്തുന്നതിലും, അത് ഒതുക്കുന്നതിലും പിണറായിക്ക് തന്റേതായ ശൈലിയുണ്ട്. ലാവ്ലിന് കാലത്തുനിന്ന് ലൈഫ് മിഷനിലെത്തുമ്പോഴും ഇതിനുയാതൊരു മാറ്റവുമില്ല.
സിപിഎമ്മിന്റെയോ എല്‍ഡിഎഫിന്റെയോ ആവശ്യമെന്നതിനുപരി ഒരു തുടര്‍ഭരണം വേണ്ടത് പിണറായി വിജയനാണ്. കാരണം അധികാരമില്ലാതെ നിലനില്ക്കാന് ഇനിയുള്ള കാലം പിണറായിക്കാവില്ല. ഇവിടെയാണ് വിഎസും വിജയനും തീര്‍ത്തും വ്യത്യസ്തരാവുന്നത്. ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുന്നത് യുഡിഎഫാണെങ്കിലും പിണറായി അത് ഒരു പ്രശ്നമായി കാണുന്നില്ല.
ലാവ്ലിന് കേസില്‍നിന്നും ടിപി വധക്കേസില്‍നിന്നും പിണറായി രക്ഷപ്പെട്ടു പോന്നത് കോണ്‍ഗ്രസ്സിന്റെ സഹായത്തോടെയാണ്. ദേശീയതലത്തില്‍ സഖ്യമുണ്ടാക്കുകയും, വിവിധ സംസ്ഥാനങ്ങളില്‍ മുന്നണിയായി മത്സരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ് കേരളത്തില്‍ തെരഞ്ഞെടുപ്പ് കാലത്തൊഴികെ പിണറായിയെ സംരക്ഷിക്കാന്‍ ബാധ്യസ്ഥമാണ്. അവിടെ ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും കെ.സുധാകരന്റെയുമൊക്കെ എതിര്‍പ്പുകള്‍ക്ക് യാതൊരു വിലയുമില്ല. രാഷ്ട്രീയ പ്രതിയോഗികളെ പരനാറിയെന്നും നികൃഷ്ട ജീവിയെന്നുമൊക്കെ വിളിക്കുകയും, അത് ശരിയാണെന്ന് ശഠിക്കുകയും ചെയ്യുന്ന പിണറായി, ജോയ്സ് ജോര്‍ജിന്റെ വിവാദ പരാമര്‍ശത്തോട് പ്രതികരിക്കുമ്പോള്‍ രാഹുലിനെ വ്യക്തിപരമായി വിമര്‍ശിക്കുന്ന നിലപാട് തനിക്കില്ലെന്ന് പ്രഖ്യാപിച്ചതിന്റെ രഹസ്യം ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പിണറായി അപ്രതീക്ഷിതമായി നടത്തിയ വെട്ടിനിരത്തല്‍ എന്തുകൊണ്ടാണെന്ന് പലര്‍ക്കും പിടികിട്ടിയില്ല. എല്‍ഡിഎഫ് വിജയിക്കുകയാണെങ്കില്‍ അതിന്റെ അവകാശി താന്‍ മാത്രമാണെന്നു വരുത്തുക. മുന്നണി തോല്‍ക്കുകയും, പാര്‍ട്ടിയിലെ പ്രതിയോഗികളും പ്രതിയോഗികളാവാന്‍ സാധ്യതയുള്ളവരും ജയിക്കുകയും ചെയ്യുന്നത് ഒഴിവാക്കുക. ബിജെപി-എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തെ ആശ്രയിച്ച് സര്‍ക്കാരുണ്ടാക്കാന്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരിക്കുകയോ, കേവലഭൂരിപക്ഷ മാത്രം ലഭിക്കുകയോ ചെയ്യുന്ന സ്ഥിതി വന്നാല്‍ പാര്‍ട്ടിയില്‍ തനിക്കെതിരെ തിരിയാന്‍ ശേഷിയുള്ളവര്‍ എംഎല്‍എമാര്‍ ആകാതിരിക്കുക. ഇതൊക്കെയാണ് പിണറായി ലക്ഷ്യം വയ്ക്കുന്നത്.
സീറ്റ് നിഷേധിക്കപ്പെട്ട ജി. സുധാകരനെക്കാളും ഇ.പി. ജയരാജനെക്കാളും പിണറായി വിശ്വസിക്കുന്നത് കോണ്‍ഗ്രസ്സിലെ കെ. മുരളീധരനെയാണ്. മുരളീധരന് നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായത് കോണ്‍ഗ്രസ്സിന്റെ തീരുമാനപ്രകാരമാണെങ്കിലും അതില്‍ പിണറായിയുടെ കയ്യുണ്ട്. മുന്‍പ് സിപിഎമ്മിന്റെ വോട്ടുകൊണ്ട് വട്ടിയൂര്‍ക്കാവില്‍നിന്ന് കുമ്മനം രാജശേഖരനെതിരെ മുരളീധരന് ജയിച്ചു കയറിയതും പിണറായിയുടെ സഹായത്താലാണ്. പിണറായിക്കുവേണ്ടി നേമത്ത് തോറ്റുകൊടുക്കാനും മുരളീധരന് ഒരുക്കമാണ്. യുഡിഎഫ് തോല്‍ക്കുകയും മുരളീധരന് ജയിക്കുകയും ചെയ്താല്‍ കോണ്‍ഗ്രസ്സ് വിട്ട് പിണറായിക്കൊപ്പം പോകില്ലെന്നതിന് ഒരുറപ്പുമില്ല.
പിണറായിക്ക് ഇപ്പോള്‍ പാര്‍ട്ടിയെന്നത് താന്‍ തന്നെയാണ്. സിപിഎം എന്ന ‘ദേശീയ പാര്‍ട്ടി’ ഫലത്തില്‍ ഇപ്പോഴുള്ളത് കേരളത്തില്‍ മാത്രമാണല്ലോ. അഖിലേന്ത്യാ പാര്‍ട്ടി നിലനില്ക്കുന്നതും കേരളത്തെ ആശ്രയിച്ചാണ്. ഇതിനും പിണറായി കനിയണം. ഈ ‘അഖിലേന്ത്യാ സംവിധാനം’ അധികകാലം നിലനില്‍ക്കില്ലെന്നും, കോണ്‍ഗ്രസ്സിന്റെ ചുവന്ന വാല് ആയി മാറിയിരിക്കുന്ന അതിന്റെ ചലനം അധികം വൈകാതെ നിലയ്ക്കുമെന്നും പിണറായിക്ക് നല്ലപോലെ അറിയാം. അപ്പോള്‍ പിന്നെ എന്തിനാണ് യെച്ചൂരിക്കുവേണ്ടി താന്‍ ഇങ്ങനെ ഒരു അധികഭാരം ചുമക്കുന്നത്? ഈ ചിന്തയാണ് പിണറായിയെ നയിക്കുന്നത്. തനിക്ക് അവസാന വാക്കു പറയാന്‍ കഴിയുന്ന, തന്റെ മാത്രം തീരുമാനങ്ങള്‍ നടപ്പാകുന്ന ഒരു പ്രാദേശിക പാര്‍ട്ടി സംവിധാനമാണ് പിണറായിയുടെ മനസ്സില്‍. തോമസ് ഐസക്കുമാര്ക്ക് അതില്‍ സ്ഥാനമുണ്ടായിരിക്കില്ല. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്ന് അവധിയെടുക്കാനുള്ള ഐസക്കിന്റെ ആഗ്രഹവും, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന ഇ.പി. ജയരാജന്റെ പ്രഖ്യാപനവും പിണറായിയുടെ അജണ്ട മനസ്സിലാക്കിയാണ്.
ദേശീയതലത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും മുഖ്യ എതിരാളിയായി കാണുന്നത് ബിജെപിയെയാണ്. കേരളത്തിലും ഇക്കാര്യത്തില്‍ രണ്ടു പാര്‍ട്ടികള്‍ക്കും ഒരേമനസ്സാണ്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും തെരഞ്ഞെടുപ്പ് കാലത്തെ എതിര്‍പ്പ് പരസ്പര ധാരണയോടെ സൃഷ്ടിക്കുന്ന പുകമറ മാത്രം. ബിജെപിയുടെ മുന്നേറ്റം തടയാനെന്ന പേരില്‍ എല്‍ഡിഎഫും യുഡിഎഫും ഒന്നിക്കുന്ന കാലം വിദൂരമല്ല. ഇങ്ങനെയൊരു സാധ്യത പിണറായിയും മുന്നില്‍ കാണുന്നുണ്ട്. തെരഞ്ഞെടുപ്പിനുശേഷം പിണറായി കോണ്ഗ്രസ്സുമായിട്ടോ, അതിലെ ഒരു വിഭാഗവുമായോ കൂട്ടുചേര്‍ന്നാല്‍ എതിര്‍ക്കാന്‍ സിപിഎമ്മിനോ കോണ്‍ഗ്രസ്സിനോ ധാര്‍മികാവകാശമില്ല. ഇത്തരമൊരു കൂട്ടുകെട്ടിന്റെ ദല്ലാളുകളായി കെ. മുരളീധരനെപ്പോലുള്ളവര്‍ രംഗത്തുവരികയും ചെയ്യും.
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുക എല്‍ഡിഎഫോ യുഡിഎഫോ എന്നതിനേക്കാള്‍ പലരും ഉറ്റുനോക്കുന്നത് ബിജെപി എത്ര സീറ്റു നേടും എന്നതാണ്. ജനവിധി എന്തായിരുന്നാലും കേരള രാഷ്ട്രീയത്തിന്റെ ഭാവി ബിജെപിയെ കേന്ദ്രീകരിച്ചായിരിക്കുമെന്ന് ഉറപ്പാണ്. അതുമാത്രമാണ് ഉറപ്പുള്ള കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: